Connect with us

International

27 വര്‍ഷത്തെ ദാമ്പത്യം ഔദ്യോഗികമായി അവസാനിപ്പിച്ച് ബില്‍ ഗേറ്റ്സും മെലിന്‍ഡയും

Published

|

Last Updated

ന്യൂയോര്‍ക്ക് | മൈക്രോസോഫ്റ്റ് സഹ സ്ഥാപകനും ലോകസമ്പന്നരില്‍ നാലാം സ്ഥാനക്കാരനുമായ ബില്‍ ഗേറ്റ്സും ഭാര്യ മെലിന്‍ഡയും 27 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. വാഷിങ്ടണ്‍ കിങ് കൗണ്ടിയിലെ ജഡ്ജിയാണ് ഇതു സംബന്ധിച്ച് അവസാന വിധി പ്രഖ്യാപിച്ചത്. മെയ് മാസത്തിലാണ് വിവാഹമോചനം സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നത്. ബില്‍ ഗേറ്റ്സിന്റെ ആസ്തി 13,050 കോടി ഡോളര്‍ (9.65 ലക്ഷം കോടി രൂപ) ആണ്. വിവാഹ മോചന കരാര്‍ അനുസരിച്ച് ഇരുവരും സ്വത്തുക്കള്‍ പങ്കുവയ്ക്കണം. 2021 മെയ് തുടക്കത്തില്‍ ബില്‍ ഗേറ്റ്സ് 300 കോടി ഡോളര്‍ വിലമതിക്കുന്ന ഓഹരി വിഹിതം മെലിന്‍ഡയ്ക്ക് കൈമാറിയിട്ടുണ്ട്. സ്വത്ത് വിഭജിച്ചു കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും ധനികരായ വനിതകളില്‍ ഒരാളാകും മെലിന്‍ഡ.

ലോകത്തെ ഏറ്റവും വലിയ സ്വകാര്യ ചാരിറ്റി പ്രസ്ഥാനമായ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ കോ-ചെയര്‍ കൂടിയാണ് ബിസിനസുകാരിയായ മെലിന്‍ഡ. മൂന്ന് മക്കളില്‍ ഏറ്റവും ഇളയവള്‍ക്ക് 18 വയസ് പൂര്‍ത്തിയായിട്ടുണ്ട്. വിവാഹമോചിതരായെങ്കിലും ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷനിലൂടെ തുടര്‍ന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്.

Latest