Connect with us

Kerala

കുഞ്ഞാലിക്കുട്ടി വ്യാപകമായി കള്ളപ്പണം വെളുപ്പിച്ചു: കെ ടി ജലീല്‍

Published

|

Last Updated

തിരുവനന്തപുരം | പ്രതിപക്ഷ ഉപനേതാവും ലീഗ് നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി വ്യാപകമായി കള്ളപ്പണം വെളുപ്പിച്ചെന്ന് കെ ടി ജലീല്‍ എം എല്‍ എ. ലീഗിനേയും ലീഗ് സ്ഥാപനങ്ങളേയും ഇതിനായി ഉപയോഗിച്ചു. ഇബ്രാഹീംകുഞ്ഞ് വഴി കള്ളപ്പണം വെളുപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചു. കുഞ്ഞാലിക്കുട്ടിയുടേയും മകന്റേയും സാമ്പത്തിക സ്രോതസ്സുകള്‍ ദുരൂഹമാണെന്നും ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ചന്ദ്രികയിലെ കള്ളപ്പണ നിക്ഷേപ കേസില്‍ ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു. പാണക്കാട് എത്തിയാണ് ചോദ്യം ചെയ്തത്. രണ്ട് തവണ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് മറുപടിയും നല്‍കി. തുടര്‍ന്നാണ് ഇ ഡി പാണക്കാട് എത്തി ചോദ്യം ചെയ്തത്. കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലെത്തിയ ഇ ഡി സംഘം സ്വകാര്യ വാഹനത്തിലാണ് പാണക്കാട് എത്തിയത്. ഈ ചോദ്യം ചെയ്യല്‍ പാണക്കാട് തങ്ങള്‍ക്ക് വലിയ മാനസിക പ്രയാസമുണ്ടാക്കി. പാര്‍ട്ടിയിലെ ചിലര്‍ ചെയ്യുന്ന തെറ്റിന് അദ്ദേഹത്തിന് ഇ ഡിക്ക് മുമ്പില്‍ വിശദീകരണം നല്‍കേണ്ടി വന്നു. ചോദ്യം ചെയ്യലിനായി പാണക്കാട് ഹൈദരി തങ്ങള്‍ക്ക് ഇ ഡി നോട്ടാസ് അയച്ചെന്നും ജലീല്‍ പറഞ്ഞു. ഈ നോട്ടീസും ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.

തങ്ങളെ മറയാക്കി കുറേക്കാലമായി കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മാഫിയ പ്രവര്‍ത്തനം നടക്കുന്നു. ഇതിനെതിരായ വികാരം ലീഗില്‍ ഇപ്പോള്‍ ശക്തിപ്പെടുകയാണ്. ഇനിയെങ്കിലും ലീഗ് അണികള്‍ കുഞ്ഞാലിക്കുട്ടിയെ തിരിച്ചറിയണം. ആരാധനാലയങ്ങള്‍ പോലും കള്ളപ്പണം വെളുപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതാക്കള്‍ ഉപയോഗപ്പെടുത്തി.

മലപ്പുറത്തെ ചില സഹകരണ ബേങ്കുകളില്‍ ലീഗ് നേതാക്കള്‍ വ്യാപകമായി കള്ളപ്പണം നിക്ഷേപിച്ചു. ഇതുകൊണ്ടാണ് കേരള ബേങ്കില്‍ ലയിക്കുന്നതില്‍ നിന്ന് ഇവര്‍ വിട്ടുനില്‍ക്കുന്നതെന്നും ജലീല്‍ ആരോപിച്ചു. എ ആര്‍ നഗര്‍ ബേങ്കില്‍ കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണ നിക്ഷേപമുണ്ട്. എ ആര്‍ നഗര്‍ ബേങ്കില്‍ നിന്ന് 110 കോടി ഇ ഡികണ്ടുകെട്ടിയെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.