Kerala
ഞായര്‍ ഒഴികെ ദിവസങ്ങളില്‍ കടകള്‍ തുറക്കാം, ശനിയാഴ്ചകളില്‍ ലോക്ഡൗണ്‍ ഇല്ല;പ്രഖ്യാപനം നാളെ
 
		
      																					
              
              
            തിരുവനന്തപുരം |സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോകോളില്‍ മാറ്റം വരുത്താനും നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്താനും കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനം. അടുത്തയാഴ്ച മുതല്‍ ശനിയാഴ്ചത്തെ വാരാന്ത്യ ലോക്ഡൗണ്‍ ഒഴിവാക്കി. ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ തുടരും. ഞായര്‍ ഒഴികെ എല്ലാ ദിവസങ്ങളിലും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും അനുമതി നല്‍കി.ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നിയമസഭയില്‍ നടത്തും.
ടിപിആര്‍ അനുസരിച്ചുള്ള നിബന്ധനകള്‍ ഒഴിവാക്കുമെന്നും സൂചനയുണ്ട്. ഒരാഴ്ച റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണം പരിഗണിച്ചാവും മേഖല തിരിച്ചുള്ള നിയന്ത്രണങ്ങള്‍. രോഗബാധിതര്‍ കുറവുള്ള ഇടങ്ങളില്‍ ഇളവ് അനുവദിക്കും.
സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള ലോക്ക്ഡൗണ്‍ നിബന്ധനകള്‍ അശാസ്ത്രീയമാണെന്നായിരുന്നു വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഉദ്യോഗസ്ഥ നിര്‍ദ്ദേശങ്ങള്‍ പ്രായോഗികമായില്ലെന്നും ലോക്ഡൗണ്‍ തുടര്‍ന്നിട്ടും വ്യാപനം കുറഞ്ഞില്ലെന്നും അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ മാറ്റം വേണമോ എന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യുന്നത്.
വാരാന്ത്യ ലോക് ഡൗണ്‍ ഞായറാഴ്ച്ച മാത്രമായി പരിമിതപ്പെടുത്താനായിരുന്നു ചീഫ് സെക്രട്ടറി തല ശിപാര്‍ശ. മറ്റൊന്ന് ആഴ്ച്ചയിലെ 6 ദിവസവും കടകള്‍ തുറക്കാം എന്നതാണ്. കടകളുടെ പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കാനും ശിപാര്‍ശയില്‍ പറയുന്നു.
ടിപിആര്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി പകരം രോഗികളുടെ എണ്ണം നോക്കിയുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരും. രോഗികള്‍ കൂടുതലുള്ള പ്രദേശങ്ങള്‍ കണ്ടയിന്‍മെന്റ് സോണുകളായി തിരിച്ച് അടച്ചിടല്‍ നടപ്പാക്കും. പ്രതിദിനം രണ്ട് ലക്ഷം പരിശോധനകള്‍ നടത്തണമെന്നും ശുപാര്‍ശയില്‍ പറയുന്നു.ഓണത്തിന് ഇളവുകള്‍ അനുവദിക്കുന്നതും സര്‍ക്കാര്‍ പരിഗണനയിലുണ്ട്.
ടിപിആര്‍ അടിസ്ഥാനത്തിലുള്ള നിയന്ത്രങ്ങള്‍ മാറ്റി മൈക്രോ കണ്ടയ്ന്‍മെന്റ് സോണുകള്‍ രൂപീകരിച്ച് പ്രതിരോധം നടപ്പാക്കാനാണ് വിദഗ്ധ സമിതി ശിപാര്‍ശ. ടിപിആര്‍ പത്തില്‍ കൂടുതലുള്ള പ്രദേശങ്ങള്‍ മൈക്രോ കണ്ടയന്‍മെന്റ് സോണായി തിരിച്ച് അടച്ചിടല്‍ നടപ്പാക്കിയേക്കും

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


