Connect with us

National

പോലീസ് കസ്റ്റഡിയില്‍ ആഫ്രിക്കന്‍ വംശജന്റെ മരണം; ബെംഗളൂരുവില്‍ പ്രതിഷേധം

Published

|

Last Updated

ബെംഗളൂരു |  പോലീസ് കസ്റ്റഡിയിലിരിക്കെ ബെംഗളൂരുവില്‍ കോംഗോ സ്വദേശി മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധം. ലഹരിമരുന്ന് കേസില്‍ ജെ സി നഗര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത കോംഗോ സ്വദേശി 27-കാരന്‍ ജോണ്‍ ജോയലാണ് മരിച്ചത്. ജോയലിന്റേത് പോലീസിന്റെ വംശീയ കൊലയാണെന്ന് ആരോപിച്ച് ആഫ്രിക്കന്‍ വംശജര്‍ ജെ സി നഗര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. ഇവരെ പിന്തിരിപ്പിക്കാനുള്ള പോലീസ് ശ്രമത്തിനിടെ ഏറ്റുമുട്ടലുണ്ടായി.

ജോണ്‍ ജോയല്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ഹൃദയാഘാതം എന്നാണ് ജോയലിന്റെ സുഹൃത്തുക്കളെ പോലീസ് അറിയിച്ചത്. നെഞ്ച് വേദനയുണ്ടായ ഉടന്‍ ജോയലിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ കമല്‍ പന്ത് പറഞ്ഞു.

എന്നാല്‍ ജോയലിനെ കസ്റ്റഡിയില്‍വെച്ച് പോലീസ് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ ആഫ്രിക്കന്‍ എംബസി വിശദീകരണം തേടിയിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷനും അന്വേഷണം തുടങ്ങി.

പായ്ക്കറ്റ് മയക്കുമരുന്നുമായി ഞാറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ജോയല്‍ പിടിയിലായത്. ജോണിനൊപ്പം എത്തിയ രണ്ട് പേര്‍ ബൈക്കില്‍ രക്ഷപ്പെട്ടിരുന്നു എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.