Connect with us

International

ബ്രസീലില്‍ വോട്ടിംഗ് സമ്പ്രദായത്തില്‍ മാറ്റം വേണം; ആവശ്യവുമായി ബോല്‍സനാരോ അനുകൂലികള്‍

Published

|

Last Updated

ബ്രസീലിയ | ബ്രസീലിലെ ഇലക്ട്രോണിക് വോട്ടിംഗ് സമ്പ്രദായത്തില്‍ മാറ്റം വേണമെന്ന ആവശ്യവുമായി പ്രസിഡന്റ് ബോല്‍സനാരോയുടെ അനുകൂലികള്‍. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഈ ആവശ്യവുമായി പ്രകടനങ്ങള്‍ നടന്നു. വോട്ടിംഗ് സമ്പ്രദായം വിശ്വാസ യോഗ്യമല്ലെന്നാണ് തീവ്ര വലതുപക്ഷ രാഷ്ട്രീയം മുന്നോട്ട് വക്കുന്ന ബോല്‍സനാരോയുടെ അഭിപ്രായം. അച്ചടി ബാലറ്റ് ഉപയോഗിക്കണമെന്ന ആവശ്യമാണ് അദ്ദേഹം ഉയര്‍ത്തുന്നത്.

ജനാധിപത്യപരവും സുതാര്യവുമല്ലെങ്കില്‍ അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടത്തില്ലെന്ന് പ്രക്ഷോഭകരെ അഭിസംബോധന ചെയ്തുള്ള വീഡിയോ സന്ദേശത്തില്‍ ബോല്‍സനാരോ മുന്നറിയിപ്പ് നല്‍കി. ഇലക്ട്രോണിക് വോട്ടിംഗ് സുരക്ഷിതമാണെന്നും ഓഡിറ്റ് ചെയ്യാന്‍ കഴിയുന്നതാണെന്നും ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് കള്ളമാണെന്നും ബോല്‍സനാരോ പറഞ്ഞു.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ തട്ടിപ്പിന് അവസരം നല്‍കുന്നുവെന്ന് ബോല്‍സനാരോ നിരന്തരം ആരോപിക്കുന്നുണ്ടെങ്കിലും അത് തെളിയിക്കാന്‍ ഇതുവരെ അദ്ദേഹത്തിനായിട്ടില്ല. ബ്രസീലിലെ ഉന്നത തിരഞ്ഞെടുപ്പ് കോടതിയും സുപ്രീം കോടതിയും ബോല്‍സനാരോയുടെ വാദങ്ങള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. 2022 ല്‍ തിരഞ്ഞെടുപ്പ് പരാജയമുണ്ടായാല്‍ അത് അംഗീകരിക്കാതിരിക്കാന്‍ ആളുകളില്‍ തിരഞ്ഞെടുപ്പ് രീതികളെക്കുറിച്ച് സംശയം ഉണ്ടാക്കുകയാണെന്ന് അദ്ദേഹത്തിന്റെ വിമര്‍ശകര്‍ ആരോപിച്ചു. കൊവിഡ് നേരിടുന്നതിലെ വീഴ്ചകള്‍ ബോല്‍സനാരോയുടെ പ്രതിച്ഛായക്ക് ഇടിവുണ്ടാക്കിയിട്ടുണ്ടെന്ന് അടുത്തു നടന്ന അഭിപ്രായ സര്‍വേകള്‍ ചൂണ്ടിക്കാട്ടുന്നു.