Kerala
കള്ളനോട്ടടി ആവര്‍ത്തിക്കുന്നു; മൂകസാക്ഷികളായി കേന്ദ്ര ഏജൻസികൾ; ബി ജെ പിയില്‍ വീണ്ടും പ്രതിസന്ധി

കോഴിക്കോട് | രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന കൊടും സാമ്പത്തിക കുറ്റകൃത്യമായ കള്ളനോട്ടടി ഒരേ പ്രതികള്‍ തന്നെ ആവര്‍ത്തിച്ചിട്ടും ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കു പ്രതികളെ തളക്കാന്‍ കഴിയാത്തത് എന്തുകൊണ്ടെന്ന് ചോദ്യമുയരുന്നു. കള്ളനോട്ടു കടത്തുന്നതിനിടെ ബി ജെ പി പ്രവര്‍ത്തകരായ കൊടുങ്ങല്ലൂര്‍ സ്വദേശികളായ രാകേഷ് , സജീവ് എന്നിവര്‍ ബംഗലൂരുവില്‍ നിന്ന് വീണ്ടും പിടിയിലായതോടെ കേരളത്തിലെ ബി ജെ പിയില്‍ ഈ വിഷയം പുകയാന്‍ തുടങ്ങി.
കേരളത്തില്‍ ഹവാല പണമിടപാടില്‍ പെട്ട് ബി ജെ പി നട്ടം തിരിയുകയാണ്. തദ്ദേശ ഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോടികളുടെ ഹവാലാ പണം ബി ജെ പിക്കു വേണ്ടി കേരളത്തിലേക്ക് ഒഴുകിയെത്തിയത് കര്‍ണാടകയില്‍ നിന്നാണ്. കള്ളപ്പണക്കടത്തും കള്ളനോട്ടടിയും തമ്മില്‍ ബന്ധമുണ്ടോ എന്ന ചോദ്യം ബി ജെ പിക്ക് ഉള്ളില്‍ നിന്നു തന്നെ ഉയരുന്നുണ്ട്. ബി ജെ പി നേതൃ നിരയില്‍ എത്തി കുറഞ്ഞകാലംകൊണ്ട് സമ്പന്നമായ ജീവിതം നയിക്കുന്ന പലരേയും മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്.
പലതവണ പിടിയിലായിട്ടും കൊടുങ്ങല്ലൂര്‍ സംഘം എങ്ങിനെ വീണ്ടും ഈ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു എന്ന ചോദ്യമാണ് ഉയരുന്നത്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നിയമങ്ങള്‍ ഈ കുറ്റവാളികള്‍ക്കെതിരെ ചുമത്തുന്നതില്‍ നിന്ന് ആരാണ് കേന്ദ്ര ഏജന്‍സികളെ തടയുന്നത് എന്നാണ് ബി ജെ പിക്കുള്ളില്‍ മുഴങ്ങുന്ന ചോദ്യം.
കള്ളനോട്ട് കേസില്‍ നേരത്തെ മൂന്നു തവണ രാകേഷ് അറസ്റ്റിലായിട്ടുണ്ട്. യുവമോര്‍ച്ച ശ്രീനാരായണപുരം കിഴക്കന്‍ മേഖല കമ്മിറ്റി പ്രസിഡന്റും ബി ജെ പി ബൂത്ത് പ്രസിഡന്റുമായും പ്രവര്‍ത്തിച്ച രാകേഷ് ബി ജെ പിയുടെ പ്രമുഖ നേതാക്കളുമായി വലിയ അടുപ്പം സൂക്ഷിച്ചിരുന്നു. നോട്ട് നിരോധന സമയത്ത് ജനങ്ങള്‍ ദുരിതം സഹിക്കുമ്പോഴായിരുണ് ബി ജെ പി നേതാവായ രാകേഷിനെ ആദ്യമായി അറസ്റ്റ് ചെയ്തത്. അന്ന് നോട്ടടിക്കുന്ന ഉപകരണങ്ങളും ഇയാളുടെ വീട്ടില്‍ നിന്നു കണ്ടെത്തിയിരുന്നു.
ബംഗളുരുവില്‍ പിടിയിലാകുമ്പോള്‍ ഇവരില്‍നിന്ന് 1.65 ലക്ഷം രൂപയുടെ കള്ളനോട്ട് കണ്ടെടുത്തിട്ടുണ്ട്. കള്ളനോട്ട് അടിച്ചതിന് നേരത്തെ ബി ജെ പി പ്രവര്‍ത്തകനായ ജിത്തു പിടിയിലായിരുന്നു. ജിത്തുവിനെ പിടികൂടിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തത്.
കള്ളനോട്ടടി സംഘത്തിലെ പ്രധാനിയാണ് രാകേഷ്. അന്തിക്കാട് പോലീസാണ് അവസാനമായി രാകേഷിനെ അറസ്റ്റ് ചെയ്തത്. കൈവശമുണ്ടായിരുന്ന 40 ലക്ഷത്തിന്റെ കള്ളനോട്ട് വിതരണം ചെയ്യാന്‍ പോകുന്നതിനിടെ രാകേഷിന്റെ സഹായികളെ പൊലീസ് പിടികൂടുകയായിരുന്നു. ഇവരുടെ വീട് റെയ്ഡ് ചെയ്ത് 13.46 ലക്ഷം രൂപയുടെ കള്ളനോട്ടും കണ്ടെടുത്തു. 2017ല്‍ തൃശൂര്‍ മതിലകത്തുനിന്നാണ് രാകേഷ് ആദ്യമായി കള്ളനോട്ടുമായി പിടിയിലായത്. രണ്ടാമത്തെ തവണ കോഴിക്കോട് കൊടുവള്ളിയില്‍വെച്ചും അറസ്റ്റിലായിരുന്നു.
കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കി സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കാന്‍ നോട്ടുനിരോധനം ഏര്‍പ്പെടുത്തിയ പാര്‍ട്ടിയുടെ തണലിലില്ലാതെ ഈ കുറ്റകൃത്യം ഇങ്ങനെ തുടരാനാവില്ല എന്നാണ് പാര്‍ട്ടിയില്‍ നിന്നു തന്നെ ഉയരുന്ന ആരോപണം. രാജ്യ ദ്രോഹികള്‍ക്കു സംരക്ഷണം സംരക്ഷണം നല്‍കുന്നത് ആരാണെന്നു വ്യക്തമാകണമെന്നാണ് പാര്‍ട്ടിയില്‍ ഉയരുന്ന ആവശ്യം. കള്ളപ്പണ ഇടപാടില്‍ പ്രതിച്ഛായ തകര്‍ന്നതോടെ പാര്‍ട്ടിക്ക് ഇത്തരം ഇടപാടുകളില്‍ ബന്ധമില്ലെന്ന നേതൃത്വത്തിന്റെ മറുപടികളെ അണികളും പ്രവര്‍ത്തകരും മുഖവിലക്കെടുക്കുന്നില്ല.