Connect with us

Editorial

പ്രവാസികളുടെ മടക്കയാത്രക്ക് വഴിയൊരുക്കണം

Published

|

Last Updated

കൊവിഡ് പ്രതിസന്ധിയിൽ നാട്ടിൽ കുടുങ്ങിയ ലക്ഷക്കണക്കിനു കേരളീയ പ്രവാസികളുടെ തിരിച്ചുപോക്ക് പ്രതിസന്ധിയിലാണ്. രോഗവ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ- 2020 മാർച്ചിനു ശേഷം പതിനഞ്ചര ലക്ഷത്തോളം പ്രവാസികൾ നാടണഞ്ഞുവെന്നാണ് കണക്കാക്കപ്പെടുന്നത്. പിന്നീടുണ്ടായ യാത്രാവിലക്കു കാരണം ഇവരിൽ നല്ലൊരു വിഭാഗത്തിനും മടങ്ങാനായിട്ടില്ല. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലടക്കം ജോലി ചെയ്യുന്ന പലർക്കും അവധിക്കു തിരിച്ചെത്താത്തതിനെ തുടർന്നു പിരിച്ചുവിടലിനു മുമ്പുള്ള നോട്ടീസ് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. വിസാ കാലാവധി തീർന്നതോടെ തൊഴിൽ നഷ്ടമായവരും നിരവധി. ഗൾഫ് രാജ്യങ്ങളിൽ ഖത്വറിലേക്കും ബഹ്‌റൈനിലേക്കും മാത്രമാണ് നിലവിൽ യാത്രാനുമതിയുള്ളത്. മലയാളികൾ ഏറ്റവും കൂടുതലുള്ള സഊദി, യു എ ഇ, ഒമാൻ, കുവൈത്ത് അടക്കമുള്ള രാജ്യങ്ങളിൽ അനുമതിയില്ല. ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് വിമാന സർവീസ് ഉണ്ടായിരുന്നു നാല് മാസം മുമ്പ് വരെ. സഊദി അറേബ്യയിലെ ഇന്ത്യൻ പ്രവാസികൾ ഇത് ഉപയോഗപ്പെടുത്തി യു എ ഇയിലെത്തുകയും അവിടെ ഒരാഴ്ച സമ്പർക്ക വിലക്കിൽ കഴിഞ്ഞ ശേഷം സഊദിയിലേക്ക് യാത്ര തിരിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഏപ്രിൽ മുതൽ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കയാണ് യു എ ഇ.

കൊവിഡ് രണ്ടാം തരംഗവും വൈറസിന്റെ ഡെൽറ്റ വകഭേദവും വന്നതോടെയാണ് പല രാജ്യങ്ങളും പൂർണ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് ആഗസ്റ്റ് രണ്ട് വരെ സർവീസ് ഉണ്ടാകില്ലെന്ന് ഇത്തിഹാദ് എയർവേയ്‌സിൽ നിന്ന് അറിയിപ്പ് വന്നിട്ടുമുണ്ട്. വിമാന വിലക്ക് ഇനിയും ദീർഘിപ്പിച്ചേക്കാമെന്നും അറിയിപ്പിൽ സൂചനയുണ്ട്. നേരത്തേ ജൂലെ അവസാനം വരെ സർവീസുകൾ ഉണ്ടാകില്ലെന്നായിരുന്നു ഇത്തിഹാദ് അറിയിപ്പ്. ഇതേതുടർന്ന് ആഗസ്റ്റ് മുതൽ വിമാന സർവീസ് തുടങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികൾ. പുതിയ അറിയിപ്പോടെ ഈ പ്രതീക്ഷയും നഷ്ടമായിരിക്കുകയാണ്. അതിനിടെ, യു എ ഇയിൽ നിന്നുള്ള വിമാനങ്ങൾക്ക് സഊദിയും അനുമതി നിഷേധിച്ചു.

വിസാ കാലാവധി അവസാനിക്കാറായ സഊദിയിലെ ഇന്ത്യൻ പ്രവാസികൾ ഖത്വർ, മാലദ്വീപ്, അർമേനിയ, ഉസ്ബക്കിസ്ഥാൻ, സെർബിയ തുടങ്ങിയ രാജ്യങ്ങൾ വഴിയാണ് ഇപ്പോൾ തിരിച്ചുപോയിക്കൊണ്ടിരിക്കുന്നത്. ഒട്ടേറെ കടമ്പകളുണ്ട് ഈ യാത്രക്ക്. വലിയ സാമ്പത്തിക ബാധ്യതയാണ് മുഖ്യം. ഈ രാജ്യങ്ങളിൽ നിശ്ചിത ദിവസം സമ്പർക്ക വിലക്കിൽ കഴിയണം. ഖത്വറിൽ 10 ദിവസമാണ് സമ്പർക്ക വിലക്ക് കാലാവധി. ഇതിനു നല്ലൊരു തുക വേണം. അവസരം മുതലെടുത്ത് വിമാനക്കമ്പനികൾ യാത്രാ നിരക്ക് വൻതോതിൽ ഉയർത്തുകയും ചെയ്തു. നേരത്തേ 10,000ത്തിൽ താഴെ രൂപയായിരുന്നു ഖത്വർ യാത്രാനിരക്ക്. ഇപ്പോൾ 30,000 മുതൽ 40,000 രൂപ വരെയായി വർധിച്ചിട്ടുണ്ട്. എന്നിട്ടും ആവശ്യത്തിന് സർവീസില്ല. സഊദി അടക്കമുള്ള പല രാജ്യങ്ങളും കൊവാക്‌സീൻ അംഗീകരിക്കാത്തതും തിരിച്ചടിയാണ്. കൊവാക്‌സീൻ എടുത്ത് സഊദിയിലെത്തിയവർക്ക് ഗ്രീൻ സിഗ്‌നൽ ലഭിക്കാത്തത് മൂലം പുറത്തിറങ്ങാൻ കഴിയാതെ പ്രയാസത്തിലാണ്.

കേന്ദ്രത്തിന്റേതല്ലാതെ, സംസ്ഥാനങ്ങളുടെ വാക്‌സീനേഷൻ സർട്ടിഫിക്കറ്റ് മിക്ക രാജ്യങ്ങളും അംഗീകരിക്കുന്നില്ലെന്നതും പ്രവാസികളുടെ തിരിച്ചുപോക്കിനു തടസ്സം സൃഷ്ടിക്കുന്നു. നേരത്തേ കേന്ദ്ര സർക്കാറിന്റെ “കൊവിൻ” പോർട്ടലിൽ രജിസ്റ്റർ ചെയ്താണ് വാക്‌സീൻ കൊടുത്തിരുന്നത്. ഇതിനു കാലതാമസം വരുന്നതിനാൽ വിതരണം സുഗമമാക്കാൻ കേരള സർക്കാർ ഇടക്കാലത്ത് വാക്‌സീൻ രജിസ്റ്റ്രേഷനു സ്വന്തം വെബ്സൈറ്റ് തുടങ്ങി. ഇത് പ്രവാസികൾക്കു പെട്ടെന്ന് രണ്ടാം ഡോസ് ലഭിക്കാൻ സഹായകമായെങ്കിലും സംസ്ഥാനം നൽകുന്ന സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പറും വാക്‌സീൻ നൽകുന്ന തീയതിയും ഇല്ലാത്തതിനാൽ പല രാഷട്രങ്ങളും ഇതു സ്വീകരിക്കാൻ വിസമ്മതിച്ചു. പിന്നീട് ഈ വിവരങ്ങളെല്ലാം ചേർത്ത് സർട്ടിഫിക്കറ്റ് പരിഷ്‌കരിച്ചെങ്കിലും സംസ്ഥാന സർക്കാറുകളുടെ സർട്ടിഫിക്കറ്റ് അംഗീകരിക്കാനാകില്ലെന്നായി ചില രാജ്യങ്ങൾ. സംസ്ഥാന സർക്കാറിന്റെ വെബ്സൈറ്റ് വഴി വാക്്‌സീൻ എടുത്തവരെ “കൊവിൻ” സൈറ്റിലും രജിസ്റ്റർ ചെയ്യിപ്പിച്ചു കേന്ദ്രത്തിന്റെ സർട്ടിഫിക്കറ്റ് ലഭ്യമാക്കുകയാണ് ഇതിനു പരിഹാരം. സംസ്ഥാന സർക്കാർ കേന്ദ്ര ആരോഗ്യവകുപ്പുമായി ചർച്ച നടത്തി ഈ പ്രശ്‌നം ഉടനടി പരിഹരിക്കേണ്ടതുണ്ട്.

പ്രവാസികളുടെ മടക്കയാത്ര തടസ്സപ്പെട്ടാൽ അവർക്കും കുടുംബത്തിനും മാത്രമല്ല അതിന്റെ ആഘാതം, സംസ്ഥാനത്തിനു മൊത്തമാണ്. കേരളത്തിന്റെ സമ്പദ്ഘടനയെ ചലനാത്മകമാക്കുന്നതിൽ വിദേശ മലയാളികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ പങ്ക് വളരെ വലുതാണ്. മൊത്തം സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിന്റെ 15 ശതമാനത്തിലുമേറെ വരുമിത്. ഈ ദശകത്തിൽ സംസ്ഥാനത്തിന്റെ കാർഷിക മേഖലയിലുണ്ടായ വൻ തകർച്ചയുടെ പ്രത്യാഘാതങ്ങൾ തടഞ്ഞു നിർത്താൻ കഴിഞ്ഞതു വിദേശത്തു നിന്നുള്ള പണത്തിന്റെ വരവു കൊണ്ടാണ്. കേരളത്തിന്റെ സേവനമേഖലയുടെ കരുത്തും ഈ പണമാണ്. പ്രവാസികളുടെ പണം സാമ്പത്തിക മേഖലയിൽ സൃഷ്ടിക്കുന്ന ഈ ചലനാത്മകത നിലനിൽക്കണമെങ്കിൽ കൊവിഡ് മൂലം നാട്ടിൽ കുടുങ്ങിപ്പോയ പ്രവാസികളുടെ യാത്രാവിലക്ക് അടക്കമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ട്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ മന്ത്രാലയത്തോട് പലതവണ ആവശ്യപ്പെട്ടതാണ്. സംസ്ഥാന ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ച് കേന്ദ്ര വിദേശകാര്യ വകുപ്പിന് നിവേദനം സമർപ്പിച്ചിട്ടുണ്ട്. യാത്രാനിരോധം ഏർപ്പെടുത്തിയ രാജ്യങ്ങളിലേക്ക് പ്രശ്‌ന പരിഹാരത്തിനു വിദേശകാര്യ മന്ത്രാലയം പ്രത്യേക പ്രതിനിധി സംഘത്തെ അയക്കണമെന്ന് വിവിധ പ്രവാസി സംഘടനകളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്രം അനങ്ങാപ്പാറ നയം തുടരുകയാണ്. ഇത് രാജ്യത്തിന്റെ സമ്പദ്ഘടനയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അവർ ചിന്തിക്കുന്നില്ല.

---- facebook comment plugin here -----

Latest