Connect with us

National

കശ്മീരിലും ഹിമാചലിലുമുണ്ടായ മേഘവിസ്ഫോടനത്തിൽ 16 പേർ മരിച്ചു

Published

|

Last Updated

ശ്രീനഗർ | ജമ്മു കശ്മീരിലും ഹിമാചൽ പ്രദേശിലുമുണ്ടായ മേഘവിസ്‌ഫോടനത്തില്‍ 16 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കശ്മീരിലെ കിഷ്ത്വാറിലും ഹിമാചലിലെ  ലാഹോള്‍-സ്പിതിയിലുമാണ് മേഘവിസ്ഫോടനമുണ്ടായത്. തീർഥാടന കേന്ദ്രമായ അമർനാഥ് ക്ഷേത്ര പരിസരത്തും മേഘവിസ്ഫോടനമുണ്ടായി.

പെട്ടെന്നുള്ള പേമാരിയില്‍ കിഷ്ത്വാര്‍ ജില്ലയിലെ ഹൊന്‍സാര്‍ ഗ്രാമത്തില്‍ അര ഡസനിലധികം വീടുകൾ നിലംപതിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ സൈന്യത്തെയും സംസ്ഥാന ദുരന്ത നിവാരണ സേനയെയും വിന്യസിച്ചിട്ടുണ്ട്. അവശിഷ്ടങ്ങളില്‍ നിന്ന് ഏഴ് മൃതദേഹങ്ങള്‍ കണ്ടെടുത്തു. 12 പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. 17 പേരെ രക്ഷപ്പെടുത്തി. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്.

ഹിമാചല്‍ പ്രദേശിലെ കുളു, ലാഹോള്‍-സ്പിതി ജില്ലകളില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ഒമ്പത് പേര്‍ മരിച്ചു. ഏഴ് പേരെ കാണാതായി. ടോസിങ് നുള്ളയില്‍ വെള്ളപ്പൊക്കം ഉണ്ടായതിനെ തുടര്‍ന്ന് തൊഴിലാളികള്‍ താമസിച്ചിരുന്ന രണ്ട് കൂടാരങ്ങള്‍ ഒലിച്ചു പോയി.