Connect with us

Kerala

ജമാഅത്തെ ഇസ്‌ലാമി ബന്ധം പുനസ്ഥാപിക്കാനൊരുങ്ങി മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍

Published

|

Last Updated

കോഴിക്കോട് | മതരാഷ്ട്ര വാദം ഉയര്‍ത്തുന്ന ജമാഅത്തെ ഇസ്ലാമിയുമായി സുദൃഢമായ ബന്ധം പുനസ്ഥാപിക്കാന്‍ മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് നേതാക്കളുടെ നീക്കം. ജമാഅത്തെ ഇസ്ലാമി മുഖവാരികയായ “പ്രബോധന”ത്തിന്റെ പ്രചാരണ കാമ്പയിനില്‍ പ്രത്യക്ഷപ്പെട്ട ലീഗ് നേതാവ് കെ പി എ മജീദ് എം എല്‍ എ ജമാഅത്ത് ആശയത്തെ പുകഴ്തി. വയനാട്ടില്‍ പ്രചാരണം ഉദ്ഘാടനം ചെയ്തത് കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് ടി സിദ്ധിഖ് എം എല്‍ എയും ജമാഅത്തിനെ വെള്ളപൂശി.

കേരളത്തില്‍ നടന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ പരസ്യമായി സ്ഥാപിച്ച ബന്ധം യു ഡി എഫിനകത്ത് കടുത്ത അഭിപ്രായ വ്യത്യാസമുണ്ടാക്കിയിരുന്നു. മുസ്‌ലിം ലീഗിനെ പിന്തുണക്കുന്ന ഇ കെ വിഭാഗത്തിന്റെയും അന്നത്തെ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയുമെല്ലാം കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ബന്ധം അവസാനിപ്പിച്ചതായി മുന്നണി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ലീഗ്-ജമാഅത്ത് ബന്ധം നിയമസഭാ തിരഞ്ഞെടുപ്പിലും രഹസ്യമായി തുടര്‍ന്നു. ഈ പശ്ചാത്തലത്തില്‍ മുന്നണി ബാഹ്യമായ ഒരു ബന്ധവും ഘടക കക്ഷികള്‍ക്ക് ഉണ്ടാവില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

വര്‍ഗീയതക്കെതിരായ പോരാട്ടമാണ് യു ഡി എഫിന്റെ മുഖ്യ നയമെന്ന് ചുമതലയേറ്റയുടന്‍ യു ഡി എഫ് ചെയര്‍മാന്‍ കൂടിയായ പ്രതിപക്ഷ നനേതാവ് വി ഡി സതീശന്‍ പ്രഖ്യാപിച്ചു. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ജമാഅത്തുമായുള്ള ബന്ധം പുനസ്ഥാപിക്കാന്‍ മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവും കോണ്‍ഗ്രസ് നേതാവും രംഗത്തുവരുന്നത്. കെ പി എ മജീദ് “സമന്വയത്തിന്റെ പ്രബോധന”മെന്നാണ് താത്വിക വാരികയെ പുകഴ്ത്തിയത്. സമുദായത്തിനിടയില്‍ അഭിപ്രായ വ്യത്യാസങ്ങളും വിഭാഗീയതയും പെരുപ്പിച്ച് കാണിക്കാന്‍ വാരിക ശ്രമിച്ചിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റും അദ്ദേഹം നല്‍കുന്നു.

വാരിക പ്രചാരണ കാമ്പയിന്‍ വയനാട് ജില്ലതല ഉദ്ഘാടനം നിര്‍വഹിച്ച അഡ്വ. ടി സിദ്ദീഖ്, മുസ്ലിം നവോഥാന രംഗത്ത് നിസ്തുലമായ പങ്കാണ് ജമാഅത്ത് വാരിക നിര്‍വഹിച്ചതെന്ന് പറഞ്ഞു. ആശയ സമന്വയത്തിന്റെ പുതിയൊരു സംസ്‌കാരം പരിചയപ്പെടുത്താന്‍ പ്രബോധനത്തിന് സാധിച്ചിട്ടുണ്ടെന്നും ടി സിദ്ധീഖ് പുകഴ്ത്തുന്നു. ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി എം പി അബൂബക്കര്‍, ജില്ലാ സമിതി അംഗങ്ങള്‍ എന്നിവരോടൊപ്പം ചടങ്ങില്‍ പങ്കെടുത്ത അദ്ദേഹം കോപ്പി സ്വീകരിച്ചാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

കെ പി എ മജീദിന്റെയും ടി സിദ്ധീഖിന്റെയും നടപടിക്കെതിരെ യു ഡി എഫിനെ പിന്തുണക്കുന്ന ഇ കെ, മുജാഹിദ് വിഭാഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. സുന്നി, മുജാഹിദ് പ്രസ്ഥാനങ്ങളെ അധിക്ഷേപിക്കാനും തകര്‍ക്കാനും നിരന്തരം ശ്രമിച്ചതാണ് ജമാഅത്ത് ചരിത്രമെന്നും അവര്‍ പറയുന്നു. മത രാഷ്ട്രത്തിനായി വാദിക്കുന്നവരുടെ ആശയത്തെ പിന്തുണയ്ക്കുന്ന സമീപനം ലീഗും കോണ്‍ഗ്രസും അംഗീകരിക്കുന്നുവോ എന്നാണ് അവരുടെ ചോദ്യം. ലീഗ് ഭരണത്തിലടക്കം ജമാഅത്തെയെയും പ്രബോധനത്തെയും നിരോധിച്ച ചരിത്രം ഓര്‍മിപ്പിച്ചാണ് പ്രവര്‍ത്തകരുടെ എതിര്‍പ്പ്.

ജമാഅത്തെ-ലീഗ് രഹസ്യധാരണ ഇപ്പോഴും ശക്തമാണെന്നതിന്റെ സൂചനയാണ് പ്രകടമാകുന്നതെന്നും ആക്ഷേപമുണ്ട്. പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി-യു ഡി എഫ് ധാരണക്കായി സജീവമായി പ്രവര്‍ത്തിച്ച ലീഗ് നേതാക്കളില്‍ പ്രധാനിയായിരുന്നു മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ മജീദ്. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനു മുമ്പ് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ ജമാഅത്ത് അമീറിനെ സന്ദര്‍ശിച്ചതടക്കമുള്ള പരസ്യമായ ബന്ധത്തെ എതിര്‍ത്തുകൊണ്ടു മുല്ലപ്പള്ളി രംഗത്തുവന്നതോടെ കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ കര്‍ശന നിലപാട് പ്രഖ്യാപിക്കേണ്ടി വന്നു.

ജമാഅത്തിന്റെ ഔദ്യോഗിക നയങ്ങളും കാഴ്ചപ്പാടുകളും വിജ്ഞാപനങ്ങളുമെല്ലാം പ്രബോധന ത്തിലൂടെയാണ് പ്രത്യക്ഷപ്പെടാറുള്ളതെന്നും ജമാഅത്തെ ഇസ്ലാമി കേരളയുടെ മുഖപത്രമാണ് പ്രബോധനം വാരികയെന്നും സംഘടന തന്നെ പ്രഖ്യാപിക്കുന്നു. 1949 ആഗസ്റ്റിലാണ് പ്രബോധനത്തിന്റെ ആദ്യ ലക്കം പുറത്തിറങ്ങിയത്. ജമാഅത്ത് ബന്ധം മൂലമുള്ള എതിര്‍പ്പുകളെ മറികടക്കുന്നതിനാണ് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിയെ മുന്‍നിര്‍ത്തി സംബന്ധത്തിനു ചില ലീഗ,് കോണ്‍ഗ്രസ് നേതാക്കള്‍ നീക്കം നടത്തിയത്. മുമ്പു പലവട്ടം നടന്നുപോലുള്ള പ്രാദേശിക നീക്കുപോക്കിനോ രഹസ്യമായ ധാരണകള്‍ക്കോ തങ്ങളില്ലെന്നും ബന്ധം അന്തസ്സോടെ പരസ്യപ്പെടുത്തണമെന്നും ജമാഅത്ത് നേതാക്കള്‍ നിലപാടു സ്വീകരിച്ചതോടെയാണ് കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ ലീഗ് നേതാക്കള്‍ ബന്ധം പരസ്യമാക്കിയത്.

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എ ഷെരീഫ് ഇക്കാര്യം പരസ്യമായി പറഞ്ഞു. ഷെരീഫിന്റെ വാക്കുകള്‍ ശരിവക്കുന്ന തരത്തിലുള്ള പ്രതികരണമാണ് പിന്നീട് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും അന്നത്തെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദും നടത്തിയത്. ഈ സഖ്യ നീക്കം മതനിരപേക്ഷ രാഷ്ട്രീയത്തോടുള്ള വെല്ലുവിളിയാണെ ആരോപണവുമായി സി പി എം ശക്തമായി രംഗത്തുവന്നതോടെ യു ഡി എഫിന്റെ അടിപതറി. മുസ്ലിം ലീഗ്-വെല്‍ഫെയര്‍ പാര്‍ട്ടി ധാരണാ നീക്കത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദും മുസ്ലിം യൂത്ത് ലീഗും പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

സി പി എം ആണ് കേരളത്തില്‍ മുഖ്യ ശത്രു എന്ന, പുതിയ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ പ്രഖ്യാപനത്തിന്റെ മറപിടിച്ചാണ് കോണ്‍ഗ്രസ് ലീഗ് നേതാക്കള്‍ വീണ്ടും ജമാഅത്ത് പാളയത്തില്‍ എത്തുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് തന്നെ ജമാഅത്ത് പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയത് പുതിയ നേതൃത്വത്തിന്റെ നിലപാട് എന്തായിരിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

---- facebook comment plugin here -----

Latest