Connect with us

International

കാലാവസ്ഥാ വ്യതിയാനം; യു എസില്‍ കത്തിനശിച്ചത് 15 ലക്ഷം ഏക്കര്‍ ഭൂമി

Published

|

Last Updated

സാക്രമെന്റോ | യു എസിലെ 13 സ്റ്റേറ്റുകളില്‍ കാട്ടുതീ പടര്‍ന്നതായി റിപ്പോര്‍ട്ട്. തീപ്പിടിത്തത്തില്‍ ഇതുവരെ 15 ലക്ഷം ഏക്കര്‍ ഭൂമി കത്തിനശിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പ്രധാനമായും പടിഞ്ഞാറന്‍ ഭാഗത്തെയാണ് കാട്ടുതീ ഇല്ലാതാക്കിയത്. ഈ ഭാഗങ്ങള്‍ ഇപ്പോള്‍ തന്നെ 90 ശതമാനവും വരള്‍ച്ചയിലാണ്. കാലാവസ്ഥ ഇതുപോലെ തുടരുകയാണെങ്കില്‍ തീയണയ്ക്കാനുള്ള ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നാഷണല്‍ ഇന്ററെജന്‍സി ഫയര്‍ സെന്ററില്‍ (എന്‍ ഐ എഫ് സി) നിന്നുള്ള കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷം ഒരുകോടി 50 ലക്ഷം ഏക്കര്‍ ഭൂമി തീപ്പിടിത്തത്തില്‍ കത്തിനശിച്ചിരുന്നു. എന്നാല്‍ 2021 -ലെ വര്‍ധിച്ചുവരുന്ന തീപ്പിടിത്തങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ തകര്‍ക്കുമെന്നാണ് സൂചന.

ഒറിഗണിലുണ്ടായ ബൂട്ട്ലെഗ് ഫയര്‍ 4,09,600 ഏക്കര്‍ സ്ഥലമാണ് കത്തിച്ചാമ്പലാക്കിയത്. കാലിഫോര്‍ണിയ-നെവാഡ അതിര്‍ത്തിക്കടുത്ത് 67,700 ഏക്കറിലധികം ഭാഗത്ത് തീ പടര്‍ന്നിട്ടുണ്ട്. കാലിഫോര്‍ണിയയിലെ ഏറ്റവും വലിയ തീപ്പിടിത്തമുണ്ടായത് ഡിക്സീയിലാണ്. ഇവിടെ ഏകദേശം 197,500 ഏക്കറെങ്കിലും കത്തിനശിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. തീപ്പിടിത്തം ഉണ്ടായ മുഴുവന്‍ പ്രദേശങ്ങളിലേക്കും എത്താന്‍ ദുരന്ത നിവാരണ സേനക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് കാള്‍ ഫയര്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായ റിക്ക് ഹാര്‍ട്ട് പറയുന്നത്. എല്ലായിടത്തും പുകപടലങ്ങളുള്ളത് സങ്കീര്‍ണ സ്ഥിതിയുണ്ടാക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

മൂന്ന് പ്രവിശ്യകളിലുള്ള ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിരവധി പ്രദേശങ്ങള്‍ ഇപ്പോഴും തീപ്പിടിത്ത ഭീഷണിയിലാണ്. അഗ്നിശമന സേനക്ക് പ്രവേശിക്കാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളില്‍ തീ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇവിടുത്തെ പ്രതികൂല കാലാവസ്ഥയും തീയണയ്ക്കാനുള്ള ശ്രമങ്ങളെ വിഫലമാക്കുന്നു. കാലാവസ്ഥ മാറ്റമില്ലാതെ തുടരുകയാണെങ്കില്‍ ഇനിയും പല പ്രദേശങ്ങളിലും തീപ്പിടിത്തമുണ്ടാകുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.