Connect with us

Editors Pick

കലാം; സ്വപ്‌നങ്ങളിലേക്ക് അഗ്നിച്ചിറകുകള്‍ വിരിച്ചു പറന്ന മഹദ് വ്യക്തിത്വം

Published

|

Last Updated

ന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന ഡോ. എ പി ജെ അബ്ദുല്‍ കലാമിന്റെ ഓര്‍മകള്‍ക്ക് ഇന്ന് ആറ് വയസ്. 2015 ജൂലൈ 27നാണ് 84ാം വയസില്‍ അദ്ദേഹം നമ്മോട് വിടപറഞ്ഞത്. ഷില്ലോങില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ ക്ലാസെടുക്കുന്നതിനിടെയാണ് കലാം ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുന്നത്. ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

“ഇന്ത്യയുടെ മിസൈല്‍മാന്‍”എന്ന പേരിലാണ് കലാം അറിയപ്പെടുന്നത്. രാഷ്ട്രപതിയായിരിക്കെ കലാമിനോടുള്ള ബഹുമാനാര്‍ഥം നയതന്ത്ര പ്രതിനിധികള്‍ സൂപ്പര്‍ സോണിക് കലാം” എന്ന് കൂടി അദ്ദേഹത്തെ വിശേഷിപ്പിച്ചു. ഏതു കാര്യവും ഉടന്‍ പൂര്‍ത്തിയാക്കുക എന്ന നിലപാടാണ് കലാമിനെ വേറിട്ടു നിര്‍ത്തിയത്. നയതന്ത്ര പ്രതിനിധികള്‍ അയയ്ക്കുന്ന ഫയലുകള്‍ അതിവേഗത്തില്‍ കലാമിന്റെ ഒപ്പോടുകൂടി മടങ്ങിയെത്തുമായിരുന്നു.

കാലത്തിനപ്പുറത്തേക്കു ചിന്തിക്കുകയും ആരും കാണാത്ത സ്വപ്നങ്ങള്‍ കണ്ട് അത് പ്രാവര്‍ത്തികമാക്കുന്നതിനായി കഠിനാധ്വാനം ചെയ്യുന്ന രീതിയായിരുന്നു കലാമിന്റെത്. ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തെത്തുന്ന പത്താമത്തെ വ്യക്തിയാണ് കലാം. 2002-2007 കാലഘട്ടത്തില്‍ രാഷ്ട്രപതിയെന്ന ചുമതല അദ്ദേഹം ഭംഗിയായി നിര്‍വഹിച്ചു. ഐ എസ് ആര്‍ ഒയുടെ ആദ്യകാല ശാസ്ത്രജ്ഞരിലൊരാളായിരുന്ന കലാം രാഷ്ട്രപതി എന്ന നിലയിലും ഏറെ ജനകീയനായിരുന്നു. വിദ്യാര്‍ഥികളോടും യുവാക്കളോടും അദ്ദേഹം സദാ അടുപ്പം പുലര്‍ത്തി.

1931 ഒക്ടോബര്‍ 15ന് തമിഴ്നാട്ടിലെ രാമേശ്വരത്ത് സാധാരാണ കുടുംബത്തിലായിരുന്നു അവുല്‍ പകീര്‍ ജൈനുലബ്ദീന്‍ അബ്ദുല്‍ കലാമിന്റെ ജനനം. രാമേശ്വരം സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളജില്‍ ഉപരി പഠനവും നിര്‍വഹിച്ചു. പിന്നീട് ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് പ്രൊഡക്ഷന്‍ എന്ന സ്ഥാപനത്തില്‍ ശാസ്ത്രജ്ഞനായി ജോലിക്കു ചേര്‍ന്നു. രാജ്യത്തിന് തന്നെ അഭിമാനമായി മാറിയ നിരവധി പ്രൊജക്ടുകള്‍ക്ക് ചുക്കാന്‍ പിടിക്കാനും കലാമിന് സാധിച്ചു. 1998 ല്‍ ഇന്ത്യയുടെ രണ്ടാമത്തെ ആണവ പരീക്ഷണമായ ഓപ്പറേഷന്‍ ശക്തിക്കു നേതൃത്വം നല്‍കിയത് അദ്ദേഹമാണ്.

ഡി ആര്‍ ഡി ഒയില്‍ നിന്നും 1969ല്‍ ഐ എസ് ആര്‍ ഒയിലേയ്ക്ക് എത്തിയ കലാം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റെയും ലോഞ്ചിംഗ് വെഹിക്കിളിന്റെയും സാങ്കേതികവിദ്യാ വികസനത്തിനു നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണ്. അഗ്നി, പൃഥ്വി എന്നീ മിസൈലുകളുടെ ഉപജ്ഞാതാവായിരുന്നു അദ്ദേഹം. പൊക്രാനില്‍ നടന്ന രണ്ടാം അണുവായുധ പരീക്ഷണത്തിലും അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു. കലാമിന്റെ സേവനങ്ങളെ മുന്‍നിര്‍ത്തി രാജ്യം 1997-ല്‍ അദ്ദേഹത്തിന് ഭാരതരത്നം നല്‍കി ആദരിച്ചു. 1994ല്‍ ആര്യഭട്ട പുരസ്‌കാരവും കലാമിനെ തേടിയെത്തി. ഏറ്റവും കൂടുതല്‍ ഓണററി ഡോക്ടറേറ്റുകള്‍ ലഭിച്ച ഇന്ത്യന്‍ രാഷ്ട്രപതിയും അദ്ദേഹമാണ്. 2002ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ക്യാപ്ടന്‍ ലക്ഷ്മിയെയാണ് കലാം പരാജയപ്പെടുത്തിയത്. കെ ആര്‍ നാരായണന്റെ പിന്‍ഗാമിയായ കലാം കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും പിന്തുണയോടെയായിരുന്നു രാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ആധുനിക സാങ്കേതിക വിദ്യകളെ നിരന്തരം പ്രോത്സാഹിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു ഡോ. എ പി ജെ അബ്ദുല്‍ കലാം. രാഷ്ട്രപതി ഭവനില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ അദ്ദേഹം പ്രാവര്‍ത്തികമാക്കി. ആഴ്ച തോറും പ്രധാനമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചകളില്‍ ലാപ്ടോപ്പിലൂടെ അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തു. പ്രായം കൂടുമ്പോള്‍ കമ്പ്യൂട്ടര്‍ സ്‌ക്രീനിലെ വായന പലര്‍ക്കും പ്രയാസമാണ്. എന്നാല്‍ കലാം ഓണ്‍ലൈനിലെ വായന ഇഷ്ടപ്പെട്ടു. 2020ലെ ഇന്ത്യയെക്കുറിച്ച് ഏറെ സ്വപ്നങ്ങളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. രാജ്യത്തിന്റെ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു.

സ്വന്തം ജീവിതത്തെയാണ് “അഗ്‌നിച്ചിറകുകള്‍” എന്ന ആത്മകഥയിലൂടെ അദ്ദേഹം ലോകത്തെ അറിയിച്ചു. സ്വപ്നം എന്ന വാക്കാണ് ആത്മകഥയില്‍ മുവുവന്‍ ഉണ്ടായിരുന്നത്. യുവതയ്ക്ക് വഴികാട്ടിയാകുന്ന പുസ്തകമാണിത്. സ്വപ്നം കാണാനുള്ള പരിശീലന ഗ്രന്ഥമായി പലരും ഈ പുസ്തകത്തെ കാണുന്നു. മഹാത്മാ ഗാന്ധിയുടെ ആത്മകഥയായ “എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍”ക്കു ശേഷം ലോകത്തെ പ്രചോദിപ്പിക്കുകയും ചിന്തിപ്പിക്കുകയും വായിപ്പിക്കുകയും ചെയ്ത പുസ്തകം കലാമിന്റെതായിരിക്കും. സ്വപ്നം കാണുക, ഊര്‍ജത്തോടെ പ്രവര്‍ത്തിക്കുക എന്നതായിരുന്നു കലാമിന്റെ ജീവിതദര്‍ശനം തന്നെ. കുട്ടികളെയും മുതിര്‍ന്നവരെയും രാഷ്ട്രനേതാക്കളെയുമെല്ലാം കലാം പ്രതീക്ഷയാല്‍ ജ്വലിപ്പിച്ചു നിര്‍ത്തി.

രാഷ്ട്രപതി പദവി കലാമിന്റെ അതുവരെ തുടര്‍ന്ന ജീവിതത്തെ ഒരു തരത്തിലും ബാധിച്ചിരുന്നില്ല. രാത്രി ഏറെ വൈകിയും അദ്ദേഹത്തിനു വന്നുകൊണ്ടിരിക്കുന്ന ഇ മെയിലുകള്‍ക്ക് മറുപടി അയയ്ക്കാന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. അവിവാഹിതനായിട്ടും കമിതാക്കളുടെ പ്രശ്നങ്ങള്‍ വരെ രമ്യമായി പരിഹരിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. രാഷ്ട്രപതി ഭവനിലെ മുഗള്‍ ഉദ്യാനം കലാം അതിമനോഹരമായി ഒരുക്കിയെടുത്തിരുന്നു. അതിരാവിലെ അദ്ദേഹം ഉദ്യാനത്തിലൂടെ നടക്കുംം. അവിടെയുള്ള മരച്ചുവടുകളില്‍ കലാം കവിതകള്‍ കുറിച്ചുവച്ചു. തന്റെ ജന്മദിന ആഘോഷങ്ങള്‍ രാജ്യത്ത് പിന്നാക്കം നില്‍ക്കുന്ന ഗ്രാമത്തില്‍ ആയിരിക്കണമെന്ന് അദ്ദേഹം നിഷ്‌കര്‍ഷിച്ചിരുന്നു. രാഷ്ട്രപതി വരുന്നു എന്നറിയുമ്പോള്‍ ഗ്രാമങ്ങളില്‍ വൈദ്യുതി, വെള്ളം, ചികിത്സാ സൗകര്യങ്ങള്‍ എന്നിവ വേഗമെത്തും. ഇന്ത്യയുടെ മുക്കിലും മൂലയിലും വികസനം സാധ്യമാകാന്‍ ഇതും ഒരു പോംവഴിയെന്ന് കലാം വിശ്വസിച്ചു.

രാഷ്ട്രപതി ഭവനില്‍ നിന്ന് പടിയിറങ്ങിയതിനു ശേഷവും കലാം ഒരു നിമിഷം പോലും വെറുതേയിരുന്നില്ല. ശരീരത്തെ പ്രായം ബാധിക്കുമ്പോഴും മനസ് തളരാതെ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. ആശയങ്ങള്‍ പങ്കുവക്കാന്‍ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് അദ്ദേഹം സഞ്ചരിച്ചുകൊണ്ടേയിരുന്നു. ചോദ്യങ്ങളും ഉത്തരങ്ങളുമുള്ള സമ്മേളനങ്ങളിലൂടെ ജനതയ്ക്ക് അറിവും വിജ്ഞാനവും നല്‍കിക്കൊണ്ടിരുന്നു. പകരം വയ്ക്കാനാകാത്ത മഹത്തായ നിരവധി ഓര്‍മകള്‍ നമുക്ക് സമ്മാനിച്ചാണ് ഡോ. എ പി ജെ അബ്ദുല്‍ കലാം ഇഹലോകവാസം വെടിഞ്ഞത്.

സബ് എഡിറ്റർ, സിറാജ്‍ ലെെവ്

Latest