Ongoing News
അഖിലേന്ത്യാ പ്രസിഡന്റിന്റെ പാര്‍ട്ടി ബാഹ്യ ബന്ധം ഐ എന്‍ എല്‍ പിളര്‍പ്പിന് അടിസ്ഥാനം

കോഴിക്കോട് | എല്‍ ഡി എഫ് ഘടക കക്ഷിയായ ഐ എന്‍ എല്‍ പിളര്‍ന്നതോടെ പാര്‍ട്ടിക്കുള്ളില്‍ രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമാകുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി പ്രസിഡന്റ് എ പി അബ്ദുല്‍ വഹാബും അബ്ദുല്‍ വഹാബിനെ പുറത്താക്കിയതായി കാസിം ഇരിക്കൂറും പ്രഖ്യാപിച്ചതോടെ ഐ എന്‍ എല്ലിന്റെ ഭാവി എന്ത് എന്ന നിര്‍ണായക ചോദ്യമുയരുകയാണ്. ഒരുതരത്തിലുമുള്ള ഒത്തുതീര്‍പ്പും സാധ്യമാവാത്ത വിധം പാര്‍ട്ടിയില്‍ ദീര്‍ഘ നാളായി നില്‍ക്കുന്ന ആഭ്യന്തര പ്രശ്നങ്ങളാണ് പിളര്‍പ്പിലെത്തിയതെന്നാണ് വ്യക്തമാവുന്നത്.
അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈന്‍മാന്‍ തീവ്രവാദ നിലപാടുള്ള ജമാഅത്തെ ഇസ്ലാമിയുമായും പോപ്പുലര്‍ ഫ്രണ്ടുമായും ബന്ധം പുലര്‍ത്തുന്ന ആളാണെന്നും അങ്ങനെ ഒരാളെ അഖിലേന്ത്യാ അധ്യക്ഷനായി വച്ചുകൊണ്ട് ഇടതു മുന്നണിയില്‍ തുടരാനാവില്ലെന്നും ഒരു വിഭാഗം നിലപാട് സ്വീകരിച്ചതാണ് പാര്‍ട്ടിയിലെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് ഉള്ളില്‍ നിന്നുള്ള വിവരം.
പോപ്പുലര്‍ ഫ്രണ്ടിന്റെ ചാരിറ്റി വിഭാഗമായി റിഹാബ് ഫൗണ്ടേഷന്റെ വൈസ് ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത് പ്രൊഫ. മുഹമ്മദ് സുലൈമാനാണ്. അതേസമയം, ജമാഅത്തെ ഇസ്‌ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ തലത്തില്‍ നടത്തിയ മിക്ക പരിപാടികളിലും മുഹമ്മദ് സുലൈമാന്റെ സാന്നിധ്യമുണ്ട്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്ന ഒരു മതേതര പാര്‍ട്ടി എന്നു വിഭാവനം ചെയ്തുകൊണ്ട് ഇബ്‌റാഹീം സുലൈമാന്‍ സേട്ട് രൂപം നല്‍കി പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റായി ഇങ്ങനെ ഒരാള്‍ക്കു തുടരാന്‍ കഴിയില്ലെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമായിരുന്നു എന്നാണ് സംസ്ഥാന പ്രസിഡന്റായിരുന്നു എ പി അബ്ദുല്‍ വഹാബിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.
2017 ലാണ് ഐ എന്‍ എല്‍ ദേശീയ പ്രസിഡന്റായി മുഹമ്മദ് സുലൈമാനെയും ജനറല്‍ സെക്രട്ടറിമാരായി അഹമ്മദ് ദേവര്‍ കോവിലിനെയും എം ജെ കെ നിസാമുദ്ദീനെയും തിരഞ്ഞെടുത്തത്. വര്‍ക്കിങ് പ്രസിഡന്റായി ഫൂല്‍ ചന്ദ് കുരീല്‍ വൈസ് പ്രസിഡന്റുമാരായി മൗലാന മുഫ്തി അബ്ദുറഹ്മാന്‍ മില്ലി, ഇഖ്ബാല്‍ സഫര്‍, എം എം മാഹീന്‍, ധര്‍മപുരി അബ്ദുല്‍ ഖാദര്‍, ട്രഷററായി എ എ അമീന്‍ എന്നിവരെയും തിരഞ്ഞെടുത്തിരുന്നു. നാഷണല്‍ യൂത്ത് ലീഗിന്റെ ജനറല്‍ കണ്‍വീനറായി സി പി അന്‍വര്‍ സാദത്തിനെയും കണ്‍വീനറായി ഫയദ് അമീനെയും തിരഞ്ഞെടുത്തു. നേരത്തെ ദേശീയ തലത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ സ്വാധീനമുണ്ടായിരുന്ന പാര്‍ട്ടി ശോഷിച്ചതോടെ പാര്‍ട്ടി സ്ഥാപകന്‍ ഇബ്‌റാഹീം സുലൈമാന്‍ സേട്ടിന്റെ മക്കള്‍ ലീഗിലേക്കു തിരിച്ചു പോയതോടെയാണ് പുതിയ നേതൃത്വം കടന്നുവന്നത്.
അഖിലേന്ത്യാ പ്രസിഡന്റിന്റെ നിലപാടുകള്‍ക്കെതിരെ കേരളത്തിലെ പാര്‍ട്ടിയില്‍ എതിര്‍പ്പ് ഉയരുന്നതിനിടെയാണ് ഇതേ അഖിലേന്ത്യാ നേതൃത്വം നിയമിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നത്. ജമാഅത്തെ ഇസ്ലാമിയുടെ പത്രത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ അഖിലേന്ത്യാ പ്രസിഡന്റുമായി ഉണ്ടാക്കിയ ബന്ധമാണ് കാസിം ഇരിക്കൂറിനു ജനറല്‍ സെക്രട്ടറി പദവിയിലേക്കു വഴിയൊരുക്കിയതെന്ന് അവര്‍ പറയുന്നു. കാസിം ഇരിക്കൂര്‍ മുസ്‌ലിം ലീഗ് നേതാക്കളുമായി ആശയവിനിമയവും ബന്ധവും തുടരുന്നതായും ഇവര്‍ ആരോപിക്കുന്നു.
ഇരുപക്ഷവും തമ്മില്‍ രൂക്ഷമായ കടുത്ത വിഭാഗീയതയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കാന്‍ അഖിലേന്ത്യാ പ്രസിഡന്റ് 2019 ല്‍ തന്നെ ശ്രമം നടത്തിയിരുന്നുവെങ്കിലും വിജയം കണ്ടില്ല. അന്ന് കണ്ണൂരില്‍ വിളിച്ചു ചേര്‍ത്ത സംസ്ഥാന കൗണ്‍സിലില്‍ വഹാബ് ഗ്രൂപ്പിന്റെ ശക്തിപ്രകടനത്തിനാണു വേദിയായത്.
കൗണ്‍സില്‍ യോഗത്തിലെ ഭൂരിപക്ഷ ആവശ്യം അംഗീകരിച്ച് കാസിം പക്ഷത്തുള്ള അഞ്ച് നേതാക്കളെ സസ്പെന്‍ഡ് ചെയ്യേണ്ടിവന്നു. വഹാബ് പക്ഷത്തുള്ള രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെയും നടപടിയുണ്ടായി.
ആ യോഗത്തില്‍ തന്നെ എ പി അബ്ദുല്‍ വഹാബും കാസിം ഇരിക്കൂറും ചേരിതിരിഞ്ഞതോടെ സംസ്ഥാന ഘടകത്തിന്റെ പ്രവര്‍ത്തനം അഖിലേന്ത്യാ അധ്യക്ഷന്‍ ഇടപെട്ട് മരവിപ്പിച്ചിരുന്നു. വിഭാഗീയ നീക്കങ്ങളുടെ പേരില്‍ ഏഴു പേരെ പുറത്താക്കണമെന്ന് നേരത്തെ തന്നെ അബ്ദുല്‍ വഹാബ് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ആറു പേരുടെ സസ്പെന്‍ഷന്‍ പ്രഖ്യാപിച്ച് ദേശീയ അധ്യക്ഷന്‍ പുറത്തേക്ക് പോയപ്പോള്‍ മുതല്‍ വാക്കേറ്റം ആരംഭിച്ചു. മലപ്പുറം ജില്ലാ സെക്രട്ടറിയും കാസിം ഗ്രൂപ്പുകാരനുമായ അന്‍വര്‍ സാദത്തിനെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പരസ്യ പ്രതിഷേധം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളെ കൗണ്‍സില്‍ അംഗങ്ങള്‍ തടഞ്ഞുവച്ചു. തുടര്‍ന്ന് അടിയന്തര സെക്രട്ടേറിയറ്റ് ചേര്‍ന്ന് അന്‍വര്‍ സാദത്തിനെയും സസ്‌പെന്‍ഡ് ചെയ്തു.
യോഗ വേദിക്ക് പുറത്തിറങ്ങിയ കാസിം ഇരിക്കൂറിനെതിരെ പ്രവര്‍ത്തകര്‍ വളഞ്ഞുവച്ചു മുദ്രാവാക്യം വിളിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയ നൂറിലധികം പ്രവര്‍ത്തകരും അവിടെ സംഘടിച്ചിരുന്നു.
കാസിം-വഹാബ് ഗ്രൂപ്പുകള്‍ ഏറെക്കാലമായി പാര്‍ട്ടിയില്‍ ചേരിതിരിഞ്ഞ് പോരാടുകയായിരുന്നുവെന്നും ഇപ്പോഴത്തെ മന്ത്രിസഭാ പ്രവേശം അല്ല യഥാര്‍ഥ പ്രശ്നമെന്നുമാണ് ഇതോടെ വ്യക്തമാവുന്നത്. കേന്ദ്ര നേതൃത്വത്തെ അംഗീകരിക്കില്ലെന്ന പരസ്യ പ്രസ്താവനയുമായി എ പി അബ്ദുല്‍ വബാബ് വിഭാഗം നിലയുറപ്പിച്ചതോടെ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ എന്ത് നിലപാട് സ്വീകരിക്കും എന്നത് കേരളത്തിലെ ഐ എന്‍ എല്ലിന്റെ ഭാവി നിശ്ചയിക്കുന്നതില്‍ പ്രധാനമായിരിക്കും.