Connect with us

Gulf

പുതുക്കിയ ഐ പി എല്‍ ഷെഡ്യൂള്‍ പ്രഖ്യാപിച്ച് ബി സി സി ഐ

Published

|

Last Updated

ദുബൈ | ഐ പി എല്‍ 2021 ന്റെ പുതുക്കിയ ഷെഡ്യൂള്‍ ബി സി സി ഐ പ്രഖ്യാപിച്ചു. 14-ാം സീസണ്‍ മത്സരങ്ങള്‍ സെപ്തംബര്‍ 19 ന് ദുബൈയില്‍ പുനരാരംഭിക്കും. ഫൈനല്‍ മത്സരം ഒക്ടോബര്‍ 15 ന് നടക്കും. ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തോടെയാകും തുടക്കം. ദുബൈ സ്റ്റേഡിയത്തിലായിരിക്കും ഈ മത്സരം.
അവശേഷിക്കുന്ന 31 മത്സരങ്ങള്‍, ദുബൈ, അബൂദബി, ഷാര്‍ജ എന്നീ മൂന്ന് സ്റ്റേഡിയങ്ങളിലായി നടക്കും. ഒക്ടോബര്‍ 15ന് ദുബൈയില്‍ വച്ചു ഫൈനല്‍ നടക്കും. ആദ്യ ക്വാളിഫയര്‍ മത്സരത്തിനും ദുബൈ വേദിയാകും. ഒക്ടോബര്‍ 10 നാണ് മത്സരം. രണ്ടാം ക്വാളിഫയറും, എലിമിനേറ്റര്‍ മത്സരവും ഒക്ടോബര്‍ 11, 13 ദിവസങ്ങളില്‍ ഷാര്‍ജയിലാണ് നടക്കുക.

മെയ് നാലിനാണ് താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ബി സി സി ഐ ഐ പി എല്‍ മാറ്റിവെച്ചത്. കളിക്കാരുടെയും, ടീം അംഗങ്ങളുടെയും മറ്റു സംഘടകരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ടൂര്‍ണമെന്റ് നിര്‍ത്തിവക്കാന്‍ തീരുമാനിച്ചതെന്ന് അന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. മത്സരം പകുതി വഴിയില്‍ നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് ബ്രോഡ്കാസ്റ്റിംഗ്, സ്പോണ്‍സര്‍ഷിപ്പ് എന്നീ വിഭാഗത്തില്‍ ബി സി സി ഐക്ക് വന്‍ നഷ്ടമുണ്ടായതായും റിപ്പേര്‍ട്ട് പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് മത്സരങ്ങള്‍ യു എ ഇയിലേക്ക് മാറ്റാന്‍ നീക്കം നടത്തിയത്. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സെക്രട്ടറി ജയ് ഷാ കഴിഞ്ഞദിവസം യു എ ഇ സന്ദര്‍ശിച്ചിരുന്നു.

ലോകകപ്പ് മത്സരങ്ങള്‍ ഒക്ടോബര്‍ 17ന്  ഒമാനില്‍ തുടങ്ങും. ബി സി സി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം ഒമാന്‍ സന്ദര്‍ശിച്ചിരുന്നു.