Connect with us

Oddnews

ഒളിമ്പിക്സ് മെഡലുകള്‍ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന്; നിര്‍മിച്ചത് 30 കിലോ സ്വര്‍ണം, 4,100 കിലോ വെള്ളി, 2,700 കിലോ വെങ്കലം

Published

|

Last Updated

ടോക്യോ | ടോക്യോ ഒളിമ്പിക്സില്‍ മത്സരശേഷം വിജയിയുടെ കഴുത്തിലണിയിക്കുന്ന മെഡലുകളുടെ ഉത്ഭവത്തെ കുറിച്ചാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ച. ജപ്പാനിലെ ജനങ്ങള്‍ നല്‍കിയ ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നാണ് മെഡലുകള്‍ നിര്‍മിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക് ഉപകരണ റീ സൈക്ലിംഗിലൂടെയാണ് ഒരോ മെഡലും രൂപമെടുത്തത്. ടോക്യോ 2020 മെഡല്‍ പ്രൊജക്ട് എന്നാണ് പദ്ധതിയ്ക്ക് പേരിട്ടിരിക്കുന്നത്. ടോക്യോ ഒളിമ്പിക്സ് മെഡലിന്റെ രൂപകല്‍പ്പനയും മത്സരം നടത്തിയാണ് തയാറാക്കിയിരിക്കുന്നത്. ഗ്രീക്ക് വിജയദേവതയും ഒളിമ്പിക് ചിഹ്നവും ഉള്‍പ്പെടുന്ന രീതിയിലാണ് മെഡല്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഒളിമ്പിക്സിന് ആവശ്യമായ 5,000 മെഡലുകളും സജ്ജമായത് പൗരന്മാരില്‍ നിന്നും ശേഖരിച്ച ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നാണെന്ന് സംഘാടകര്‍ പറഞ്ഞു. പദ്ധതി പ്രകാരം മെഡലിന് ആവശ്യമായ സ്വര്‍ണത്തിന്റെ 94 ശതമാനവും വെള്ളിയുടെയും വെങ്കലത്തിന്റെയും 85 ശതമാനവും ലഭിച്ചിട്ടുണ്ട്. 30 കിലോ സ്വര്‍ണം, 4,100 കിലോ വെള്ളി, 2,700 കിലോ വെങ്കലം എന്നിങ്ങനെയാണ് ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. ജനപങ്കാളിത്തത്തോടെ നടന്ന ലോകത്തിലെ ഏറ്റവും വലിയ ഇ-വേസ്റ്റ് റീസൈക്ലിംഗ് പദ്ധതിയെന്നാണ് പ്രൊജക്ടിനെക്കുറിച്ചുള്ള വിലയിരുത്തല്‍.

സ്മാര്‍ട്ട് ഉപകരണത്തിന്റെ സിപിയു, ജിപിയു എന്നിവയില്‍ നിന്നാണ് മെഡലുകള്‍ക്കുള്ള സ്വര്‍ണം നിര്‍മിക്കുന്നത്. ഇ-വേസ്റ്റുകളില്‍ നിന്ന് പ്ലാറ്റിനം, പലേഡിയം എന്നിവ വേര്‍തിരിക്കാനാകും. കൂടാതെ ഒരു ടണ്‍ ഇലക്ട്രോണിക്സ് അവശിഷ്ടങ്ങളില്‍ നിന്ന് 3,000 ഗ്രാം സ്വര്‍ണം നിര്‍മിക്കാനാകുമെന്നും വിദഗ്ധര്‍ പറയുന്നു. 2018ലാണ് രാജ്യം റീസൈക്ലിംഗ് പദ്ധതി ആരംഭിച്ചത്. 62.1 ലക്ഷത്തോളം ഉപകരണങ്ങളാണ് ജപ്പാനീസ് ജനത പദ്ധതിയിലേക്ക് നല്‍കിയിരിക്കുന്നത്. 2017 മുതല്‍ പൊതു ഇടങ്ങളില്‍ നിന്ന് ഉപകരണങ്ങള്‍ ശേഖരിക്കാനുള്ള സംവിധാനം ജപ്പാന്‍ ഒരുക്കിയിരുന്നു.

Latest