Connect with us

National

രാജസ്ഥാന്‍ മന്ത്രിസഭാ വിപുലീകരണം; അവസാനവാക്ക് ഹൈക്കമാന്‍ഡിന്റേതെന്ന് അശോക് ഗെഹ്ലോട്ട്

Published

|

Last Updated

ജയ്പൂര്‍  | രാജസ്ഥാന്‍ മന്ത്രിസഭാ വിപുലീകരണത്തില്‍ തീരുമാനം കോണ്‍ഗ്രസ് പ്രസിഡന്റിനും പാര്‍ട്ടി ഹൈക്കാമാന്‍ഡിനും വിട്ടതായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, രാജസ്ഥാന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ എന്നിവരുമായി നടത്തിയ രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ചക്ക് ശേഷമാണ് രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. ജൂലൈ അവസാനത്തോടെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കുമെന്ന് സൂചനകളുണ്ട്. മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു ചര്‍ച്ച.

മന്ത്രിസഭാ വിപുലീകരണത്തിന് പുറമെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ തലപ്പത്തേക്കുള്ള നിയമനങ്ങളെക്കുറിച്ചും ചര്‍ച്ച നടന്നു. രാഷ്ട്രീയ നിയമനങ്ങളില്‍ അന്തിമതീരുമാനം ഉണ്ടാവുന്നതിന് മുമ്പ് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളോട് കൂടെ ആലോചിക്കണമെന്ന് ഗെഹ്ലോട് ആവശ്യപ്പെട്ടു.ചര്‍ച്ചക്ക് മുന്നോടിയായി സംസ്ഥാനത്തെത്തിയ നേതാക്കളെ സ്വീകരിക്കാന്‍ രാജസ്ഥാന്‍ പി സി സി പ്രസിഡന്റ് ഗോവിന്ദ് സിംഗ് ദത്താസ്ര എത്തിയിരുന്നെങ്കിലും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തിരുന്നില്ല.
ഡി സി സി പ്രസിഡന്റുമാരെ തീരുമാനിക്കുന്നതിനായി കെ സി വേണുഗോപാലും അജയ് മാക്കനും പാര്‍ട്ടി എം എല്‍ എമാരുടെ യോഗം വിളിക്കും. ഗെഹ്ലോത്തുമായി ഭിന്നതയിലുള്ള സച്ചിന്‍ പൈലറ്റ് വിഭാഗവും യോഗത്തില്‍ പങ്കെടുത്തേക്കും.

പഞ്ചാബിലെ പ്രശ്നങ്ങള്‍ക്ക് താത്കാലിക പരിഹാരമുണ്ടായതോടെ രാജസ്ഥാനിലേക്ക് എ ഐ സി സി സംഘം എത്തിയതോടെയാണ് മന്ത്രിസഭാ വിപുലീകരണ ചര്‍ച്ചകള്‍ സജീവമായത്. അശോക് ഗഹ്ലോട്ടുമായുള്ളുള്ള ഭിന്നതയെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സച്ചിന്‍ പൈലറ്റിന് പി സി സി പ്രസിഡന്റ് സ്ഥാനവും ഉപമുഖ്യമന്ത്രി സ്ഥാനവും നഷ്ടമായിരുന്നു.

Latest