Connect with us

National

പെഗാസസ് കത്തി; പാര്‍ലിമെന്റില്‍ പ്രതിപക്ഷ ബഹളം, നാടകീയ രംഗങ്ങള്‍

Published

|

Last Updated

ന്യൂഡല്‍ഹി | പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് ഇന്ന് പാര്‍ലിമെന്റില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭയില്‍ ഐ ടി മന്ത്രിക്ക് പ്രസംഗം വെട്ടിച്ചുരുക്കേണ്ടിവന്നു. പെഗാസസ് വിവാദങ്ങളെക്കുറിച്ച് മന്ത്രി സംസാരിക്കാന്‍ തുടങ്ങിയതിന് പിന്നാലെ തൃണമൂല്‍ എം പി ശന്തനു സെന്‍ മന്ത്രിയുടെ കൈയിലുണ്ടായിരുന്ന കടലാസുകള്‍ തട്ടിപ്പറിച്ച് കീറിയെറിഞ്ഞു. ഇതിനെത്തുടര്‍ന്ന് മന്ത്രി മറുപടി മേശപ്പുറത്ത് വച്ചു. പ്രതിഷേധം അനിയന്ത്രിതമായതോടെ രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. നേരത്തെ മൂന്നുവട്ടം രാജ്യസഭ നിര്‍ത്തിവെച്ചിരുന്നു. പ്രതിപക്ഷ എം പിമാര്‍ക്ക് ജനങ്ങുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ താത്പര്യമില്ലെന്ന് സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു വിമര്‍ശിച്ചിരുന്നു. ഐ ടി മന്ത്രിയുടെ സഭയിലെ പെരുമാറ്റം നിര്‍ഭാഗ്യകരമായിരുന്നുവെന്ന് ആര്‍ ജെ ഡി എം പി. മനോജ് ഝാ പറഞ്ഞു.

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭാ നടപടികള്‍ നാലുമണിവരെ നിര്‍ത്തിവച്ചിരിക്കുകയാണ്. ലോക് സഭയില്‍ കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍ എം പിമാര്‍ കാര്‍ഷിക നിയമങ്ങളുടെ പേരിലും തൃണമൂല്‍ അംഗങ്ങള്‍ പെഗാസസ് വിഷയത്തിലും പ്രതിഷേധമുയര്‍ത്തി. പാര്‍ലിമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി ഏത് വിഷയവും ചര്‍ച്ചചെയ്യാമെന്ന് പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ദൈനിക് ഭാസ്‌കര്‍ പത്രത്തിന്റെ ഓഫീസുകളില്‍ നടത്തിയ റെയ്ഡിലും പ്രതിപക്ഷം പ്രതിഷേധം പ്രകടിപ്പിച്ചു.