Connect with us

National

45ലേറെ രാജ്യങ്ങള്‍ പെഗാസസ് ഉപയോഗിക്കുന്നു; ഇന്ത്യയെ മാത്രം എന്തിന് ലക്ഷ്യമിടുന്നുവെന്ന് ബി ജെ പി

Published

|

Last Updated

ന്യൂഡല്‍ഹി | ഇസ്രായേലിന്റെ ചാര സോഫ്റ്റ്‌വെയര്‍ ആയ പെഗാസസ് 45ലേറെ രാജ്യങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും എന്തിന് ഇന്ത്യയെ മാത്രം ലക്ഷ്യം വെക്കുന്നുവെന്നും ചോദിച്ച് ബി ജെ പി നേതാവും മുന്‍ ഐ ടി മന്ത്രിയുമായ രവിശങ്കര്‍ പ്രസാദ്. പെഗാസസിന്റെ നിര്‍മാതാക്കളായ എന്‍ എസ് ഒ കമ്പനി തന്നെ പറഞ്ഞത് തങ്ങളുടെ ഉപഭോക്താക്കള്‍ അധികവും പാശ്ചാത്യ രാജ്യങ്ങളാണെന്നാണ്. ഈ വിഷയത്തില്‍ ഇന്ത്യയെ മാത്രം എന്തിന് ലക്ഷ്യമിടണം? ഇതിന് പിന്നിലെ കഥയെന്താണ്? കഥയിലെ വഴിത്തിരിവ് എന്താണ്? രവിശങ്കര്‍ പ്രസാദ് ചോദിച്ചു.

ഔദ്യോഗിക നിരീക്ഷണമോ ചോര്‍ത്തലോ ഇല്ലെന്ന കേന്ദ്ര സര്‍ക്കാറിന്റെ ന്യായവാദത്തിനിടെയാണ് മുന്‍ ഐ ടി മന്ത്രിയുടെ ഈ അഭിപ്രായം. പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ചോര്‍ത്തല്‍ വാര്‍ത്ത പുറത്തുവിട്ടതിനെയും അദ്ദേഹം ചോദ്യം ചെയ്തു. പ്രതിപക്ഷമായ കോണ്‍ഗ്രസ് അടക്കം ചില ആള്‍ക്കാര്‍ ഇതിന് പിന്നിലുണ്ടെന്നും പുതിയ അന്തരീക്ഷം കെട്ടിപ്പടുക്കാനാണിതെന്നും അദ്ദേഹം പറഞ്ഞു.

ആംനെസ്റ്റി പോലുള്ള സംഘടനകള്‍ക്ക് ഇന്ത്യാവിരുദ്ധ അജന്‍ഡയില്ലെന്ന് പറയാനാകുമോയെന്നും അദ്ദേഹം ചോദിച്ചു. പെഗാസസ് ചോര്‍ത്തല്‍ സംഭവത്തില്‍ സര്‍ക്കാറിനോ ബി ജെ പിക്കോ ബന്ധമുണ്ടെന്നതിന് തെളിവിന്റെ യാതൊരു കണികയുമില്ലെന്നും അദ്ദേഹം പറഞ്ഞു. പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തല്‍ നടന്ന സമയത്ത് ഐ ടി മന്ത്രിയായിരുന്നു രവിശങ്കര്‍ പ്രസാദ്.

Latest