Connect with us

Gulf

ഹജ്ജ്: വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്വ അണിയിച്ചു

Published

|

Last Updated

മക്ക | വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്വ അണിയിച്ചു. ഹജ്ജ് കര്‍മങ്ങള്‍ക്കായി ഹാജിമാര്‍ അറഫയില്‍ സംഗമിച്ച ദുല്‍ഹിജ്ജ ഒമ്പതിനാണ് പുതിയ കിസ്വ അണിയിക്കുന്ന ചടങ്ങ് നടന്നത്. മക്കയിലെ ഉമ്മുല്‍ ജൂദിലെ കിംഗ് അബ്ദുല്‍ അസീസ് കിസ്വ നിര്‍മാണ ഫാക്ടറിയില്‍ ഇരുന്നൂറിലധികം നെയ്ത്തുകാര്‍ ഒമ്പത് മാസം കൊണ്ട് കിസ്‌വ നെയ്‌തെടുത്തത്. സ്വര്‍ണലിപികളാല്‍ വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ ആലേഖനം ചെയ്ത കിസ്വ 850 കിലോഗ്രാം ഭാരമുള്ള ശുദ്ധമായ പട്ടുനൂലുപയോഗിച്ചാണ് നിര്‍മിച്ചത്. 20 ദശലക്ഷം റിയാലാണ് ഈ വര്‍ഷത്തെ കിസ്വ നിര്‍മാണ ചെലവ്. 14 മീറ്ററാണ് ഉയരം. 95 സെന്റീമീറ്റര്‍ വീതിയിലും 47 മീറ്റര്‍ നീളത്തിലുമുള്ള 16 ഭാഗങ്ങളായിട്ടാണ് ഇവ നിര്‍മിക്കുന്നത്. കഅ്ബയുടെ വാതിലില്‍ തൂക്കിയിടുന്ന കിസ്വയുടെ ഭാഗത്തിന് ആറര മീറ്റര്‍ നീളവും മൂന്നര മീറ്റര്‍ വീതിയുമാണുള്ളത്.

ചതുരാകൃതിയിലുള്ള 16 ഇസ്ലാമിക് കാലിഗ്രാഫി കഷ്ണങ്ങള്‍ അടങ്ങിയ ബെല്‍റ്റിന്റെ ആകെ നീളം 47 മീറ്ററാണ്. കിസ്വയുടെ ഉള്‍വശത്ത് വെളുത്ത കട്ടി കൂടിയ കോട്ടന്‍ തുണിയുമുണ്ട്. ആകെ അഞ്ച് കഷ്ണങ്ങള്‍ അടങ്ങിയതാണ് കിസ്വ. കഅ്ബാലയത്തിന്റെ ഓരോ ഭാഗത്തുമായി ഓരോ കിസ്വയുടെ ഭാഗങ്ങള്‍ തൂക്കിയ ശേഷം പരസ്പരം തുന്നിച്ചേര്‍ക്കുകയാണ് ചെയ്യുക. അഞ്ചാമത്തെ ഭാഗം കഅ്ബയുടെ പ്രധാന വാതിലിന് മുന്നില്‍ തൂക്കുന്ന കിസ്വയുടെ ഭാഗമാണ്. 6.32 മീറ്റര്‍ നീളവും 3.30 മീറ്റര്‍ വീതിയുമാണ് ഇതിനുള്ളത്. 47 മീറ്റര്‍ നീളത്തിലും 95 സെന്റി മീറ്റര്‍ വീതിയിലും 16 കഷ്ണങ്ങളായാണ് ഇവ നിര്‍മിക്കുന്നത്. കഅ്ബയുടെ വാതില്‍ വിരിക്ക് ആറര മീറ്റര്‍ നീളവും മൂന്നര മീറ്റര്‍ വീതിയുമുണ്ട്.

ഹജ്ജ് വേളയില്‍ തിരക്ക് കൂടുമ്പോള്‍ കേടു സംഭവിക്കാതിരിക്കാന്‍ കിസ്വ ഹറംകാര്യ മന്ത്രാലയം നേരത്തെ ഉയര്‍ത്തിക്കെട്ടിയിരുന്നു. പുതുതായി കഅ്ബാലയത്തെ അണിയിച്ച കിസ്വയും ഉയര്‍ത്തിക്കെട്ടി. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ അവസാനിക്കുന്നതോടെ വീണ്ടും കിസ്വ താഴ്ത്തിയിടുകയാണ് പതിവ്.
കറുത്ത പട്ടില്‍ സ്വര്‍ണനൂലില്‍ ആലേഖനം ചെയ്ത കിസ്വ പുതച്ചു നില്‍ക്കുന്ന കഅ്ബയുടെ ദൃശ്യം ഏതൊരു വിശ്വാസിയുടെ മനസിലും മായാതെ തങ്ങിനില്‍ക്കുന്ന കാഴ്ചയാണ്. പഴയ കിസ്വയുടെ ഭാഗങ്ങള്‍ മുസ്ലിം രാജങ്ങള്‍ക്കും പ്രമുഖ വ്യക്തികള്‍ക്കും വിതരണം ചെയ്തുവരാറാണ് പതിവ്.

മക്കയിലെത്തിയ കിസ്വ ഹറാം കാര്യാലയ മേധാവികള്‍ സ്വീകരിച്ച് കഅ്ബാലയത്തിലെത്തിച്ചു. എല്ലാ വര്‍ഷവും അഷ്ടദിക്കുകളില്‍ നിന്നും പതിനായിരക്കണക്കിന് വിശ്വാസികളായിരിന്നു കിസ്വ അണിയിക്കല്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നത്. ആഗോള തലത്തില്‍ പടര്‍ന്ന് പിടിച്ച കൊവിഡിനെ തുടര്‍ന് ഈ വര്‍ഷവും സഊദിയില്‍ കഴിയുന്നവര്‍ക്ക് മാത്രമായി ഹജ്ജ് നിജപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി ഹജ്ജ് അനുമതി പത്രമില്ലാതെ ഹറമിലേക്ക് പ്രവേശിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നേരത്തെ നിര്‍മാണം പൂര്‍ത്തിയായ കിസ്വ, കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാരായ ശൈബി കുടുംബം ദുല്‍ഹിജ്ജ ആദ്യ വാരത്തില്‍ മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍-ഫൈസല്‍ രാജകുമാരനില്‍ നിന്നും ഏറ്റുവാങ്ങിയിരുന്നു. ശൈബി കുടുംബം-ഹറം കാര്യാലയ മേധാവികള്‍-സുരക്ഷാ ഉദ്യോഗസ്ഥര്‍-കിസ്വ നിര്‍മാണ ജീവനക്കാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ കിസ്വ നിര്‍മിച്ചത്.
യമനില്‍ നിന്നുള്ള ശുദ്ധമായ തൂവെള്ള തുണികൊണ്ടായിരുന്നു ആദ്യ കാലങ്ങളില്‍ കിസ്വ നിര്‍മിച്ചിരുന്നത്. പിന്നീട് വന്ന ഭരണാധികാരികള്‍ കിസ്വയില്‍ പരിഷ്‌കാരങ്ങളും വരുത്തിയിരുന്നു.

മുആവിയ ഭരണകാലത്താണ് വര്‍ഷത്തില്‍ രണ്ടുതവണ കിസ്വ മാറ്റുന്ന രീതി കൊണ്ടുവന്നത്. അക്കാലത്ത് പഴയ കിസ്വയുടെ മുകളില്‍ പുതിയത് അണിയിക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ഹിജ്‌റ 1381 വരെ ഈജിപ്തിലായിരുന്നു കിസ്വ നിര്‍മിച്ചിരുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കിയ കിസ്വ ഈജിപ്തില്‍ നിന്നും ഹജ്ജ് വേളയില്‍ വലിയ ഘോഷയാത്രയായാണ് മക്കയിലെത്തിച്ചിരുന്നത്. പിന്നീട് 1960-ല്‍ അബ്ദുല്‍ അസീസ് രാജാവിന്റെ ഭരണ കാലത്താണ് മക്കയില്‍ തന്നെ കിസ്വ നിര്‍ണാണ ഫാക്ടറിക്ക് തുടക്കം കുറിച്ചത്. ആദ്യകാലങ്ങളില്‍ ഇന്ത്യ, സുഡാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പട്ടുനൂലുകളായിരുന്നു ഇതിനായി ഉപയോഗിച്ചിരുന്നത്.

അറേബ്യയില്‍ ഇസ്ലാമിക പ്രബോധന കാലത്തിന് വളരെ മുമ്പ് തന്നെ കഅ്ബയുടെ സംരക്ഷണ ചുമതല അല്‍-ശൈബ കുടുംബത്തിന്റെ കൈവശമായിരുന്നു. കഅ്ബയുടെ ചുമതലയുള്ള ഇവര്‍ പരിപാലകന്‍ എന്നര്‍ഥം വരുന്ന “സാദിന്‍” എന്ന പേരിലാണ് അറിയപ്പെടുന്നത്. ആദ്യകാലങ്ങളില്‍ മക്കയുടെ ഭരണ സാരഥ്യവും ഇവര്‍ക്കായിരുന്നു. അന്ത്യ പ്രവാചകര്‍ മുഹമ്മദ് നബി (സ) മക്കാ വിജയ ദിവസം “ഇത് വാഗ്ദാന പാലനത്തിന്റെ ദിനമാണ്” കഅബയുടെ താക്കോല്‍ താങ്കള്‍ തന്നെ സൂക്ഷിച്ചുകൊള്ളൂ എന്ന് പറഞ്ഞ് കൊണ്ടാണ് ശൈബ കുടുംബത്തിലെ ഉസ്മാന്‍ ഇബ്ന്‍ തല്‍ഹാ (റ) വിന് താക്കോല്‍ സൂക്ഷിപ്പ് ചുമതല ഏല്‍പ്പിച്ചത്. അല്‍ ശൈബ ഗോത്രത്തിലെ ഡോ. സ്വാലിഹ് ബിന്‍ സൈനുല്‍ ആബിദീന്‍ അല്‍ ശൈബിക്കാണ് ഇപ്പോഴത്തെ കഅ്ബയുടെ താക്കോല്‍ ചുമതല. കഅ്ബയെ വെറുതെ നോക്കിയാല്‍ പോലും പ്രതിഫലം കിട്ടുമെന്നാണ് ഹദീസിലുള്ളത്.

സിറാജ് പ്രതിനിധി, ദമാം

Latest