Connect with us

International

ദക്ഷിണ കൊറിയയെ അനുകരിച്ചാല്‍ കടുത്ത ശിക്ഷ; ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഉത്തര കൊറിയ

Published

|

Last Updated

പോങ്യാങ് | ദക്ഷിണ കൊറിയയുടെ ഭാഷയല്ല, ഉത്തര കൊറിയയുടെ അന്തസ്സുള്ള ഭാഷ സംസാരിക്കണമെന്ന് യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഉത്തര കൊറിയയിലെ ഔദ്യോഗിക പത്രം. ദക്ഷിണ കൊറിയയുടെ ഫാഷന്‍, ഹെയര്‍ സ്റ്റൈല്‍, സംഗീതം ഇവയൊന്നും അനുകരിക്കരുതെന്നും മുന്നറിയിപ്പിലുണ്ട്. ഇത് ഒരു പുതിയ നിയമത്തിന്റെ ഭാഗമാണെന്നും വിദേശത്തുള്ള എന്തുകാര്യവും അനുകരിക്കുന്ന പക്ഷം കടുത്ത ശിക്ഷാനടപടികള്‍ക്ക് വിധേയരാകേണ്ടി വരുമെന്നും കുറിപ്പില്‍ പറയുന്നു. നിയമലംഘനം നടത്തുന്നവര്‍ക്ക് തടവുശിക്ഷയോ, വധശിക്ഷയോ ലഭിച്ചേക്കുമെന്നും പത്രത്തില്‍ വ്യക്തമാക്കുന്നു.

കൊറിയ കേന്ദ്രീകരിച്ചുള്ള പോങ്യാങ് ഭാഷയാണ് മികച്ചത്. അതുപയോഗിക്കണമെന്നാണ് ആവശ്യം. നേരത്തെ ഉത്തര കൊറിയന്‍ തലവന്‍ കിം ജോംഗ് ഉന്‍ ദക്ഷിണ കൊറിയയിലെ പോപ് സംസ്‌ക്കാരത്തെ വിശേഷിപ്പിച്ചിരുന്നത് “യുവാക്കളെ നശിപ്പിക്കുന്ന കാന്‍സര്‍” എന്നായിരുന്നു. ഉത്തര കൊറിയയിലെ ഫാഷന്‍ നിയമങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങള്‍ നേരത്തേ പുറത്തു വിട്ടിരുന്നു.

സ്ത്രീകള്‍ക്ക് മുടി മുറിക്കുന്നതിന് വരെ പരിധികളുണ്ട്. നീളന്‍ മുടിയുള്ളവര്‍ കെട്ടിവയ്ക്കുകയോ പിന്നിയിടുകയോ ചെയ്യണം എന്നാണ് നിയമം. ലിപ്സ്റ്റിക്കിന്റെ നിറം തിരഞ്ഞെടുക്കുമ്പോള്‍ കടും ചുവപ്പ് നിറത്തിലുള്ള ലിപ്സ്റ്റിക്കിന് പകരം ഇളം പിങ്ക് വേണം ഉപയോഗിക്കാന്‍. ഫാഷന്‍ അനുകരിക്കുന്നവരെ മുതലാളിത്തവുമായി ബന്ധപ്പെട്ടവരായിട്ടാണ് രാജ്യം കണക്കാക്കുന്നതെന്ന് ഉത്തര കൊറിയയില്‍ നിന്നും ദക്ഷിണ കൊറിയയിലേക്ക് താമസമാക്കിയ അഭിനേത്രി നാരാ കാംഗ് ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Latest