Connect with us

Kerala

ഭീഷണിക്കത്ത്; കോഴിക്കോട്ട് മാവോയിസ്റ്റ് സ്ലീപ്പിങ് സെല്ലുകള്‍ തേടി പോലീസ്

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട്ടെ വ്യാപാരികള്‍ക്ക് മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണിക്കത്തയച്ച സംഭവത്തോടെ ജില്ലയിലെ മാവോയിസ്റ്റ് “സ്ലീപ്പിങ് സെല്ലു”കള്‍ തേടി പോലീസ്. വ്യാപാരികള്‍ക്ക് ഭീഷണിക്കത്ത് കിട്ടിയ സംഭവത്തില്‍ പാറോപ്പടി സ്വദേശിയായ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. ഇയാള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് സിറ്റി സി ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ടി പി ശ്രീജിത് സിറാജ് ലൈവിനോടു പറഞ്ഞു.

മാവോയിസ്റ്റ് ഭീഷണിക്കത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം നഗരത്തിലെ വിവിധ ഇടങ്ങളില്‍ ഒരേസമയം പോലീസ് പരിശോധന നടത്തിയിരുന്നു. ഇതില്‍ ചില രേഖകള്‍ പിടിച്ചെടുത്തുവെന്നാണ് വിവരം. പാറോപ്പടി, മലാപ്പറമ്പ് എന്നിവിടങ്ങളിലെ വിവിധ വീടുകളിലും ഫ്ളാറ്റുകളിലും ഓഫീസുകളിലുമായിരുന്നു റെയ്ഡ്. മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി പണം നല്‍കണമെന്നും ഇല്ലെങ്കില്‍ ബിസിനസ് തകര്‍ക്കുമെന്നും കാണിച്ചായിരുന്നു വ്യാപാരികള്‍ക്ക് ഭീഷണിക്കത്ത് ലഭിച്ചത്. കോഴിക്കോട് നിന്ന് കാര്‍മാര്‍ഗം വയനാട്ടില്‍ എത്തി രജിസ്ട്രേഡ് ആയിട്ടാണ് കത്തയച്ചത് എന്ന സി സി ടി വി സൂചനകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കത്തയച്ചതിന് പിന്നില്‍ ഒരാള്‍ കൂടിയുണ്ട്.

മലബാര്‍ ഗോള്‍ഡ്, പാരിസണ്‍സ്, നാഥ് കണ്‍സ്ട്രക്ഷന്‍ ഉടമകള്‍ക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. കത്തില്‍ മൂന്നു കോടി രൂപ ആവശ്യപ്പെട്ട സംഘം ഇവരെ ഫോണില്‍ വിളിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി അടക്കം പല പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കും ഇവര്‍ ഭീഷണിക്കത്തുകള്‍ അയച്ചതായി കണ്ടെത്തിയിട്ടുണ്ട്.

വയനാട് കേന്ദ്രീകരിച്ചുള്ള മാവോയ്സ്റ്റ് കബനീദളം പ്രവര്‍ത്തിക്കുന്നത് കോഴിക്കോട് ജില്ലയോടു ചേര്‍ന്ന വന മേഖലയിലായതിനാല്‍ ജില്ല കേന്ദ്രീകരിച്ച് മാവോയിസ്റ്റുകളുടെ സ്ലീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് നേരത്തെ സൂചനകളുണ്ടായിരുന്നു. വയനാട്ടിലെ വെള്ളമുണ്ട-പടിഞ്ഞാറത്തറ വനമേഖലകളില്‍ മാവോയിസ്റ്റ് സാന്നിധ്യം ദീര്‍ഘനാളായി ഉണ്ട്. മാവോയിസ്റ്റുകളുടെ സായുധവിഭാഗമായ കബനീദളമാണ് ഈ മേഖലയില്‍ നിലയുറപ്പിച്ചത്. ഈ സംഘത്തില്‍പ്പെട്ടവരുമായുള്ള ഏറ്റുമുട്ടലിലാണ് നേരത്തെ മാവോയിസ്റ്റ് കൊല്ലപ്പെട്ടത്.

കര്‍ണാടകത്തില്‍ നിന്നുള്ള ജയണ്ണ, സുരേഷ് എന്നീ പ്രമുഖ മാവോയിസ്റ്റുകള്‍ നേതൃത്വം നല്‍കുന്ന സേനയാണ് കബനീദളം രണ്ട്. വയനാടിനൊപ്പം കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, വിലങ്ങാട് മേഖലയും ഇവരുടെ പ്രവര്‍ത്തന കേന്ദ്രമാണ്. ഏഴ് പേരാണ് നേരത്തെ ഈ സംഘത്തിലുണ്ടായിരുന്നത്. ഇപ്പോള്‍ എത്ര പേര്‍ ഉണ്ടെന്നോ പ്രവര്‍ത്തന കേന്ദ്രം എങ്ങോട്ടെല്ലാം വികസിപ്പിച്ചെന്നോ വ്യക്തമായ രൂപമില്ല. ഈ മേഖലയില്‍ തണ്ടര്‍ ബോള്‍ട്ട് നിരന്തരം നിരീക്ഷണം നടത്തുന്നുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ വോട്ട് ബഹിഷ്‌ക്കരണ ആഹ്വാനവുമായി കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സി പി ഐ (മാവോയിസ്റ്റ്) നാടുകാണി ഏരിയ സമിതിയുടെ പേരില്‍ തിരുവമ്പാടി മുത്തപ്പന്‍ പുഴ പ്രദേശത്താണ് പോസ്റ്ററുകള്‍ കണ്ടത്. പോസ്റ്റര്‍ പതിപ്പിക്കാന്‍ നാല് പേര്‍ അടങ്ങുന്ന സംഘമാണ് എത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പല്ല ജനകീയ യുദ്ധമാണ് വിമോചനത്തിന്റെ പാതയെന്നും മതേതര ജാതിരഹിത ജനാധിപത്യ ഇന്ത്യ കെട്ടിപ്പടുക്കാന്‍ ജനകീയ യുദ്ധത്തില്‍ അണിനിരക്കണമെന്നും കോര്‍പ്പറേറ്റുകളെയും ബ്രാഹ്മണ്യ ഹിന്ദു ഫാസിസത്തെയും നേരിടാന്‍ സായുധരാവണമെന്നും പോസ്റ്ററുകളിലൂടെ ആവശ്യപ്പെട്ടിരുന്നു.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത പന്തീരങ്കാവിലെ ത്വാഹ ഫസലിന്റേയും അലന്‍ ശുഐബിന്റെയും പേരില്‍ യു എ പി എ ചുമത്തിയത് നഗരത്തില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരുന്നു. 2019 നവംബര്‍ ഒന്നിനാണ് ഇരുവരെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനു ശേഷം ഒരു മാസത്തിനുള്ളില്‍ കേസന്വേഷണം എന്‍ ഐ എ ഏറ്റെടുക്കുകയായിരുന്നു. ഇവരുടെ മനുഷ്യാവകാശത്തിനു വേണ്ടി ഉയര്‍ന്ന പ്രക്ഷോഭങ്ങളില്‍ മാവോയിസ്റ്റ് അനുകൂലികള്‍ പങ്കെടുത്തിരുന്നോ എന്ന് പോലീസ് നിരീക്ഷിച്ചിരുന്നു.

2016 ല്‍ നിലമ്പൂര്‍ കാടുകളില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കള്‍ കുപ്പുദേവരാജിന്റെയും അജിതയുടെയും മൃതദേഹം കോഴിക്കോട്ടാണു സംസ്‌ക്കരിച്ചത്. മൃതദേഹം ഏറ്റുവാങ്ങാനും ഇവര്‍ക്ക് അന്ത്യോപചാരമര്‍പ്പിക്കാനും മറ്റും എത്തിയ പലരും അന്നുമുതല്‍ പോലീസ് നീരീക്ഷണത്തിലായിരുന്നു.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest