Connect with us

National

പോലീസ് നടത്തിയ ചര്‍ച്ച പരാജയം; പാര്‍ലിമെന്റിന് മുന്നിലെ സമരവുമായി മുന്നോട്ടെന്ന് കര്‍ഷക സംഘടനകള്‍

Published

|

Last Updated

ന്യൂഡല്‍ഹി | പാര്‍ലിമെന്റ് മന്ദിരത്തിന് മുന്നില്‍ ഈമാസം 22 മുതല്‍ നടത്താന്‍ തീരുമാനിച്ച ഉപരോധ സമരവുമായി മുന്നോട്ട് പോകുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍. ധര്‍ണയ്ക്ക് അനുമതി നല്‍കാനാകില്ലെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കിയിരുന്നു. കൊവിഡ് സാഹചര്യത്തില്‍ ധര്‍ണ നടത്താനുള്ള തീരുമാനം പുനപ്പരിശോധിക്കണം, അതീവ സുരക്ഷ മേഖലയായ പാര്‍ലിമെന്റിന് മുന്നില്‍ നിന്ന് സമരവേദി മറ്റൊരിടത്തേക്ക് മാറ്റണം തുടങ്ങിയ പോലീസ് നിര്‍ദേശങ്ങള്‍ കര്‍ഷകര്‍ തള്ളിക്കളഞ്ഞിരുന്നു.

പാര്‍ലിമെന്റിന് മുന്നില്‍ നടത്താന്‍ നിശ്ചയിച്ച ധര്‍ണയില്‍ നിന്നും ഒരു കാരണവശാലും പിന്നോട്ട് പോകില്ലെന്ന് പോലീസുമായുള്ള ചര്‍ച്ചയില്‍ കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. പാര്‍ലിമെന്റ് സമ്മേളനത്തിനിടെ ഓരോ ദിവസവും 200 പേര്‍ ധര്‍ണ നടത്തും. സമരാംഗങ്ങളുടെ എണ്ണത്തില്‍ കുറവ് വരുത്തില്ല. പങ്കെടുക്കുന്ന കര്‍ഷകര്‍ക്ക് തിരിച്ചറിയല്‍ ബാഡ്ജ് നല്‍കും. ദിവസവും പാര്‍ലിമെന്റിന് മുന്നിലെ ധര്‍ണക്ക് ശേഷം അവര്‍ സമരഭൂമിയിലേക്ക് മടങ്ങും.

പങ്കെടുക്കുന്നവരുടെ പേര് വിവരങ്ങള്‍ നേരത്തെ പോലീസിന് കൈമാറാന്‍ തയാറാണെന്ന് സംഘടനാ പ്രതിനിധികള്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. ഉപരോധ സമരത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ ഏഴ് മെട്രോ സ്റ്റേഷനുകള്‍ക്ക് പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ സ്റ്റേഷന്‍ അടയ്ക്കാമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. അതിനിടെ, കര്‍ഷകരുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു. പ്രതിഷേധം അവസാനിപ്പിച്ച് കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് എത്തണമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ആവശ്യപ്പെട്ടു.