Connect with us

Gulf

ഹാജിമാരെത്തി; മിനാ താഴ്വര ലബ്ബൈക്ക് മന്ത്രധ്വനികളാല്‍ മുഖരിതം

Published

|

Last Updated

മക്ക | ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്…. പുണ്യ ഭൂമിയില്‍ ഇനി അഞ്ച് നാളുകള്‍ ഈ മന്ത്രം മാത്രം. നാഥാ നിന്റെ വിളിക്കുത്തരം ചെയ്തത് ഞങ്ങളിതാ നിന്റെ പുണ്യഭൂമിയിലെത്തിയിരിക്കുന്നു. സ്രഷ്ടാവിന്റെ വിളിക്കുത്തരം നല്‍കി ഇബ്‌റാഹീം നബിയുടെ ത്യാഗസ്മരണയില്‍ ഹാജിമാര്‍ മിനയിലെത്തിയതോടെ മിനാ താഴ്വര ലബ്ബൈക്ക് മന്ത്രധ്വനികളാല്‍ മുഖരിതമായി.
വിശുദ്ധ ഹജ്ജ് കര്‍മത്തിന് ഹാജിമാര്‍ മിനാ താഴ്വര ലക്ഷ്യമാക്കി തമ്പുകളുടെ നഗരിയിലെത്തി. രണ്ട് ദിനങ്ങളിലായി മക്കയിലെത്തിയ ഹാജിമാര്‍ ഖുദൂമിന്റെ ത്വവാഫ് കര്‍മം പൂര്‍ത്തിയാക്കി മുതവ്വിഫ് വളണ്ടിയര്‍മാര്‍ക്കൊപ്പം ലബ്ബൈക്കയുടെ മന്ത്രങ്ങളുരുവിട്ടാണ് മിനയിലെത്തിച്ചേര്‍ന്നത്.

ഇനിയുള്ള അഞ്ചു ദിനരാത്രങ്ങള്‍ മിനയും അറഫയും മുസ്ദലിഫയും ശുഭ്രവസ്ത്ര ധാരികളാല്‍ ഭക്തിസാന്ദ്രമാകും. ആഗോളതലത്തില്‍ പടര്‍ന്ന് പിടിച്ച കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷവും ഹജ്ജ് കര്‍മ്മം സഊദിയില്‍ കഴിയുന്നവര്‍ക്ക് മാത്രമാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. സ്വദേശികളും വിദേശികളുമായി 60,000 പേരാണ് ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കുന്നത്. തല്‍ബിയത്തിലും ദിക്റുകളിലും ഖുര്‍ആന്‍ പാരായണത്തിലും ഒരു രാത്രി മുഴുവന്‍ കഴിയുന്ന ഹാജിമാര്‍ ശരീരത്തെയും,മനസ്സിനെയും പാകപ്പെടുത്തി ഭക്തിസാന്ദ്രമായ മനസ്സുമായാണ് സുബഹി നിസ്‌കാര ശേഷം അറഫ ലക്ഷ്യമാക്കി നീങ്ങുക. 5,58,270 പേരാണ് ഈ വര്‍ഷം ഓണ്‍ലൈന്‍ വഴി ഹജ്ജിന് രജിസ്റ്റര്‍ ചെയ്തിരുന്നതെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം 1,000 പേര്‍ക്കായിരുന്നു ഹജ്ജിന് അനുമതി നല്‍കിയിരുന്നത്.

സിറാജ് പ്രതിനിധി, ദമാം

---- facebook comment plugin here -----

Latest