Connect with us

Editorial

പ്ലസ് വൺ: തെക്ക് വടക്ക് അസന്തുലിതാവസ്ഥ

Published

|

Last Updated

ഇത്തവണ എസ് എസ് എൽ സി പരീക്ഷാഫലം വിജയ ശതമാനത്തിലും മുഴുവൻ എ പ്ലസ് നേടിയവരുടെ എണ്ണത്തിലും പുതിയ ചരിത്രം രചിച്ചപ്പോൾ മലബാറിലെ വിജയികൾ കടുത്ത ആശങ്കയിലാണ്. തൃശൂർ ഉൾപ്പെടെ മലബാർ മേഖലയിലെ ഏഴ് ജില്ലകളിൽ എസ് എസ് എൽ സി വിജയികളുടെ എണ്ണം 2,58,946 വരും. അതേസമയം ഒരു ബാച്ചിൽ അമ്പത് എന്ന കണക്കിൽ ഈ ജില്ലകളിലാകെ പ്ലസ്- വൺ സീറ്റുകളുടെ എണ്ണം 1,99,276 മാത്രവും. 59,760 വിദ്യാർഥികൾ ഉപരിപഠനത്തിനു സീറ്റ് കിട്ടാതെ അലയേണ്ടി വരും മലബാർ മേഖലയിൽ. ഉയർന്ന മാർക്ക് വാങ്ങി വിജയിച്ചവർ പോലും ഇവിടെ കടുത്ത അനിശ്ചിതത്വത്തിലേക്ക് തള്ളപ്പെടുന്നു. അതേസമയം എസ് എസ് എൽ സി പരീക്ഷ എഴുതിയവരേക്കാൾ ആയിരക്കണക്കിനു ഹയർ സെക്കൻഡറി സീറ്റുകൾ അധികമുണ്ട് എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള തെക്കൻ ജില്ലകളിൽ. പ്ലസ് ടു അല്ലാത്ത കോഴ്‌സുകളിലെ സീറ്റുകൾ കണക്കിലെടുത്താലും ഈ പ്രതിസന്ധി നീങ്ങില്ല.

മലപ്പുറം ജില്ലയിലാണ് മലബാർ മേഖലയിൽ ഹയർ സെക്കൻഡറി തലത്തിൽ സീറ്റുകളുടെ അപര്യാപ്തത ഏറ്റവും രൂക്ഷമായിരിക്കുന്നത്. ജില്ലയിൽ ഈ വർഷം 75,554 വിദ്യാർഥികൾ എസ് എസ് എൽ സി പാസ്സായി. പ്ലസ് വൺ സീറ്റുകളുടെ എണ്ണം 53,225ഉം. 22,329 പേർ പുറത്താകും. ജില്ലയിൽ മുഴുവൻ എ പ്ലസ് നേടിയ 18,970 കുട്ടികളിൽ അയ്യായിരത്തിലധികം പേർക്ക് സയൻസ് ഗ്രൂപ്പെടുത്ത് പഠിക്കാനുള്ള അവസരമില്ലാത്ത അവസ്ഥയാണ്. അതേസമയം തിരുവനന്തപുരം ജില്ലയിൽ സയൻസിനായി മാറ്റിവെച്ച പ്ലസ് വൺ സീറ്റുകളുടെ എണ്ണം എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണത്തിന്റെ ഇരട്ടിവരും. ജില്ലയിൽ സയൻസ് സീറ്റുകളുടെ എണ്ണം 18,450 ആണ്. മുഴുവൻ എ പ്ലസ് നേടിയവരുടെ എണ്ണം 9,909ഉം. ഉപരിപഠനത്തിനു മലബാർ മേഖലയിലെ നല്ലൊരു വിഭാഗം വിദ്യാർഥികൾക്ക് അൺ എയ്ഡഡ് സ്‌കൂളിൽ കനത്ത ഫീസ് നൽകിയോ, ഓപ്പൺ സ്‌കൂളിൽ രജിസ്റ്റർ ചെയ്തോ പഠിക്കേണ്ടി വരും. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പരാധീനതകളിൽ നട്ടം തിരിയുന്ന സാധാരണക്കാരെ ഇത് കടുത്ത പ്രയാസത്തിലാക്കും.
എല്ലാ വർഷവും ചർച്ചക്കു വിഷയീഭവിക്കാറുള്ളതാണ് മലബാറിലെ ഉപരിപഠന സൗകര്യങ്ങളിലെ അപര്യാപ്തതയും തൃശൂരിനു വടക്കും തെക്കും തമ്മിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങളിലെ അസന്തുലിതാവസ്ഥയും. 1998 മുതലാണ് കോളജുകളിൽ നിന്നു പ്രീ ഡിഗ്രി വേർപെടുത്തി സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമായ പ്ലസ് ടു കോഴ്സാക്കി മാറ്റിയത്. അന്ന് എസ് എസ് എൽ സി വിജയികളുടെ എണ്ണത്തിനു ആനുപാതികമായി പ്ലസ് വൺ ബാച്ചുകളും സീറ്റുകളും അനുവദിക്കുന്നതിന് പകരം മറ്റു പല പരിഗണനകളിലാണ് ഹയർ സെക്കൻഡറി ബാച്ചുകൾ അനുവദിച്ചത്. തിരുക്കൊച്ചി മേഖലയെ അപേക്ഷിച്ചു മലബാറിൽ ഗവൺമെന്റ്, എയ്ഡഡ് മേഖലയിൽ ഹൈസ്‌കളുകൾ കുറവായിരുന്നിട്ടു പോലും ആവശ്യമായ വിദ്യാലയങ്ങളിൽ പ്ലസ് വൺ അനുവദിച്ചില്ല. അതേസമയം പ്ലസ് വൺ ആരംഭിച്ച ആദ്യ വർഷങ്ങളിൽ തന്നെ തിരുക്കൊച്ചി മേഖലയിൽ ആവശ്യമായ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുകയും ചെയ്തു. അന്നു തുടങ്ങിയ ഈ അസന്തുലിതാവസ്ഥ ഇന്നും പരിഹരിക്കപ്പെടാതെ തുടരുകയാണ്. മാറിമാറി വന്ന ഇടത്, വലത് സർക്കാറുകൾ ഇത് പരിഹരിക്കാൻ യാതൊരു ശ്രമവും നടത്തിയില്ല. 1956 മുതൽ 2014 വരെ കാലയളവിൽ 37 വർഷം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തത് മലബാറുകാരാണ്. ഇവരിൽ കൂടുതൽ പേർ ലീഗ് മന്ത്രിമാരായിരുന്നു. എന്നിട്ടും ഈ പ്രശ്‌നം പരിഹരിക്കപ്പെടാതെ കിടന്നു.

ഓരോ വർഷവും സ്‌കൂളുകളിൽ സീറ്റുകളുടെ എണ്ണം 10- 20 ശതമാന വർധിപ്പിച്ചാണ് സർക്കാർ പ്രശ്‌നം പരിഹരിച്ചു വരുന്നത്. പ്രവേശന നടപടിക്രമങ്ങൾ അവസാനിച്ച ശേഷം തെക്കൻ കേരളത്തിലെ ബാക്കി വരുന്ന ബാച്ചുകൾ ക്രമീകരിക്കുക വഴിയും മലബാറിലെ സീറ്റുകൾ വർധിപ്പിക്കാറുണ്ട്. താത്കാലിക പരിഹാരം മാത്രമാണ് ഇവ രണ്ടും. അടുത്ത വർഷത്തേക്ക് നിലനിൽക്കില്ല. മാത്രമല്ല, പല സ്‌കൂളുകളിലും 50 കുട്ടികൾക്ക് തന്നെ കഷ്ടിച്ചു പഠനം പൂർത്തിയാക്കാൻ വേണ്ട പരിമിതമായ അടിസ്ഥാന സൗകര്യങ്ങളേ ഉണ്ടാവുകയുള്ളൂ. ഇവിടെ സീറ്റ് 60 ആക്കി വർധിപ്പിക്കുമ്പോൾ ക്ലാസ്സുകളിൽ വിദ്യാർഥികൾ തിങ്ങിഞെരുങ്ങി ഇരിക്കേണ്ടി വരുന്നു. മികച്ച അക്കാദമിക് വിജയത്തിന് അധ്യാപക- വിദ്യാർഥി അനുപാതം പരമാവധി കുറക്കണമെന്ന ആഗോളതലത്തിൽ നിലനിൽക്കുന്ന തത്വത്തിനു കടകവിരുദ്ധമാണിത്. ലാബ് പോലുള്ള പഠന ഗവേഷണ പ്രവർത്തനങ്ങൾക്കും കുട്ടികളുടെ എണ്ണക്കൂടുതൽ പ്രയാസം സൃഷ്ടിക്കും. ഇക്കാര്യത്തിൽ ശാസ്ത്രീയവും സ്ഥിരവുമായ ഒരു പരിഹാരമാണ് വേണ്ടത്. തിരുക്കൊച്ചി മേഖലയിൽ ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകൾ സ്ഥിരമായി മലബാറിലേക്ക് മാറ്റുക, ഇനിയും പ്ലസ് ടു അനുവദിച്ചിട്ടില്ലാത്ത മലബാർ ജില്ലകളിലെ ഗവൺമെന്റ് ഹൈസ്‌കൂളുകളിൽ പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുക, നിലവിലെ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ആവശ്യാനുസരണം അഡീഷനൽ ബാച്ചുകൾ അനുവദിക്കുക, ഗവൺമെന്റ്- എയിഡഡ് മേഖലയിൽ പുതിയ ഹയർ സെക്കൻഡറി സ്‌കൂളുകൾ അനുവദിക്കുക എന്നിവയാണ് ശ്വാശ്വത പരിഹാര മാർഗങ്ങൾ. ഓരോ പഞ്ചായത്തിലും പത്താം ക്ലാസ്സ് പാസ്സാകുന്ന മുഴുവൻ വിദ്യാർഥികൾക്കും അതേ പഞ്ചായത്ത് പരിധിയിൽ തുടർ പഠനത്തിനാവശ്യമായ സൗകര്യങ്ങൾ സജ്ജമാക്കേണ്ടതുണ്ട്.
ബിരുദ, ബിരുദാനന്തര മേഖലകളിലുമുണ്ട് മലബാർ മേഖലയിൽ സമാനമായ അസന്തുലിതാസ്ഥ. ഹയർ സെക്കൻഡറി പാസ്സാകുന്നവർക്കു തുടർ പഠനത്തിനാവശ്യമായ മതിയായ ബിരുദ സീറ്റുകളില്ല. പുതിയ കോളജുകളും കോഴ്‌സുകളും അധിക സീറ്റുകളും ഉന്നത വിദ്യാഭ്യാസ മേഖലയിലും അനുവദിക്കേണ്ടതുണ്ട്.

വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് മലബാറിലുള്ള പിന്നാക്കാവസ്ഥ പരിഹരിക്കാൻ ഉതകുന്ന വിധം സൗകര്യങ്ങൾ വർധിപ്പിക്കുകയും വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ ഇടങ്ങളിൽ കൂടുതൽ സ്ഥാപനങ്ങൾ അനുവദിക്കുകയും ചെയ്യുമെന്ന് ഇടതുമുന്നണി അതിന്റെ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രത്യേക പാക്കേജ് പ്രഖ്യാപനം വഴിയോ മറ്റോ ഇക്കാര്യത്തിൽ ഒരു അടിയന്തര നടപടിക്ക് സർക്കാർ സന്നദ്ധമാകേണ്ടിയിരിക്കുന്നു. തെക്കൻ ജില്ലകളിലെ സൗകര്യങ്ങൾ നിലനിർത്തുന്നതിനൊപ്പം ആ നിലയിലേക്ക് വടക്കൻ ജില്ലകളെയും ഉയർത്തുകയാണ് വേണ്ടത്.

Latest