Connect with us

Articles

‘ഐ ഷൂട്ട് ഫോര്‍ കോമണ്‍ മാന്‍'

Published

|

Last Updated

വാര്‍ത്തകള്‍ക്കുള്ളിലെ മാനുഷിക മുഖം തിരഞ്ഞ ഫോട്ടോ ജേണലിസ്റ്റായിരുന്നു ഇന്നലെ അഫ്ഗാനില്‍ കൊല്ലപ്പെട്ട ഡാനിഷ് സിദ്ദീഖി. പുലിറ്റ്‌സര്‍ സമ്മാന ജേതാവായ ഡാനിഷ് സിദ്ദീഖിയുടെ മരണം ഒരു ഞെട്ടലോടെയാണ് മാധ്യമലോകം ശ്രവിച്ചത്. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ താലിബാന്‍ പോരാളികളും അഫ്ഗാന്‍ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട അദ്ദേഹം, ഒരു പതിറ്റാണ്ടിലേറെക്കാലം അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന് വേണ്ടി ലോകത്തെ പിടിച്ചുലച്ച സംഭവങ്ങള്‍ തന്റെ ക്യാമറയില്‍ പകര്‍ത്തി.

മ്യാന്‍മറിലെ ന്യൂനപക്ഷ ജനതയായ റോഹിംഗ്യന്‍ സമൂഹം അഭിമുഖീകരിക്കേണ്ടിവന്ന ദുരിതങ്ങള്‍ പകര്‍ത്തിയതിന് 2018ലെ ഫീച്ചര്‍ ഫോട്ടോഗ്രഫിക്കുള്ള പുലിറ്റ്‌സര്‍ സമ്മാനം അദ്ദേഹം നേടിയിരുന്നു. അടുത്തിടെ കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ ഡല്‍ഹിയില്‍ അദ്ദേഹം പകര്‍ത്തിയ തിങ്ങിനിറഞ്ഞ ആശുപത്രികളുടെയും കൂട്ട ശവസംസ്‌കാരങ്ങളുടെയും ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അഫ്ഗാന്‍, ഇറാന്‍ യുദ്ധങ്ങള്‍ ഉള്‍പ്പെടെ ഏഷ്യയിലും മിഡില്‍ ഈസ്റ്റിലും യൂറോപ്പിലുമായി നിരവധി സംഭവങ്ങള്‍ ഒരു ഫോട്ടോ ജേണലിസ്റ്റ് എന്ന നിലയില്‍ അദ്ദേഹം കവര്‍ ചെയ്തിട്ടുണ്ട്. പൗരത്വ നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടന്ന പ്രക്ഷോഭം, ഹോങ്കോംഗിലെ പ്രതിഷേധം, നേപ്പാളിലെ ഭൂകമ്പം, സ്വിറ്റ്‌സര്‍ലാന്‍ഡില്‍ രാഷ്ട്രീയാഭയം തേടിയവരുടെ ജീവിതാവസ്ഥകള്‍…എല്ലാം അദ്ദേഹത്തിന്റെ ക്യാമറക്കണ്ണിലൂടെ ലോകം കണ്ടു.

അയല്‍ക്കാരനില്‍ നിന്ന് കടം വാങ്ങിയ ക്യാമറയും സ്വരുക്കൂട്ടിയ പോക്കറ്റ്മണി കൊണ്ട് വാങ്ങിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫിലിമുമായി ഹിമാലയത്തിലേക്ക് പോയ സ്‌കൂള്‍ ടൂര്‍ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഫോട്ടോഗ്രഫി അനുഭവം. ഒരു ടെലിവിഷന്‍ ജേണലിസ്റ്റായി ജീവിതമാരംഭിച്ച ഡാനിഷ് സിദ്ദീഖി തുടര്‍ന്ന് ഫോട്ടോഗ്രഫി തന്റെ സ്ഥിരം തട്ടകമാക്കുകയായിരുന്നു. ഐ ഷൂട്ട് ഫോര്‍ കോമണ്‍ മാന്‍ എന്ന് പ്രഖ്യാപിച്ച ഡാനിഷ് സിദ്ദീഖി, സാധാരണക്കാര്‍ക്ക് അപ്രാപ്യമായ ഒരിടത്തെ സംഭവം കാണാനും അറിയാനും ആഗ്രഹിക്കുന്നവര്‍ക്കായി ചിത്രങ്ങള്‍ പകര്‍ത്തി.

അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധനേടിയ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ നാഷനല്‍ ജിയോഗ്രാഫിക് മാഗസിന്‍, ന്യൂയോര്‍ക്ക് ടൈംസ്, ദ ഗാര്‍ഡിയന്‍, ദ വാഷിംഗ്ടണ്‍ പോസ്റ്റ്, വാള്‍സ്ട്രീറ്റ് ജേണല്‍, ടൈം മാഗസിന്‍, ഫോബ്‌സ് തുടങ്ങി നിരവധി അന്താരാഷ്ട്ര മാഗസിനുകളിലും പത്രങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയെക്കൂടാതെ യു എസ്, യു കെ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഒട്ടനവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

---- facebook comment plugin here -----

Latest