Connect with us

Kerala

സര്‍ക്കാര്‍ തീരുമാനം സര്‍വകക്ഷി യോഗത്തിന് ശേഷം: എ വിജയരാഘവന്‍

Published

|

Last Updated

ആലപ്പുഴ |  ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ജനസംഖ്യാടിസ്ഥാനത്തില്‍ വിതരണം ചെയ്യാനുള്ള തീരുമാനം സര്‍വകക്ഷിയോഗം വിളിച്ച് ആശയവിനിമയം നടത്തിയതിന് ശേഷം എടുത്തതാണെന്ന് സി പി എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. ഒരാളുടെ ആനുകൂല്യവും നഷ്ടപ്പെടുന്നില്ല. എത്ര സ്‌കോളര്‍ഷിപ്പുകളാണോ കൊടുത്തുവരുന്നത് അത് തുടരും. പുതുതായി കൊടുക്കേണ്ടി വരുന്നതിനാണ് സര്‍ക്കാര്‍ പുതുതായി വിഭവം കണ്ടെത്തി കൊടുക്കാന്‍ സന്നദ്ധമാകുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യു ഡി എഫിനകത്ത് മുസ്ലിം ലീഗാണ് വ്യത്യസ്തമായ നിലപാട് സ്വീകരിച്ചു കാണുന്നത്. വിഷയത്തെ മറ്റൊരു തരത്തില്‍ തിരിച്ചുവിടാന്‍ അവര്‍ ശ്രമിക്കുന്നുണ്ടോ എന്ന് സംശയിക്കാനിട നല്‍കുന്ന ചില പ്രസ്താവനകളാണ് കണ്ടിട്ടുള്ളത്. കേരള ഹൈക്കോടതി ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച് ചില മാറ്റങ്ങള്‍ വേണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. കോടതിവിധിയെ തുടര്‍ന്ന് നിലവിലുള്ളതില്‍ മാറ്റം വരുത്തേണ്ടതുണ്ട്. എന്നാല്‍ സര്‍ക്കാര്‍ എല്ലാവരുമായി ആശയവിനിമയം നടത്തി ഇക്കാര്യത്തില്‍ തീരുമാനം എടുത്തതാണ്.

ഈ വിഷയത്തില്‍ നമ്മുടെ സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്ന തരത്തില്‍ ആരും പ്രതികരണങ്ങള്‍ നടത്തിക്കൂടാത്തതാണ്. ആ നിലയില്‍തന്നെയാണ് കേരളം ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുള്ളതെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

Latest