Connect with us

Kerala

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: സര്‍ക്കാര്‍ നടപടിയെച്ചൊല്ലി യു ഡി എഫിനുള്ളില്‍ കലഹം

Published

|

Last Updated

മലപ്പുറം |  ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് നേരത്തെയുണ്ടായിരുന്ന അനുപാതം മാറ്റി ജനസംഖ്യാടിസ്ഥാനത്തിലാക്കിയ ഇടത് സര്‍ക്കാര്‍ നടപടിയെ ചൊല്ലി യു ഡി എഫിനുള്ളില്‍ രൂക്ഷ അഭിപ്രായ വിത്യാസം. തന്റെ ആദ്യ അഭിപ്രായത്തിനെതിരെ ലീഗ് ശക്തമായി രംഗത്തെത്തിയതോടെ തിരുത്തലുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. മുസ്ലിം വിഭാഗത്തിന് നഷ്ടം ഒന്നും സംഭവിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ നടപടിയെ ഭാഗികമായി സ്വാഗതം ചെയ്യുന്നതായുമായിരുന്നു പ്രതിപക്ഷ നേതാവ് സതീശന്‍ ആദ്യം പറഞ്ഞത്. യു ഡി എഫ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ ഭൂരിഭക്ഷവും അംഗീകരിക്കപ്പെട്ടെന്നും സതീശന്‍ പറഞ്ഞിരുന്നു. ഇതിനെതിരെ ശക്തമായ ഭാഷയില്‍ വിമര്‍ശനവുമായി ലീഗ് രംഗത്തെത്തി. സര്‍ക്കാര്‍ തീരുമാനത്തെ സതീശന്‍ അംഗീകരിച്ചെങ്കില്‍ അത് തെറ്റാണെന്ന് ലീഗ് പറഞ്ഞു. ബി ജെ പി അല്ലാതെ ആരും സര്‍ക്കാര്‍ തീരുമാനത്തെ അംഗീകരിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അനാവശ്യമായ വിഭാഗീയത ഉണ്ടാക്കുന്ന ചര്‍ച്ച സര്‍ക്കാര്‍ മുന്‍കൈ എടുത്ത് കൊണ്ടുവരികയാണ്. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഒരു സ്‌കോളര്‍ഷിപ്പ് മാത്രമല്ല. ഇന്ത്യയിലെ മുസ്ലിം പിന്നാക്കവസ്ഥയുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ രൂപീകരിച്ചതാണ് സച്ചാര്‍ കമ്മീഷന്‍. ആ കമ്മീഷന്‍ നിര്‍ദേശിച്ച ശിപാര്‍ശകള്‍ നടപ്പിലാക്കാന്‍ കേരളത്തില്‍ ഇടത് സര്‍ക്കാര്‍ പാലോളി കമ്മീഷന്‍ രൂപവത്കരിച്ചു.

അവരാണ് 80:20 അനുപാതമാക്കിയത്. അതാണ് ഈ ചര്‍ച്ചമുഴുവനും ഉണ്ടാക്കിയത്. ഒരു സമുദായത്തിലെ പിന്നാക്കാവിഭാഗത്തിലുള്ളവരെ പഠിച്ച് കൊണ്ടുവന്ന പദ്ധതിയണിത്. അതിനെയാണ് ഇങ്ങനെ വികലമാക്കിയത്. മറ്റു ന്യൂനപക്ഷങ്ങള്‍ക്ക് ഒരു കമ്മീഷന്‍ വെച്ച് മറ്റൊരു സ്‌കീം കൊണ്ടുവന്നാല്‍ മതി. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന് പകരം ആദ്യം വെട്ടിക്കുറച്ചു. ഇപ്പോള്‍ ഇല്ലാതാക്കുകയാണ് ഇടത് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. അതൊരു സത്യമാണ്. ആ വസ്തുതയാണ് ഞങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സതീശന്‍ കൂടുതല്‍ വിശദീകരണം നല്‍കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

ഇ ടി മുഹമ്മദ് ബശീറും വി ഡി സതീശന്റെ പ്രസ്താവന തെറ്റാണെന്ന് പറഞ്ഞ് രംഗത്തെത്തി. ഇതോടെ പുതിയ വിശദീകരണവുമായി സതീശന്‍ രംഗത്തെത്തി. ആര്‍ക്കും നഷ്ടം സംഭവിച്ചിട്ടില്ലെന്ന തന്റെ മുന്‍നിലപാട് തിരുത്തിയ അദ്ദേഹം മുസ്ലിം സമുദായത്തിന് നഷ്ടമുണ്ടായെന്ന് പറഞ്ഞു. എന്നാല്‍ യു ഡി എഫ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചെന്ന തന്റെ മുന്‍പ്രസ്താവന വീണ്ടും അദ്ദേഹം ആവര്‍ത്തിച്ചു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച് കോണ്‍ഗ്രസ്- ലീഗ് ഭിന്നത വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചയാകുമെന്ന് ഉറപ്പ്.