Connect with us

Kerala

മൂന്ന് റിങ്ങിനുള്ളില്‍ ഫോണെടുക്കണം, സൗമ്യമായി സംസാരിക്കണം, നന്ദി പറയണം; പഞ്ചായത്തുകള്‍ക്ക് ഡയറക്ടറുടെ നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളില്‍ സേവനങ്ങളുടെയും കാര്യക്ഷമതയുടേയും വേഗത വര്‍ധിപ്പിക്കുന്നതിനായി പഞ്ചായത്ത് ഡയറക്ടറുടെ പുതിയ നിര്‍ദേശമെത്തി.
ഇനി മുതല്‍ ഫോണ്‍ കോളുകള്‍ മൂന്ന് റിങ്ങിനുള്ളില്‍ എടുക്കണമെന്ന് പഞ്ചായത്ത് ഡയറക്ടറുടെ നിര്‍ദേശം. സംസാരിക്കുന്ന ഉദ്യോഗസ്ഥന്‍ ഏറ്റവും സൗമ്യമായ ഭാഷയിലായിരിക്കണം സംസാരിക്കേണ്ടതെന്നും പഞ്ചായത്ത് ഡയറക്ടര്‍ എം പി അജിത് കുമാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

പഞ്ചായത്തുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനം, ജീവനക്കാരുടെ മനോഭാവത്തിലെ മാറ്റം എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നിര്‍ദേശം. ഫോണ്‍ എടുക്കുമ്പോഴും വിളിക്കുമ്പോഴും ഉദ്യോഗസ്ഥന്‍ പേര്, ഓഫീസ്, തസ്തിക ഉള്‍പ്പെടെ സ്വയം പരിചയപ്പെടുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ഫോണ്‍ കട്ടു ചെയ്യുന്നതിന് മുമ്പ് വേറെ ആര്‍ക്കെങ്കിലും കൈമാറേണ്ടതുണ്ടോ എന്ന് വിളിക്കുന്നയാളോട് ചോദിക്കണം. സംഭാഷണം അവസാനിപ്പിക്കുമ്പോള്‍ വിളിച്ചയാളോട് നന്ദി പറയണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
ഇക്കാര്യങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടത് മേലധികാരികളുടെ ഉത്തരവാദിത്വമാണെന്നും സര്‍ക്കുലറിലുണ്ട്.

Latest