Connect with us

Gulf

അല്ലാഹുവിന്റെ അഥിതികളെ സ്വീകരിക്കാന്‍ തമ്പുകളുടെ നഗരി ഒരുങ്ങി

Published

|

Last Updated

മക്ക | വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനായി പുണ്യഭൂമിയിലെത്തുന്ന അറുപതിനായിരം അതിഥികളെ സ്വീകരിക്കാന്‍ തമ്പുകളുടെ നഗരിയായ മിന ഒരുങ്ങി. 25,00,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് തമ്പുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ദുല്‍ഹിജ്ജ ഏഴിനും എട്ടിനുമാണ് ഹാജിമാര്‍ മക്കയിലെത്തിച്ചേരുക. ഇഹ്‌റാം കര്‍മ്മം പൂര്‍ത്തിയാക്കി മസ്ജിദുല്‍ ഹറമിലെത്തി, അനുവദിക്കപെട്ട സമയങ്ങളില്‍ ത്വവാഫ് കര്‍മ്മം നിര്‍വ്വഹിച്ച് ഹാജിമാര്‍ മിന ലക്ഷ്യമാക്കി നീങ്ങും. മിനായില്‍ തീര്‍ഥാടകര്‍ നേരത്തെ അനുവദിക്കപ്പെട്ട തമ്പുകളിലാണ് താമസിക്കേണ്ടത്. മക്കയില്‍നിന്ന് മിനായിലേക്കും മിനായില്‍നിന്ന് അറഫയിലേക്കും അറഫയില്‍ നിന്ന് മുസ്ദലിഫയിലേക്കുമുള്ള യാത്രാ ക്രമീകരങ്ങളുടെ ചുമതലകള്‍ മുത്വവ്വിഫുമാര്‍ക്കാണ്. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ ആരംഭിക്കുന്ന ദുല്‍ഹിജ്ജ എട്ട് മുതല്‍ ഹജ്ജ് അവസാനിക്കുന്ന ദുല്‍ഹജ്ജ് പന്ത്രണ്ട് വരെയാണ് മിനായിലെ താമസം.

ഈ വര്‍ഷം കനത്ത ചൂടിലായിരിക്കും ഹജ്ജ് കര്‍മ്മങ്ങള്‍ നടക്കുക. ചൂടിനെ പ്രതിരോധിക്കുന്നതിനായി മുഴുവന്‍ തമ്പുകളിലും എയര്‍ കണ്ടീഷനിംഗ് സ സംവിധാനങ്ങള്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. വുളൂഅ് ചെയ്യുന്നതിനും പ്രത്യേക സൗകര്യങ്ങളാണ് ടെന്റുകളില്‍ ഒരുക്കിയിരിക്കുന്നത്. മിനായില്‍ താമസിക്കുന്ന ഹാജിമാര്‍ക്കുള്ള ഭക്ഷണ വിതരണത്തിനായി പ്രത്യേക കമ്പനികളെയും തിരഞ്ഞെടുത്ത് കഴിഞ്ഞിട്ടുണ്ട്. കൊവിഡ് ആരോഗ്യ സുരക്ഷയുടെ ഭാഗമായി ടെന്റുകളില്‍ കൃത്യ സമയങ്ങളില്‍ ഭക്ഷണം ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് സഊദി ഫുഡ് അതോറിറ്റി, മക്ക മുന്‍സിപ്പാലിറ്റി, ഹജ്ജ് മന്ത്രാലയം എന്നിവയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിയും പ്രവര്‍ത്തിച്ച് വരുന്നുണ്ട്.

മക്കയിലെ മസ്ജിദുല്‍ ഹറാം പള്ളിയുടെ കിഴക്ക് വശത്ത് അഞ്ചു കിലോമീറ്റര്‍ അകലെ അറഫ കുന്നിലേക്കുള്ള വഴിയിലാണ് മിന സ്ഥിതിചെയ്യുന്നത്. ഇസ്ലാമിലെ നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യമായ പ്രദേശം കൂടിയാണ് മിന താഴ്‌വാരം. 1997 ലെ ഹജ്ജ് വേളയില്‍ മിനയിലുണ്ടായ വന്‍ തീപിടുത്തത്തിന് ശേഷമാണ് പുതിയ ടെന്റുകള്‍ മാറ്റി സ്ഥാപിച്ചത്.

ആഗോളതലത്തില്‍ കൊവിഡ് വ്യാപനം റിപോര്‍ട്ട് ചെയ്തതോടെ ഈ വര്‍ഷവും ആഭ്യന്തര തീര്ഥാടകരായ അറുപതിനായിരം പേര്‍ക്കാണ് ഹജ്ജ് മന്ത്രാലയം ഹജ്ജിന് അനുമതി നല്‍കിയത്. 2019 ലെ ഹജ്ജ് കര്‍മ്മങ്ങളില്‍ 1.8 മില്ല്യണോളം വിദേശ തീര്‍ഥാടകരടക്കം 2.5 മില്ല്യണ്‍ പേര്‍ പങ്കെടുത്തിരുന്നു.

Latest