Connect with us

Articles

യാത്രാവിലക്കും പ്രവാസ ദുരിതങ്ങളും

Published

|

Last Updated

കൊവിഡ് ഒരുപാട് ജീവിത ദുരന്തങ്ങളാണ് നമുക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. പല രീതിയിലുള്ള മനുഷ്യരെയും അവരവരുടെ ജീവിതാവസ്ഥകളുമായി ബന്ധപ്പെടുത്തി കൊവിഡ് തളര്‍ത്തിക്കെടുത്തിയിരിക്കുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ ദുരിതങ്ങള്‍ അനുഭവിച്ച വിഭാഗമാണ് കുടിയേറ്റ സമൂഹങ്ങള്‍. അവര്‍ വലിയ രീതിയിലുള്ള ജീവിത പ്രതിസന്ധികളാണ് കൊവിഡിന്റെ തുടക്കം മുതല്‍ അനുഭവിച്ചു വരുന്നത്. ഇന്നവര്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയിലായിരിക്കുന്നു. ഇതില്‍പ്പെട്ട പ്രധാന വിഭാഗമാണ് ഗള്‍ഫ് തൊഴില്‍ കുടിയേറ്റ വിഭാഗമായ പ്രവാസികള്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള സംസ്ഥാനമാണ് കേരളം. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികളില്‍ അകപ്പെട്ട് അവരില്‍ 14 ലക്ഷത്തില്‍ കൂടുതല്‍ പേര്‍ തിരിച്ചെത്തിയതായാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. ഇവരില്‍ വലിയ വിഭാഗവും തിരിച്ച് ഗള്‍ഫിലേക്ക് പോകാന്‍ ഇനിയും സാഹചര്യം ഉള്ളവരും ആഗ്രഹിക്കുന്നവരുമാണ്. ഇത്തരക്കാരെയാണ് ഇന്ത്യയിലെ രണ്ടാം കൊവിഡ് തരംഗത്തെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് അക്ഷരാര്‍ഥത്തില്‍ നിശ്ചലമാക്കിയത്.

ഏപ്രില്‍ 24ന് ശേഷം തുടങ്ങിയതാണ് യാത്രാവിലക്കുകള്‍. പെരുന്നാളിനോടനുബന്ധിച്ചുള്ള അവധിക്ക് നാട്ടിലേക്ക് യാത്രപോയവരാണ് വലിയ വിഭാഗം പ്രവാസികള്‍. ഇവര്‍ വര്‍ഷങ്ങളായി വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്നവരാണ്. പ്രവാസത്തിലേക്ക് യാത്ര ചെയ്യാന്‍ തീരുമാനിച്ച മറ്റുള്ളവര്‍ ജോലി സാധ്യതയുള്ളവരും തൊഴിലന്വേഷകരുമാണ്. ഇവരെല്ലാം തന്നെ രണ്ടര മാസം പിന്നിട്ട യാത്രാവിലക്കില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇത്തരം പ്രവാസികളെക്കുറിച്ച് പൊതുസമൂഹം ചില സത്യങ്ങള്‍ അറിയേണ്ടതുണ്ട്.

ഒന്നാമതായി കൊവിഡിനെ തുടര്‍ന്ന് പല ഗള്‍ഫ് രാജ്യങ്ങളിലും രൂപപ്പെട്ടുവരുന്ന പുതിയ തൊഴില്‍ സാഹചര്യമാണ്. അതോടൊപ്പം സഊദിയും ഒമാനും ഇപ്പോഴും തുടരുന്ന സ്വദേശിവത്കരണം മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് പ്രവാസികളെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് അനുവദിച്ച ലീവിനു ശേഷം തിരിച്ചെത്താന്‍ കഴിയാത്തവര്‍ നേരിടുന്ന പിരിച്ചുവിടല്‍ സമ്മര്‍ദം. അതേ സമയത്തു തന്നെ പല തസ്തികയിലും കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യാന്‍ പുതുതലമുറ സന്നദ്ധമാണ്. ഇത് കമ്പനിക്ക് ലാഭം ഉണ്ടാക്കുന്ന വിഷയം കൂടിയാണ്. പല രീതിയിലും ചെലവ് ചുരുക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാകുമ്പോള്‍ ഇത്തരം അവസരങ്ങള്‍ കമ്പനികള്‍ പരമാവധി പ്രയോജനപ്പെടുത്തുക തന്നെ ചെയ്യും. എന്നു മാത്രമല്ല പുതിയ തലമുറയില്‍ നിന്നുള്ളവരെ കൂടുതല്‍ പ്രയോജനപ്പെടുത്താനും കമ്പനികള്‍ക്ക് കഴിയും.

ഇത് തൊഴില്‍ സംബന്ധമായ വശമാണെങ്കില്‍ ഇതിനേക്കാള്‍ അതിസങ്കീര്‍ണമാണ് മറ്റനേകം വിഷയങ്ങള്‍. അതില്‍ ഏറ്റവും പ്രധാനമാണ് പ്രവാസി കുടുംബങ്ങള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദങ്ങള്‍. ഭാര്യയും കുട്ടികളും ഗള്‍ഫിലും ഭര്‍ത്താവ് നാട്ടിലും കഴിയുന്ന അവസ്ഥ പല പ്രവാസി കുടുംബങ്ങളിലുമുണ്ട്. യാത്രാ വിലക്ക് സൃഷ്ടിച്ച പ്രതിസന്ധികളില്‍ ഇത് പ്രധാനപ്പെട്ടത് തന്നെയാണ്. ഒട്ടനവധി കുടുംബങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിത ചെലവുകള്‍ നിര്‍വഹിക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമായിരിക്കുന്നു. മുടങ്ങിക്കിടക്കുന്ന ലോണുകള്‍, വീട്ടുവാടക, പഠന ചെലവ്, ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് തുടങ്ങി വലിയ ജീവിത പ്രതിസന്ധികളെയാണ് പ്രവാസികള്‍ ഇന്ന് മുഖാമുഖം കണ്ടുകൊണ്ടിരിക്കുന്നത്. മറ്റൊരു വിഷയം ഗര്‍ഭിണികളായ ഭാര്യമാര്‍ക്ക് പ്രസവ കാലത്ത് ഭര്‍ത്താവിന്റെ അസാന്നിധ്യം ഉണ്ടാക്കുന്ന കടുത്ത സമ്മര്‍ദങ്ങളാണ്. ഇത്തരം സമ്മര്‍ദങ്ങള്‍ ലഘൂകരിക്കാന്‍ പ്രസവകാലത്തെ സഹായത്തിന് വേണ്ടി മാതാവിനെ കൊണ്ടുവരാന്‍ നാട്ടിലേക്ക് തിരിച്ച പ്രവാസികള്‍ പലരുമുണ്ട്. ഈ യാത്രാവിലക്കില്‍ കുടുങ്ങിക്കിടക്കുകയാണ് അവരും. അതുപോലെ ഭാര്യയെ പ്രവാസത്തില്‍ തനിച്ചാക്കി കുറഞ്ഞ ദിവസത്തെ അവധിക്ക് പോയവരുമുണ്ട്. കൊവിഡ് കാലം ഇവരില്‍ ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥ ചെറുതല്ല എന്ന് തന്നെ പറയാം. എന്നാല്‍ ഇത്തരം വിഷയങ്ങളൊന്നും പൊതുസമൂഹത്തിനു മുന്നില്‍ ഇതുവരെയും ഗൗരവമായ ചര്‍ച്ചകള്‍ക്കോ ആലോചനകള്‍ക്കോ വിധേയമായിട്ടേയില്ല. പ്രവാസി വിഷയങ്ങളില്‍ കൃത്യമായ ഇടപെടല്‍ സര്‍ക്കാര്‍തലത്തില്‍ നടക്കേണ്ടതുണ്ട്. അങ്ങനെ ഉണ്ടാകുന്നില്ല എന്നത് പ്രവാസികളെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം വിഷമം ഉണ്ടാക്കുന്നതാണ്. കേന്ദ്ര സര്‍ക്കാറിന്റെ അധികാരപരിധിയില്‍ ഉള്ളതാണ് യാത്രാവിലക്കുമായി ബന്ധപ്പെട്ട കാര്യങ്ങളെങ്കിലും സംസ്ഥാന സര്‍ക്കാര്‍ എത്രമാത്രം ഗൗരവത്തിലാണ് ഈ വിഷയത്തെ സമീപിക്കുന്നത് എന്നതിലും സംശയമുണ്ട്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള കേരളത്തിന്റെ മുഖ്യ വിഷയമായിരിക്കണം നിലവിലെ യാത്രാവിലക്ക്. എന്നാല്‍ കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ ഏത് രീതിയിലാണ് പ്രവാസി വിഷയങ്ങളെ കാണുന്നത് എന്ന് തിരിച്ചറിയേണ്ടതുണ്ട്. ഈ പറയുന്ന എല്ലാ പ്രസ്ഥാനങ്ങള്‍ക്കും എല്ലാ കാലത്തും പ്രവാസികള്‍ സാമ്പത്തികമായും മറ്റ് രീതിയിലും കഴിയാവുന്ന സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. കൊവിഡിന്റെ തുടക്കത്തിലും ഇപ്പോഴും പ്രവാസി സമൂഹത്തോട് കേരളത്തിലെ പൊതു സമൂഹം സ്വീകരിച്ച നിലപാട് ഏറെ വേദനയുണ്ടാക്കുന്നതാണ്.

യാത്രാവിലക്കുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേന്ദ്രത്തിന്റെ അധികാര പരിധിയിലാണ് എന്നുപറഞ്ഞ് സമാധാനം കൊള്ളുന്ന രീതി ശരിയല്ല. മറിച്ച് കേരളത്തിലെ എം പിമാര്‍ ഒന്നടങ്കം കേന്ദ്രത്തിനെ സമീപിച്ച് നയതന്ത്രപരമായി ഈ വിഷയത്തില്‍ ഇടപെടാന്‍ ശക്തമായ സമ്മര്‍ദം ചെലുത്തണം. യാത്രാവിലക്ക് ഏറെക്കുറെ പിന്‍വലിക്കുന്ന ഘട്ടം വരെ ഗള്‍ഫ് രാജ്യങ്ങള്‍ എത്തിയതാണ്. എന്നാല്‍ കൊവിഡ് മാനദണ്ഡപ്രകാരമുള്ള യാത്രയിലെ നിബന്ധനകള്‍ അതാത് രാജ്യങ്ങളുടെ സുരക്ഷയുടെ ഭാഗമായി നാം കാണണം.

ഇത്തരം നിര്‍ദേശങ്ങള്‍ യാത്രക്കാരുടെ ഉത്തരവാദിത്വമായി മാത്രം കാണരുത്. അത് രാജ്യത്തിന്റെ പൗരധര്‍മമായി കണ്ട് ഭരണകൂടം നിര്‍വഹിക്കേണ്ടതാണ്. ഗള്‍ഫ് രാജ്യങ്ങള്‍ മുന്നോട്ടുവെച്ച മാനദണ്ഡങ്ങള്‍ കൃത്യമായി വിലയിരുത്തി തന്ത്രപരമായി പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. ഏറ്റവും പ്രധാനപ്പെട്ടതാണ് കൊവിഡ് വാക്‌സീനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍. കേന്ദ്ര സര്‍ക്കാറിന് ഇതില്‍ ഇടപെടാന്‍ കഴിയേണ്ടതാണ്. ആദ്യ ഡോസ് നാട്ടില്‍ നിന്ന് എടുത്തവര്‍ക്ക് രണ്ടാമത്തെ ഡോസ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എടുക്കാനുള്ള സൗകര്യങ്ങള്‍ അതാത് രാജ്യത്തെ എംബസി ഇടപെട്ട് ചെയ്യാനുള്ള അവസരം ഉണ്ടാക്കണം. യു എ ഇയിലുള്ള ചൈനക്കാരായ വിസിറ്റ് വിസക്കാര്‍ക്ക് ഇവിടെ വാക്‌സീന്‍ സ്വീകരിക്കാന്‍ കഴിയും. അത് ആ രാജ്യവും യു എ ഇയും തമ്മിലുള്ള നയതന്ത്രപരമായ ഇടപെടല്‍ മൂലം സാധ്യമായതായിരിക്കാം. എന്തുകൊണ്ട് ഏറെ ആത്മബന്ധമുള്ള ഇന്ത്യക്ക് അതിനു കഴിയുന്നില്ല?
കൊവിഡ് അടുത്ത കാലത്തൊനും മനുഷ്യസമൂഹത്തെ വിട്ടുപോകില്ല എന്ന വസ്തുത നാം അംഗീകരിക്കണം. അത്തരമൊരവസ്ഥയില്‍ ഏറ്റവും കൂടുതല്‍ പ്രയാസങ്ങള്‍ അനുഭവിക്കുക ദീര്‍ഘദൂരം യാത്ര ചെയ്യുന്നവരാണ്. ഇന്ത്യയെ സംബന്ധിച്ച് അത്തരം യാത്രകളില്‍ 80 ശതമാനവും തൊഴിലുമായി ബന്ധപ്പെട്ട യാത്രകളായിരിക്കും. അതില്‍ ഏറ്റവും കൂടുതല്‍ ഗള്‍ഫിലേക്കും. ഈ സാഹചര്യത്തില്‍ ഗള്‍ഫ് യാത്രക്കാര്‍ക്ക് രാജ്യാന്തര യാത്രയില്‍ പുതിയ മാനദണ്ഡങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. അത് രോഗബാധിതരല്ലാത്തവരുടെ കാര്യത്തില്‍ രാജ്യാന്തര മാനദണ്ഡങ്ങളായി പ്രഖ്യാപിക്കണം. അതുപോലെ, പെട്ടെന്നുണ്ടാകുന്ന യാത്രാവിലക്കില്‍ കുടുങ്ങി വിസാ കാലാവധി കഴിഞ്ഞ് യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥക്ക് ശാശ്വതമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാകണം. നിലവില്‍ കുടുംബം ഗള്‍ഫ് രാജ്യത്തും ഗൃഹനാഥന്‍ വിസാ കാലാവധി കഴിഞ്ഞ് നാട്ടിലും കുടുങ്ങിക്കിടക്കുന്ന സാഹചര്യങ്ങളുണ്ട്. പല ഗള്‍ഫ് രാജ്യങ്ങളും അത്തരം വിഷയങ്ങളില്‍ പ്രവാസികള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. എന്നാല്‍ കൊവിഡ് ഭീതി മാറുന്നതു വരെ നയതന്ത്രപരമായി അത്തരം വിഷയങ്ങളില്‍ ദീര്‍ഘകാല പരിഹാരങ്ങള്‍ ഉണ്ടാകണം. ഇത്തരം പ്രതിസന്ധികളില്‍പ്പെട്ട് അപ്രതീക്ഷിതമായി പ്രവാസം അവസാനിപ്പിക്കേണ്ടി വരുന്നവരുടെ പുനരധിവാസം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം.

---- facebook comment plugin here -----

Latest