Connect with us

Business

പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിന് മാസ്റ്റര്‍ കാര്‍ഡിനെ വിലക്കി റിസര്‍വ് ബേങ്ക്

Published

|

Last Updated

മുംബൈ | പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ നിന്ന് ബഹുരാഷ്ട്ര കമ്പനിയായ മാസ്റ്റര്‍ കാര്‍ഡ് ഏഷ്യക്ക് വിലക്കേര്‍പ്പെടുത്തി റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ. പ്രാദേശിക ഡാറ്റാ സ്റ്റോറേജ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അമേരിക്കന്‍ എക്‌സ്പ്രസ്സിനും ഡൈനേഴ്‌സ് ക്ലബിനും ഇതേ കാരണത്താല്‍ റിസര്‍വ് ബേങ്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

വിലക്ക് വന്നതോടെ ജൂലൈ 22 മുതല്‍ ക്രെഡിറ്റ്, ഡെബിറ്റ്, പ്രീപെയ്ഡ് കാര്‍ഡുകള്‍ പുതിയ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ മാസ്റ്റര്‍ കാര്‍ഡിന് സാധിക്കില്ല. നിലവിലെ മാസ്റ്റര്‍ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് വിലക്ക് പ്രശ്‌നമല്ല. കാര്‍ഡ് നല്‍കുന്ന എല്ലാ കമ്പനികളും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും റിസര്‍വ് ബേങ്ക് അറിയിച്ചു.

എല്ലാ പെയ്‌മെന്റ് ഡാറ്റയും ഇന്ത്യയില്‍ മാത്രം സൂക്ഷിക്കണമെന്ന് 2018 ഏപ്രിലില്‍ സിസ്റ്റം പ്രൊവൈഡറുകള്‍ക്ക് ആര്‍ ബി ഐ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനായി ആറ് മാസത്തെ കാലാവധിയും നിശ്ചയിച്ചിരുന്നു. ഇക്കാര്യത്തില്‍ ആര്‍ ബി ഐക്ക് റിപ്പോര്‍ട്ട് നല്‍കാനും സി ഇ ആര്‍ ടി-ഇന്‍ അംഗീകൃത ഓഡിറ്റര്‍ നടത്തിയ സിസ്റ്റം ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശമുണ്ടായിരുന്നു. തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും തടയാനാണിത്.

പ്രക്രിയകളെല്ലാം കേന്ദ്രീകരിക്കപ്പെട്ടതാണെന്നും ആഗോള പ്രവര്‍ത്തനം ഉടച്ചുവാര്‍ക്കുക എളുപ്പമല്ലെന്നും അന്നുതന്നെ പല കമ്പനികളും അറിയിച്ചിരുന്നു. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ബേങ്കുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും ആര്‍ ബി ഐ കനത്ത പിഴ ഏര്‍പ്പെടുത്തിയിരുന്നു. ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നതില്‍ നിന്ന് എച്ച് ഡി എഫ് സി ബേങ്കിനെ ആര്‍ ബി ഐ ഈയടുത്ത് വിലക്കിയിരുന്നു. ഇതേ ബേങ്കിന്റെ വാഹന വായ്പാ വിഭാഗത്തിലെ ക്രമക്കേടുകള്‍ക്ക് പത്ത് കോടി രൂപ പിഴയും ചുമത്തിയിരുന്നു.

Latest