Kerala
ജി എസ് ടി വിഹിതത്തില്‍ കിട്ടാനുള്ള 4,500 കോടി രൂപ നല്‍കണം; കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി കേന്ദ്രത്തെ അറിയിച്ചു: ധനമന്ത്രി
ന്യൂഡല്‍ഹി | കേരളം അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി കേന്ദ്രത്തെ ധരിപ്പിച്ചതായി ധനവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രതിസന്ധിയെ കുറിച്ച് വിശദമായി അറിയിച്ചതെന്ന് ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ മന്ത്രി പറഞ്ഞു. ജി എസ് ടി വിഹിതത്തിലെ 4,500 കോടി രൂപ സംസ്ഥാനത്തിന് കിട്ടാനുണ്ട്. വിഷയത്തില്‍ അടിയന്തര തീരുമാനമെടുക്കാമെന്ന് നിര്‍മല സീതാരാമന്‍ അറിയിച്ചതായും ബാലഗോപാല്‍ വ്യക്തമാക്കി. ജി എസ് ടി നഷ്ടപരിഹാരം നല്‍കുന്നത് നീട്ടണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജി എസ് ടി നഷ്ടപരിഹാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതിന് നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന കാലാവധി അവസാനിക്കാന്‍ പോവുന്ന സാഹചര്യത്തിലാണിത്. സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം ആകെ വിഹിതത്തിന്റെ 2.50 ശതമാനം ആയിരുന്നു നേരത്തെ കിട്ടിക്കൊണ്ടിരുന്നത്. നിലവില്‍ അത് കുറച്ചിട്ടുണ്ട്. ഇക്കാര്യത്തിലും ഇടപെടണമെന്ന് കേന്ദ്ര ധനമന്ത്രിയോട് ആവശ്യപ്പെട്ടു. അഞ്ച് ശതമാനം കടമെടുക്കാന്‍ സംസ്ഥാനം കേന്ദ്രത്തോട് അനുമതി തേടിയിട്ടുണ്ട്. പരമ്പരാഗത വ്യവസായ മേഖലയില്‍ പ്രത്യേക പാക്കേജ്, കേരളം പ്ലാന്റേഷന്‍ മേഖലയില്‍ പ്രത്യേക പരിഗണന തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.



