Connect with us

Kerala

കെ എം മാണി അഴിമതിക്കാരനല്ല; സുപ്രീം കോടതിയില്‍ നിലപാട് തിരുത്തി സംസ്ഥാന സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി | കെ എം മാണി അഴിമതിക്കാരനെന്ന പരാമര്‍ശം സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തിരുത്തി. അന്നത്തെ സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധമെന്നാണ് നിയമസഭാ കയ്യാങ്കളി കേസില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചത്. അതേ സമയം കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് സുപ്രീം കോടതി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢില്‍നിന്നുണ്ടായത്. നിയമസഭയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കേണ്ടത് സഭയാണെന്ന് കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ വാദിച്ചപ്പോള്‍, ഒരു എംഎല്‍എ തോക്കെടുത്ത് വന്ന് വെടിവച്ചാല്‍ സഭയ്ക്കാണോ അവിടെ പരമാധികാരമെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു.

ഇത് പൊതുതാത്പര്യപ്രകാരമുള്ള ഹര്‍ജിയാണെന്ന് സര്‍ക്കാര്‍ വാദിച്ചപ്പോള്‍, സഭയിലെ വസ്തുക്കള്‍ നശിപ്പിച്ച കേസില്‍ എന്ത് പൊതുതാത്പര്യമാണുള്ളതെന്ന് ജസ്റ്റിസ് ചന്ദ്രചൂഢിന്റെ മറുചോദ്യം. ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് നിയമസഭയെന്നും, അതിലെ വസ്തുക്കള്‍ തല്ലിത്തകര്‍ക്കുന്നതിന് എന്ത് ന്യായീകരണമാണുള്ളതെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു. ജസ്റ്റിസ് ചന്ദ്രചൂഡിനൊപ്പം എം ആര്‍ ഷായും അംഗമായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കോടതിയില്‍ ചൂടേറിയ വാദപ്രതിവാദങ്ങളുണ്ടാകാറുണ്ട്. എന്നുവച്ച് കോടതിയിലെ വസ്തുക്കള്‍ തല്ലിത്തകര്‍ത്താല്‍ അതിന് ന്യായീകരണമുണ്ടോ?””- ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു.

പി വി നരസിംഹറാവു കേസ് വിധി പ്രകാരം ഇക്കാര്യത്തില്‍ സഭയ്ക്കാണ് പരമാധികാരം എന്ന് വാദിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. അപ്പോഴാണ്, സഭയില്‍ ഒരു എംഎല്‍എ റിവോള്‍വറുമായി എത്തി വെടിവച്ചാല്‍, അതില്‍ സഭയ്ക്കാണ് പരമാധികാരം എന്ന് പറയുമോ എന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചത്. നിങ്ങള്‍ പ്രതികള്‍ക്ക് വേണ്ടിയല്ല ഹാജരാകുന്നത് എന്നോര്‍ക്കണം. കേസ് തള്ളണോ വേണ്ടയോ എന്ന് മാത്രമാണ് ഇവിടെ വാദം നടക്കുന്നതെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് വ്യക്തമാക്കി. കേസില്‍ വാദം തുടരുകയാണ്.