Connect with us

Kerala

എസ് എന്‍ ഡി പി തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ബി ഡി ജെ എസ്-ബി ജെ പി ബന്ധം അവസാനിപ്പിക്കും

Published

|

Last Updated

കോഴിക്കോട് | ബി ജെ പി നയിക്കുന്ന എന്‍ ഡി എയിലെ കേരളത്തിലെ പ്രധാന ഘടക കക്ഷിയായ ബി ഡി ജെ എസ് മുന്നണി വിടാന്‍ ആലോചിക്കുന്നു. എസ് എന്‍ ഡി പി യോഗം സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിച്ചതിനു ശേഷം ഇക്കാര്യത്തില്‍ പാര്‍ട്ടി നിര്‍ണായക തീരുമാനമെടുക്കുമെന്നാണ് വിവരം.
മെയില്‍ നടത്തേണ്ടിയിരുന്ന എസ് എന്‍ ഡി പി സംഘടനാ തിരഞ്ഞെടുപ്പ് കൊവിഡ് നിയന്ത്രണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു. ജൂലൈ അവസാനമോ ആഗസ്റ്റിലോ തിരഞ്ഞെടുപ്പു നടക്കും. ഇതിനു ശേഷം ബി ഡി ജെ എസ് വിഷയത്തില്‍ തീരുമാനമെടുക്കും.

ബി ജെ പി നേതൃത്വത്തിലുള്ള മുന്നണിയില്‍ ചേര്‍ന്നത് പാര്‍ട്ടിയുടെ വളര്‍ച്ച മുരടിപ്പിച്ചു എന്നാണ് വിലയിരുത്തല്‍. ബി ജെ പി സഖ്യം അടിയന്തരമായി അവസാനിപ്പിക്കണമെന്ന നിലപാടിലാണ് 14 ജില്ലാ കമ്മിറ്റികളും. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിനു ശേഷം ഈ ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ എന്‍ ഡി എ യുടെ പ്രകടനം വിലയിരുത്തിയ ശേഷം തീരുമാനമെടുക്കാമെന്ന നിലപാടില്‍ എത്തുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പോടെ കേരളത്തില്‍ ബി ജെ പിക്ക് ഒരു സാധ്യതയും ഇല്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ബന്ധം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമായത്.

പാര്‍ട്ടി പ്രവര്‍ത്തനം നിലവില്‍ നിര്‍ജീവമാണെങ്കിലും എസ് എന്‍ ഡി പി ബന്ധമുള്ളതിനാല്‍ ജനപിന്തുണയില്‍ ഒരു ഇടിവും വന്നിട്ടില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. പാര്‍ട്ടി കമ്മിറ്റികളൊന്നും ചേരാറില്ലെങ്കിലും ഒരു ആവശ്യം വന്നാല്‍ ഉടനെ സജീവമാക്കാന്‍ കഴിയുന്ന സംവിധാനമാണ് പാര്‍ട്ടിക്കുള്ളതെന്ന് നേതാക്കള്‍ പറയുന്നു. അടുത്തയിടെ ഒരു വിഭാഗം പാര്‍ട്ടിയില്‍ നിന്നു പുറത്തു പോയതൊന്നും പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ ബി ഡി ജെ എസിനെ അവഗണിക്കുന്ന സമീപനമാണ് ബി ജെ പി സ്വീകരിച്ചത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനങ്ങളിലും ബി ഡി ജെ എസിനെ പങ്കാളിയാക്കിയില്ല. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന്റെ സാമ്പത്തിക ഇടപാടുകള്‍ വ്യക്തമാക്കാന്‍ ഒരു ജില്ലയിലും ബി ജെ പി തയാറായിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിലും എന്‍ ഡി എ സംവിധാനത്തെ അറിയിക്കാതെയാണ് പണമിടപാട് അടക്കം എല്ലാ പ്രവര്‍ത്തനങ്ങളും നടന്നതെന്നും അവര്‍ പറയുന്നു.

ബി ജെ പി മുന്നണിയില്‍ പ്രവേശിക്കുമ്പോള്‍ ബി ഡി ജെ എസിനു വലിയ പ്രതീക്ഷകളുണ്ടായിരുന്നു. അന്നു ദേശീയ നേതൃത്വം നിരവധി വാഗ്ദാനങ്ങള്‍ മുമ്പില്‍ വച്ചിരുന്നു. എന്നാല്‍ പിന്നീട് അത്തരത്തിലുള്ള ഒരു നീക്കവും ബി ജെ പി നേതൃത്വത്തില്‍ നിന്നുണ്ടായില്ല എന്നത് ബി ഡി ജെ എസില്‍ കടുത്ത അതൃപ്തിക്കു കാരണമായി. തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങളായിട്ടും എന്‍ ഡി എയിലെ പ്രശ്നം പരിഹരിക്കാന്‍ ബി ജെ പി ദേശീയ നേതൃത്വം ഇടപെടാത്തതാണ് ഇപ്പോള്‍ ബി ഡി ജെ എസിനെ കൂടുതല്‍ പ്രകോപിപ്പിക്കുന്നത്.

തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിക്ക് ബി ജെ പിയിലെ ഗ്രൂപ്പുപോരും ഘടകകക്ഷികളോടുള്ള അവഗണനയും കാരണമായെന്നാണ് ബി ഡി ജെ എസ് വിലയിരുത്തുന്നത്. ബി ജെ പിയിലെ ഒരു വിഭാഗം ബി ഡി ജെ എസിനെ ക്ഷയിപ്പിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ബി ഡി ജെ എസ് ശക്തിപ്പെട്ടാല്‍ ബി ജെ പിയില്‍ നിന്നു വലിയൊരു വിഭാഗം ബി ഡി ജെ എസില്‍ ചേരുമെന്നു നേതൃത്വം ഭയക്കുന്നു.

ബി ജെ പി തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ച് തുഷാര്‍ വെള്ളാപ്പള്ളി എന്‍ ഡി എ കണ്‍വീനര്‍ സ്ഥാനമൊഴിയാന്‍ നീക്കം നടത്തിയിരുന്നു. ബി ജെ പി ദേശീയ നേതാക്കള്‍ ഇടപെട്ടാണ് അന്ന് തുഷാറിനെ സ്ഥാനത്ത് നിലനിര്‍ത്തിയത്. സുഭാഷ് വാസുവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടി വിടാന്‍ കാരണം ബി ജെ പി സംഘടനാ ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഓപ്പറേഷനായിരുന്നുവെന്നും ബി ഡി ജെ എസ് സംശയിക്കുന്നു. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ഡി ജെ എസ് സംസ്ഥാനത്ത് വ്യാപകമായി കാലുവാരി എന്നാണ് ബി ജെ പി സംശയിക്കുന്നത്.