National
താലിബാന്‍ പിടിമുറുക്കുന്നു; അഫ്ഗാനിലെ 50 നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ നാട്ടിലെത്തിച്ചു

ന്യൂഡല്‍ഹി | അഫ്ഗാനിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം ശക്തമായതോടെ 50 നയതന്ത്ര ഉദ്യോഗസ്ഥരെ നാട്ടിലെത്തിച്ച് ഇന്ത്യ. കാണ്ഡഹാറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അടച്ചുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും ഇക്കാര്യം വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. ജൂലൈ 13 വരെ കാബൂളിലെയും മസര്‍ ഇ ഷെരീഫിലെയും ഇന്ത്യന്‍ എംബസികള്‍ അടക്കില്ലെന്ന് നേരത്തെ വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെ വിളിച്ച നടപടി താത്കാലികമാണെന്നും മന്ത്രാലയം വ്യക്തമാക്കി
അഫ്ഗാന്റെ 85 ശതമാനം പ്രവിശ്യകളും ഇപ്പോള്‍ താലിബാന്‍ നിയന്ത്രണത്തിലായെന്നാണ് റിപ്പോര്‍ട്ട്. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കൊപ്പം എംബസിയിലെ മറ്റ് ഉദ്യോഗസ്ഥരെയും ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ ഇന്ത്യക്കാരോട് ജാഗ്രത പുലര്‍ത്തണമെന്നും അനാവശ്യ യാത്ര ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കയുടേത് അടക്കമുള്ള വിദേശ സേനകളുടെ പിന്മാറ്റം ഏതാണ്ട് പൂര്‍ണമായതിന് പിന്നാലെയാണ് താലിബാന്‍ അഫ്ഗാനില്‍ വീണ്ടും പിടിമുറുക്കിയത്.