Connect with us

Ongoing News

മാരക്കാനയില്‍ കപ്പുയർത്തി മെസ്സിപ്പട; ബ്രസീലിനെ വീഴ്ത്തിയത് ഒരു ഗോളിന്

Published

|

Last Updated

മാരക്കാന | ഫുട്‌ബോള്‍ ആരാധകര്‍ ശ്വാസമടക്കിപ്പിടിച്ച് കണ്ടുനിന്ന പൊരിഞ്ഞ പോരാട്ടത്തിനൊടുവില്‍ മാരാക്കാന സ്‌റ്റേഡിയത്തില്‍ വിജയാരവം മുഴക്കി മെസ്സിപ്പട. കോപ്പ അമേരിക്ക ഫുട്‌ബോള്‍ കലാശപ്പോരാടത്തില്‍ ബ്രസീലിനെ ഒരു ഗോളിന് വീഴ്ത്തിന് അര്‍ജന്റീനക്ക് കിരീടം. കോപ്പയില്‍ അര്‍ജന്റീനക്ക് ഇത് 15ാം കിരീടമാണ്. ഒപ്പം ലയണല്‍ മെസ്സിക്ക് അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ കിരീട നേട്ടവും.

22-ാം മിനുട്ടിൽ ഏയ്ഞ്ചൽ ഡി മരിയയാണ് അർജന്റീനയുടെ വിജയ ഗോൾ നേടിയത്. റോഡ്രിഡോ ഡി പോൾ നീട്ടിനൽകിയ പാസിൽ നിന്നായിരുന്നു ഏയ്ഞ്ചൽ ഡി മരിയയുടെ ഗോൾ. പന്ത് തടയുന്നതിൽ ബ്രസീൽ ഡിഫൻഡർ റെനൻ ലോഡിക്ക് സംഭവിച്ച പിഴവാണ് ഗോളിന് കാരണമായത്. പാസ് സ്വീകരിച്ച് മുന്നേറിയ ഡി മരിയ ബ്രസീൽ ഗോൾകീപ്പർ എഡേഴ്സനെ കബളിപ്പിച്ച് പന്ത് ചിപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.

മത്സരത്തിന്റെ തുടക്കത്തിൽ ബ്രസീലിനായിരുന്നു മത്സരത്തിന്റെ നിയന്ത്രണം. എന്നാൽ പിന്നീടങ്ങോട് മത്സരം അർജന്റീനക്കൊപ്പമായിരുന്നു.

ആദ്യ പകുതിയിൽ മികച്ച ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാൻ ബ്രസീലിന് സാധിച്ചില്ല. 29-ാം മിനുട്ടിൽ ഡി മരിയ വീണ്ടും ബ്രസീലിനെ ഞെട്ടിച്ചു. എന്നാൽ താരത്തിന്റെ ഷോട്ട് മാർക്കിന്യോസ് തടഞ്ഞു. നാല് മിനുട്ടുകൾക്കകം 33-ാം മിനുട്ടിൽൽ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ മെസ്സിയുടെ ഷോട്ട് പുറത്തേക്ക് പോകുകയും ചെയ്തു.

രണ്ടാം പകുതിയിൽ ബ്രസീലിന് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും പന്ത് അർജന്റീനൻ വലക്കുള്ളിലേക്കെത്തിക്കാനായില്ല. 54-ാം മിനുട്ടിൽ റിച്ചാർലിസന്റെ ഗോളെന്നുറച്ച ഷോട്ട് രക്ഷപ്പെടുത്തി എമിലിയാനോ മാർട്ടിനെസ് അർജന്റീനയുടെ രക്ഷകനായി. ഇതോടെ ബ്രസീൽ കൂടുതൽ പരുങ്ങലിലാകുകയായിരുന്നു

2007ൽ നടന്ന കോപ അമേരിക്ക ഫൈനൽ പോരാട്ടത്തിൽ ബ്രസീൽ അർജന്റീനയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തുവിട്ട മത്സരത്തിന് ശേഷം ഇപ്പോഴാണ് മറ്റൊരു കലാശ പോരാട്ടത്തിൽ ഇരുവരും നേർക്കുനേർ വന്നത്. നോക്കൗട്ട് മത്സരങ്ങളിലും സൗഹൃദ മത്സരങ്ങളിലും ഇരുവരും ഏറ്റുമുട്ടിയിട്ടുണ്ടായിരുന്നുവെങ്കിലും ഫൈനലിൽ കണ്ടുമുട്ടാനുള്ള അവസരം ഇതിന് മുമ്പ് ഒരുങ്ങിയിരുന്നില്ല. ഇരുവരും അവസാനം നേർക്കുനേർ വന്ന മത്സരം 2019 കോപ സെമി ഫൈനലായിരുന്നു. അന്ന് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കാനറിപ്പടയാണ് മെസ്സിയെയും കൂട്ടരേയും ടൂർണമെൻറിൽ നിന്ന് പുറത്താക്കിയത്. എന്നാൽ അതിന് ശേഷം നടന്ന 19 മത്സരങ്ങളിലും അർജന്റീന തോൽവിയറിഞ്ഞിട്ടില്ല. 12 വിജയവും ഏഴ് സമനിലയും.

സെമിയിൽ കൊളംബിയയുമായി ഷൂട്ടൗട്ട് യുദ്ധം ജയിച്ചെത്തിയാണ് അർജന്റീന ബ്രസീലിനെ നേരിട്ടത്. അതേസമയം തുടർച്ചയായി 13 മത്സരങ്ങളിൽ തോൽവിയറിയാതെയെയായിരുന്നു ബ്രസീലിൻെറ ഫെെനൽ പ്രവേശം. ബ്രസീൽ അവസാനമായി തോറ്റതും അർജന്റീനയോടാണ്. അതും രണ്ട് വർഷം മുമ്പ് 2019 നവംബറിൽ. അന്ന് നടന്ന സൗഹൃദ മത്സരത്തിൽ മെസ്സിയുടെ ഗോളിലാണ് അർജന്റീന ബ്രസീലിനെ കീഴടക്കിയത്. പിന്നീട് നടന്ന 13 മത്സരങ്ങളിൽ നിന്നായി 12 വിജയവും ഒരു സമനിലയും. ഒടുവിൽ പെറുവിനെ ഒരു ഗോളിന് വീഴ്ത്തിയാണ് ബ്രസീൽ കോപ ഫൈനലിലെത്തിയത്.

മത്സരത്തിന്റെ തത്സമയ വിവരണം: