Techno
എസ് ബി ഐ അക്കൗണ്ട് ഉടമകളുടെ പണം ചൈനീസ് ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: എസ് ബി ഐ അക്കൗണ്ട് ഉടമകളുടെ പണം കവരാന്‍ ചൈനക്കാര്‍ ലക്ഷ്യമിടുന്നതായി വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ട്. കുറച്ച് മാസങ്ങളായി സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാങ്കേതിക അറിവുകള്‍ ഇല്ലാത്ത ഉപയോക്താക്കളാണ് സൈബര്‍ തട്ടിപ്പിന്റെ ഭാഗമാകുന്നത്. അക്കൗണ്ട് ഉടമകളുടെ കെ വൈ സി ഫോറം അപ്‌ഡേറ്റ് ചെയ്യണമെന്നുള്ള ആവശ്യമാണ് ഹാക്കര്‍മാര്‍ മെസേജുകളായി ആദ്യം അയയ്ക്കുക. അപ്ഡേറ്റ് ചെയ്യാനുള്ള ലിങ്ക് ക്ലിക്ക് ചെയ്തവര്‍ തട്ടിപ്പിന് ഇരയായതായാണ് ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൈബര്‍പീസ് ഫൗണ്ടേഷന്‍, ഓട്ടോബോട്ട് ഇന്‍ഫോസെക് എന്നീ കമ്പനികള്‍ നടത്തിയ പഠനത്തില്‍ വ്യക്തമായത്.
തട്ടിപ്പിന് ഇരയായവര്‍ക്ക് ഒരു ടെക്സ്റ്റ് മെസേജാണ് ആദ്യം ലഭിച്ചിരുന്നത്. അവിടെ ക്ലിക്ക് ചെയ്താല്‍ എസ് ബി ഐയുടെ ഒഫീഷ്യല്‍ ഓണ്‍ലൈന്‍ പേജാണെന്നു തോന്നിപ്പിക്കുന്ന വെബ്പേജിലേക്ക് എത്തും. പിന്നീട് കണ്ടിന്യൂ ടു ലോഗ് ഇന്‍ ബട്ടണ്‍ വരും. അവിടെ ക്ലിക്ക് ചെയ്താല്‍ പേജ് റീ ഡയറക്ട് ചെയ്തുപോകുന്നതായാണ് കാണുക. യൂസര്‍ നെയിം, പാസ്വേഡ് എന്നിവ പൂരിപ്പിക്കണം. ശേഷം ഫോണ്‍ നമ്പറിലേക്ക് ഒ ടി പി വരും. ഇതോടൊപ്പം പേര്, മൊബൈല്‍ നമ്പര്‍, ജനന തീയതി തുടങ്ങിയ സ്വകാര്യ വിവരങ്ങളും നല്‍കണം. ഇതോടെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ച സന്ദേശമാണ് ഉപഭോക്താവിന് ലഭിക്കുന്നതെന്നാണ് ഐ എ എന്‍ എസ് വാര്‍ത്താ ഏജന്‍സി പറയുന്നത്. വലിയ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകളും നടക്കുന്നുണ്ട്.