Kerala
ആവശ്യത്തിന് വാക്‌സീനില്ല; ആരോഗ്യ മേഖലയില്‍ അടിയന്തരാവസ്ഥക്ക് സമാന സാഹചര്യമെന്ന് മന്ത്രി വീണ

കൊല്ലം | ആവശ്യത്തിന് വാക്‌സീന്‍ കിട്ടാത്തതിനാല്‍ സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ ആരോഗ്യ അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണെന്ന് മന്ത്രി വീണ ജോര്‍ജ്. മൂന്ന് ദിവസത്തേക്കുള്ള വാക്‌സീന്‍ സ്റ്റോക്ക് മാത്രമാണ് കേരളത്തിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
വാക്‌സീന്‍ ലഭ്യമായാല്‍ 45 ദിവസത്തിനകം സംസ്ഥാനത്തെ എല്ലാവര്‍ക്കും ആദ്യ ഡോസ് നല്‍കാന്‍ സാധിക്കും.
സംസ്ഥാനത്ത് സിക്ക വൈറസ് രോഗം കണ്ടെത്തിയതില്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജാഗ്രതയാണ് ആവശ്യമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ രാത്രിയോടെ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് സിക്ക പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം നേരിടാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വെള്ളക്കെട്ടുകളുള്ള സ്ഥലത്താണ് രോഗം കണ്ടെത്തിയത് എന്നതിനാല്‍, കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് എല്ലാ ജില്ലകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊവിഡ് മൂന്നാം തരംഗം നേരിടാനും നടപടി തുടങ്ങിയെന്ന് മന്ത്രി അറിയിച്ചു. 50 കിടക്കകള്‍ ഉള്ള ആശുപത്രികളില്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കും. മൂന്നാം തരംഗമുണ്ടാകുമ്പോള്‍ കുട്ടികളില്‍ രോഗം വരാനുള്ള സാധ്യത മുന്‍നിര്‍ത്തി ആശുപത്രികളില്‍ പീഡിയാട്രിക് ഐ സി യുകള്‍ തുടങ്ങുമെന്നും വീണ ജോര്‍ജ് വ്യക്തമാക്കി.