Connect with us

Articles

അഴിമതി: ആര്‍ക്കും പിന്നിലല്ല ബി ജെ പി

Published

|

Last Updated

കേന്ദ്ര ഭരണകക്ഷിയായ ബി ജെ പിയുടെ കേരളത്തിലെ വളര്‍ച്ച പടവലങ്ങ പോലെ താഴോട്ടാണ് എന്ന് പറയുന്നത് അവരുടെ എതിരാളികള്‍ മാത്രമല്ല, അനുഭാവികള്‍ കൂടിയാണ്. അവര്‍ ഇവിടെ ഒരു തരത്തിലും വളര്‍ന്നു കാണാന്‍ ആഗ്രഹിക്കാത്ത, തളര്‍ന്നു കാണണം എന്ന് ശക്തിയായി ആഗ്രഹിക്കുന്ന ഒരാളാണ് ഈ ലേഖകന്‍. എങ്കിലും ഒരു സ്വതന്ത്ര വീക്ഷണം വെച്ച് പറഞ്ഞാല്‍ അവരുടെ ഗതികേട് ഭയാനകമാണ്. കാര്യമായി വേരില്ലാത്തിടങ്ങളില്‍ പോലും അതിവേഗം താമര വിടര്‍ന്നത് നാം കണ്ടു. ത്രിപുരയിലും ഒരു പരിധി വരെ പശ്ചിമ ബംഗാളിലും അവര്‍ പിടിച്ചു നിന്നു.

കേരളം പിടിക്കാന്‍ മോദിയും അമിത് ഷായും ആഞ്ഞു ശ്രമിച്ചാല്‍ തന്നെ അത് സാധ്യമാക്കുക എളുപ്പമല്ല എന്നതാണ് ഇവിടുത്തെ സാഹചര്യം എന്ന് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് തന്നെ സൂചിപ്പിക്കുന്നു. ഉണ്ടായിരുന്ന നേമത്തെ താമര പോലും വാടിപ്പോയി. ഇടതുവലതു മുന്നണികള്‍ തമ്മില്‍ നടത്തിയ ഒത്തുകളിയുടെ ഫലമാണ് ഈ തോല്‍വി എന്ന അവരുടെ വാദം തത്കാലം അണികളെ ആശ്വസിപ്പിക്കാന്‍ കഴിഞ്ഞേക്കുമോ എന്ന സംശയം പോലും ഉണ്ട്. കേരളത്തില്‍ ആശയപരമായി, സംഘടനാപരമായി ബി ജെ പി ഒരു വലിയ പരാജയമാണ് എന്ന് കാണാന്‍ ഒട്ടും ബുദ്ധിമുട്ടില്ല. കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ കാലാവസ്ഥ ബി ജെ പി ഉയര്‍ത്തുന്ന രാഷ്ട്രീയത്തിന് യോജിച്ചതല്ല എന്നതാണ് ആദ്യത്തെ കാര്യം. മറ്റൊരു വിധത്തില്‍ ഇത് തമിഴ്നാടിനും ബാധകമാണ്. അവിടെ ചിലപ്പോഴെങ്കിലും മുഖ്യധാരയില്‍ ഒരു ദ്രാവിഡ കക്ഷി അവരുമായി സഖ്യത്തിന് തയ്യാറായിട്ടുണ്ട്. മുമ്പ് ഡി എം കെയും ഇപ്പോള്‍ അണ്ണാ ഡി എം കെയും. എന്നിട്ടും ഒരു വളര്‍ച്ച കാണുന്നില്ല. കേരളത്തില്‍ ജനകീയാടിത്തറയുള്ള ഒരു കക്ഷിയും ബി ജെ പിയുമായി സഖ്യത്തിന് തയ്യാറാകുന്നില്ല. കാരണം വ്യക്തമാണ്. അവര്‍ സംസ്ഥാന ഭരണത്തില്‍ വരുമെന്ന നേരിയൊരു പ്രതീക്ഷ പോലും ഇല്ല. അവരുടെ സഖ്യത്തിന്റെ ഭാഗമായ ബി ഡി ജെ എസ് ഇന്ന് നെടുകെ പിളര്‍ന്നിരിക്കുന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അവരുടെ സ്ഥിതി ബി ജെ പിയേക്കാള്‍ ദയനീയമാണ്.

കേരളത്തെ ബാധിക്കുന്ന ഏത് നിര്‍ണായക വിഷയത്തിലാണ് ബി ജെ പി ശരിയായ നിലപാടെടുത്തിട്ടുള്ളത്? ഇതാണ് പ്രധാന ചോദ്യം. ഇവിടെ പ്രളയം കൊണ്ട് വീര്‍പ്പുമുട്ടിയപ്പോള്‍ അവര്‍ പറഞ്ഞ വാക്കുകള്‍ അവരുടെ ജനപ്രീതി വര്‍ധിപ്പിക്കുന്നതായിരുന്നില്ല. ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഇന്ധനവില വര്‍ധനവില്‍ അവര്‍ എത്ര മാത്രം പരിഹാസ്യരായി. കാര്യവിവരമുള്ള മലയാളികളോട് കൊറോണക്കെതിരെ പാത്രം കൊട്ടാനും കൈയടിക്കാനും പറയുന്ന പ്രധാനമന്ത്രി തന്നെ എത്ര സ്വീകാര്യനാകും? ശബരിമല പോലുള്ള വിഷയങ്ങള്‍ താത്കാലികമായി വോട്ടില്‍ വാര്‍ധനവുണ്ടാക്കിയെന്നത് ശരി. എന്നാല്‍ പ്രളയവും കൊവിഡും മറ്റും ശബരിമലയേക്കാള്‍ പ്രധാനമെന്ന് ജനങ്ങള്‍ കരുതുന്നു. കേരളത്തില്‍ ശക്തമായി ഉയര്‍ത്തിക്കൊണ്ട് വരാന്‍ ബി ജെ പി ശ്രമിച്ച വിഷയങ്ങള്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചുള്ളവയാണ്. ലവ് ജിഹാദും മറ്റും അതിന്റെ ഭാഗമായിരുന്നു. പക്ഷേ, കേന്ദ്ര സര്‍ക്കാര്‍ തന്നെ അതിന്റെ സാധ്യതകള്‍ നിഷേധിച്ചപ്പോള്‍ അതിന്റെ കാറ്റും പോയി. മതവിശ്വാസവും അല്‍പ്പം വര്‍ഗീയതയുമെല്ലാം ഉണ്ടെങ്കിലും അതൊന്നും നിര്‍ണായക രാഷ്ട്രീയ നിലപാടാക്കാന്‍ മലയാളി തയ്യാറല്ല എന്ന സത്യം ബി ജെ പി ഇന്ന് വരെ മനസ്സിലാക്കിയിട്ടില്ല. പൗരത്വ നിയമ ഭേദഗതി, ലക്ഷദ്വീപിലെ പരിഷ്‌കാരങ്ങള്‍ മുതലായവയും മലയാളികളെ അകറ്റുന്നവയാണ്.

രാഷ്ട്രീയത്തില്‍ ആശയമെന്ന പോലെ പ്രധാനമാണ് നേതൃത്വവും വ്യക്തികളും. ബി ജെ പി ആയിരുന്നിട്ടും നേമത്ത് ഒ രാജഗോപാല്‍ ജയിച്ചത് വ്യക്തിമാഹാത്മ്യം കൊണ്ടാണെന്ന് പലര്‍ക്കും ബോധ്യമായിരുന്നു. ഇപ്പോള്‍ എല്ലാവര്‍ക്കും ആയി. കേരളത്തിലെ ബി ജെ പി നേതൃത്വത്തിലെ തമ്മിലടിയും ഗ്രൂപ്പ് വഴക്കും കോണ്‍ഗ്രസിനെ പോലും നാണിപ്പിക്കുന്നതാണ്. രാജഗോപാല്‍ ഒഴിച്ചാല്‍ ജനപിന്തുണയുള്ള ഒരു നേതാവും ഇതുവരെ അവര്‍ക്കുണ്ടായിട്ടില്ല എന്ന് പറയാം. മൃദുഭാഷികളായ ശ്രീധരന്‍ പിള്ളയും മറ്റും ഉണ്ട്. പക്ഷേ അവര്‍ക്കൊന്നും പാര്‍ട്ടി സംഘടനയുടെ പിന്തുണ ഇല്ലായിരുന്നു. അതി തീവ്ര നിലപാടുള്ള സുരേന്ദ്രനെപ്പോലുള്ളവരെ ജനങ്ങള്‍ വിശ്വസിക്കുന്നുമില്ല. പാര്‍ട്ടി ചെറുതാണെങ്കിലും ഭരണം ഇല്ലെങ്കിലും അഴിമതിയിലും തട്ടിപ്പിലും തങ്ങള്‍ ആര്‍ക്കും പിന്നില്‍ അല്ലെന്ന് ബി ജെ പിക്കാര്‍ നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. പണ്ട് മെഡിക്കല്‍ കോളജിലെ സീറ്റ് തട്ടിപ്പ് ഒരു ചെറിയ കാര്യമെന്ന് കരുതി മറന്നതാണ്. പക്ഷേ, ഇക്കഴിഞ്ഞ കുറെ ആഴ്ചകളായി നമ്മുടെ മുന്നില്‍ വരുന്ന കൊടകര കുഴല്‍പ്പണം, അതിന്റെ തിരഞ്ഞെടുപ്പ് ബന്ധം, സി കെ ജാനുവിന് നല്‍കിയ ഫണ്ട് സംബന്ധിച്ച വിവാദങ്ങള്‍ ഒക്കെക്കൂടി അവരുടെ മുഖച്ഛായ തീര്‍ത്തും മോശമാക്കിയിരിക്കുന്നു. അടുത്ത കാലത്തൊന്നും “രക്ഷപ്പെടാനുള്ള” സാധ്യതയില്ല.

കേന്ദ്ര ഭരണത്തിന്റെ അനന്ത സാധ്യതകള്‍ കണ്ട് ബി ജെ പിയിലേക്ക് കയറിക്കൂടിയ പലരും ഇന്ന് കടുത്ത നിരാശയിലാണ് എന്ന് കേള്‍ക്കുന്നു. സിനിമാതാരം സുരേഷ് ഗോപി എം പി ആയി എങ്കിലും സംതൃപ്തനല്ല. കണ്ണന്താനം മന്ത്രി വരെ ആയി. പക്ഷേ ഒന്നും ആയില്ല. ഒറ്റ രാത്രി കൊണ്ട് ദേശീയ നേതാവായ അത്ഭുതക്കുട്ടി വല്ലാതെ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു, ലക്ഷദ്വീപ് വിഷയത്തില്‍. കേരളത്തിലെ ഇടതു വലതു മുന്നണികള്‍ ജനങ്ങളെ വെറുപ്പിച്ചിട്ടുണ്ട് എന്നത് സത്യം തന്നെയാണ്. എന്നാല്‍ അതില്‍ നിന്ന് ബി ജെ പിക്ക് മുതലെടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ജേക്കബ് തോമസ് ഐ പി എസ് പോലുള്ളവരെങ്കിലും ശോഭിക്കണമായിരുന്നു. അതും ഉണ്ടായില്ല. അവസാന നിമിഷത്തില്‍ ബി ജെ പിയില്‍ കയറിക്കൂടിയ മെട്രോമാന്‍ ശ്രീധരനും കോമാളിപ്പട്ടമാണ് കിട്ടിയത്. ചുരുക്കത്തില്‍ സമീപ കാലത്തൊന്നും ബി ജെ പി ഇവിടെ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല.

Latest