Connect with us

Editorial

മന്ത്രിസഭാ വികസനത്തില്‍ ഒളിച്ചുവെക്കുന്നത്

Published

|

Last Updated

ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുള്ള മുഖംമിനുക്കലായാണ് കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയെ വിലയിരുത്തപ്പെടുന്നത്. കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്തതിലെ വീഴ്ച, അനിയന്ത്രിതമായ എണ്ണവില വര്‍ധന, സാമ്പത്തിക പ്രതിസന്ധി തുടങ്ങി സര്‍ക്കാര്‍ വിവിധ തലങ്ങളില്‍ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. കൊവിഡ് പ്രശ്‌നത്തില്‍ സുപ്രീം കോടതിയില്‍ നിന്നും ആര്‍ എസ് എസില്‍ നിന്നുമെല്ലാം കടുത്ത വിമര്‍ശം നേരിട്ടു കേന്ദ്ര ഭരണകൂടം. ഈ സാഹചര്യത്തില്‍ സര്‍ക്കാറിനു പുതിയൊരു മുഖം വന്നുവെന്ന് വരുത്തിത്തീര്‍ക്കാതെ തിരഞ്ഞെടുപ്പുകളെ നേരിട്ടാല്‍ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാകില്ലെന്ന തിരിച്ചറിവായിരിക്കണം മന്ത്രിസഭയില്‍ ഒരു സമൂല അഴിച്ചു പണിക്ക് മോദിയെ നിര്‍ബന്ധിതനാക്കിയത്. പുനഃസംഘടനയോടെ മന്ത്രിസഭയിലെ അംഗസംഖ്യ 77 ആയി ഉയര്‍ന്നിട്ടുണ്ട്.

ആരോഗ്യ മന്ത്രിയായിരുന്ന ഹര്‍ഷ് വര്‍ധന്‍, വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍, തൊഴില്‍ മന്ത്രി സന്തോഷ് ഗംഗ്വാര്‍, വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്‌റിയാല്‍ തുടങ്ങി പ്രമുഖരുണ്ട് ഒഴിവാക്കപ്പെട്ടവരില്‍. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും എന്‍ ഡി എ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നും ഉയര്‍ന്ന കടുത്ത വിമര്‍ശമാണ് ഹര്‍ഷ് വര്‍ധന്‍ തെറിക്കാന്‍ കാരണം. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന ആരോപണം ശക്തമായിരുന്നു. കൊവിഡ് രണ്ടാം തരംഗത്തെക്കുറിച്ച് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും മതിയായ തയ്യാറെടുപ്പുകള്‍ നടത്താതിരുന്നത് രോഗികളുടെ എണ്ണവും മരണവും വര്‍ധിക്കാന്‍ കാരണമായി. ഓക്സിജന്‍ ക്ഷാമവും വാക്സീന്‍ ക്ഷാമവും ചികിത്സക്കുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവും സ്ഥിതി രൂക്ഷമാക്കി. വിവിധ സംസ്ഥാനങ്ങള്‍ക്കു പിന്നാലെ ഹൈക്കോടതികളും സുപ്രീം കോടതിയും ഈ വീഴ്ചയെ രൂക്ഷമായി വിമര്‍ശിച്ചതോടെ വാക്സീന്‍ നയം തന്നെ പലപ്പോഴായി തിരുത്തേണ്ടിവന്നു മോദി സര്‍ക്കാറിന്.

കൊവിഡ് തൊഴില്‍ മേഖലയില്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങളാണ് തൊഴില്‍ മന്ത്രിയായിരുന്ന സന്തോഷ് ഗംഗ്വാര്‍ പുറത്തു പോകാന്‍ ഇടയാക്കിയത്. രോഗപ്രതിരോധത്തിന്റെ ഭാഗമായി നടപ്പാക്കിയ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ വന്‍തോതില്‍ തൊഴില്‍ നഷ്ടം സൃഷ്ടിച്ചു. ഒന്നാം തരംഗവേളയില്‍ കുടിയേറ്റ തൊഴിലാളികള്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍, അന്നം മുടങ്ങിയതിനെ തുടര്‍ന്ന് ആയിരക്കണക്കിനു തൊഴിലാളികള്‍ കൂട്ടത്തോടെ കിലോമീറ്ററുകളോളം കാല്‍നടയായി നാടുകളിലേക്കു പോകേണ്ടിവന്നത്, ഈ യാത്രക്കിടെ നൂറുകണക്കിനാളുകള്‍ മരിച്ചു വീണത് തുടങ്ങിയ ദുരിതങ്ങള്‍ അന്തര്‍ദേശീയ തലത്തില്‍ തന്നെ വലിയ ചര്‍ച്ചയാകുകയും രാജ്യത്തിനു ദുഷ്‌പേര് വരുത്തിവെക്കുകയും ചെയ്തിരുന്നു. കുടിയേറ്റ തൊഴിലാളികളെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാറിനു കഴിഞ്ഞില്ലെന്ന വിമര്‍ശങ്ങള്‍ ഉയര്‍ന്നു. യുപിയിലെ കൊവിഡ് പ്രതിരോധ നടപടികളെ വിമര്‍ശിച്ചതും സന്തോഷ് ഗംഗ്വാറിനു വിനയായി.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുമായുള്ള തര്‍ക്കവും പുതിയ ഐ ടി ചട്ടങ്ങളുമായി ബന്ധപ്പെട്ട് ട്വിറ്ററും ഫേസ്ബുക്കുമായി കൊമ്പുകോര്‍ത്തപ്പോള്‍ യു എസിന്റെ ഭാഗത്തു നിന്നുണ്ടായ സമ്മര്‍ദവുമാണ് രവിശങ്കര്‍ പ്രസാദ് പുറത്തു പോകാന്‍ ഇടയാക്കിയതെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. യഥാര്‍ഥത്തില്‍ സര്‍ക്കാറിന്റെ മുഖംമിനുക്കാന്‍ ഇവരെയൊക്കെ ബലിയാടാക്കുകയായിരുന്നു പ്രധാനമന്ത്രി. നടേപറഞ്ഞ വകുപ്പുകളിലെ മോശം പ്രകടനത്തിന് ഒഴിവാക്കപ്പെട്ട മന്ത്രിമാര്‍ മാത്രമായിരുന്നില്ല ഉത്തരവാദികള്‍. അവരേക്കാളുപരി മോദിക്ക് ഇതില്‍ പങ്കുണ്ട്. കേന്ദ്രത്തില്‍ ഒരു വകുപ്പിനെയും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി അനുവദിച്ചിരുന്നില്ല. എല്ലാറ്റിനും മീതെ അദ്ദേഹത്തിന്റെ അദൃശ്യ കരമുണ്ടായിരുന്നു. മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായിരിക്കെ, സാമ്പത്തിക ലാഭം ലക്ഷ്യമാക്കി വന്‍തോതില്‍ ഓക്‌സിജന്‍ കയറ്റുമതി ചെയ്തതും കൊവിഷീല്‍ഡും കൊവാക്‌സിനും ആഭ്യന്തര ആവശ്യത്തിനു തന്നെ തികയാത്ത സാഹചര്യത്തില്‍ കയറ്റിയയച്ചതും മുഖ്യമായും മോദിയുടെ താത്പര്യ പ്രകാരമാണ്. അവസാനം ഇതിന്റെ പാപഭാരം പേറേണ്ടി വന്നത് വകുപ്പ് മന്ത്രിമാരാണെന്നു മാത്രം.
ബി ജെ പിയില്‍ പുതുതായി എത്തിയവര്‍ക്ക് മികച്ച സ്ഥാനം നല്‍കി അവര്‍ക്കൊപ്പമുള്ള അണികളെക്കൂടി കൂടെ നിര്‍ത്തുകയെന്ന അടവ് മന്ത്രിസഭാ വികസനത്തില്‍ ദൃശ്യമാണ്. ജ്യോതിരാദിത്യ സിന്ധ്യയുടെയും ശിവസേനാ മുന്‍ നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും കൂടിയായ എ നാരായണന്‍ റാണെയുടെയും സ്ഥാനമാണ് കൂട്ടത്തില്‍ ശ്രദ്ധേയം. ക്യാബിനറ്റ് പദവിയോടെയാണ് ഇരുവരും മന്ത്രിസഭയിലെത്തുന്നത്. 30 വര്‍ഷം മുമ്പ് പിതാവ് മാധവറാവു സിന്ധ്യ കൈകാര്യം ചെയ്ത കേന്ദ്ര വ്യോമയാന വകുപ്പാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ കൈകളില്‍ വന്നു ചേര്‍ന്നത്. കേന്ദ്ര ക്യാബിനറ്റിലും സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കിടയിലും ഉന്നത ജാതിക്കാര്‍ക്കാണ് മേധാവിത്വമെന്നത് 2014 മുതല്‍ മോദി ടീം നേരിടുന്ന വിമര്‍ശമാണ്. ഈ ആരോപണം മറികടക്കാന്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നും മറ്റു പിന്നാക്ക വിഭാഗങ്ങളില്‍ (ഒ ബി സി) നിന്നും കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിക്കാന്‍ പുനഃസംഘടനയില്‍ ശ്രദ്ധിച്ചിട്ടുണ്ട്. രണ്ട് ക്യാബിനറ്റ് മന്ത്രിമാരടക്കം പട്ടികജാതി വിഭാഗത്തില്‍ നിന്ന് 12 പേരും മൂന്ന് ക്യാബിനറ്റ് മന്ത്രിമാരടക്കം പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് എട്ട് പേരും ഒ ബി സിയില്‍ നിന്ന് മൂന്ന് ക്യാബിനറ്റ് പദവിക്കാരടക്കം 27 പേരും പുനഃസംഘടനയില്‍ മന്ത്രസഭയിലെത്തി. പുനഃസംഘടനയില്‍ മലയാളിയായ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറും ഉള്‍പ്പെട്ടതോടെ മന്ത്രിസഭയിലെ മലയാളികളുടെ എണ്ണം രണ്ടായി ഉയര്‍ന്നു. ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനും ശക്തവും സമ്പന്നവുമായ ഇന്ത്യ കെട്ടിപ്പടുക്കാനുമാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക എന്നാണ് പനഃസംഘടനക്കു ശേഷം നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി മോദി അവകാശപ്പെട്ടത്. പെട്രോള്‍ വില വര്‍ധന, പിന്നാക്ക വിഭാഗങ്ങള്‍ നേരിടുന്ന അരക്ഷിതാവസ്ഥ തുടങ്ങി രാജ്യം നേരിടുന്ന മുഖ്യ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് ജനങ്ങള്‍ സര്‍ക്കാറില്‍ നിന്നാഗ്രഹിക്കുന്നത്. അത് നിറവേറ്റണമെങ്കില്‍ നയനിലപാടുകളില്‍ സമൂലമായ മാറ്റം വരുത്തേണ്ടതുണ്ട് മോദി. അതിനദ്ദേഹം തയ്യാറാകുമോ?

Latest