Malappuram
മലപ്പുറം ഇനിയും പിരിവെടുക്കണോ?; 'പ്രാണവായു'വിനെതിരെ പ്രതിഷേധം

മലപ്പുറം | ജനകീയ സഹകരണത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പ്രാണവായു പദ്ധതിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം.
ആശുപത്രികളില്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കാതെ ജനങ്ങളില്‍ നിന്ന് ഫണ്ട് പിരിക്കാനുള്ള തീരുമാനത്തിനെതിരെയാണ് സാമൂഹിക മാധ്യമങ്ങളില്‍ ആളുകള്‍ രംഗത്തെത്തിയത്.
ആതുരസേവന രംഗത്ത് ഏറെ പിറകിലാണ്. ഇക്കാര്യത്തില്‍ കാര്യമായ നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. മഞ്ചേരി മെഡിക്കല്‍ കോളജ്, നിലമ്പൂര്‍, തിരൂര്‍, പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവയുടെ വികസനം ഇനിയും പൂര്‍ത്തിയായിട്ടില്ല. സമഗ്രമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാതെ ജനങ്ങളുടെ പണം പിരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണം.
തിങ്കളാഴ്ചയാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. ജനങ്ങള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനും നിലവിലുള്ള കൊവിഡ് അതിജീവിക്കുന്നതിനും ഭാവിയില്‍ ഇത്തരം രോഗങ്ങളുണ്ടാകുമ്പോള്‍ ആവശ്യമായ പ്രതിരോധ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുന്നതിനുമാണ് “പ്രാണവായു” പദ്ധതി ലക്ഷ്യമിടുന്നത്.
ആദ്യഘട്ടത്തില്‍ 20 കോടി രൂപ വില വരുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ ആശുപത്രികളില്‍ ലഭ്യമാക്കും.
പൊതുജനങ്ങള്‍, സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍, വിവിധ ട്രേഡ് യൂനിയനുകള്‍, സന്നദ്ധ സംഘടനകള്‍, ചാരിറ്റി സംഘടനകള്‍, വിദേശ രാജ്യങ്ങളിലെ ചാരിറ്റി സംഘടനകള്‍ തുടങ്ങിയവരുടെ പങ്കാളിത്തം ഉറപ്പാക്കിയാണ് ഭരണകൂടം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.
പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും ടി വി ഇബ്‌റാഹിം എം എല്‍ എയും പ്രാണവായു പദ്ധതിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.
സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ചെയ്യേണ്ട കാര്യങ്ങള്‍ ജനങ്ങള്‍ ചെയ്യട്ടെ എന്ന രീതി ശരിയല്ലെന്നും മറ്റ് ജില്ലകളില്‍ മറിച്ചാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ജില്ലയില്‍ ആളുകള്‍ ഒന്നിച്ച് നിന്ന് പിരിവുകളിലൂടെയും മറ്റും പ്രശ്‌നത്തെ ഒറ്റക്കെട്ടായി നേരിടുന്നത് മലപ്പുറത്തിന്റെ പൊതുനന്മയാണ്.
എന്ന് കരുതി ഫണ്ട് പിരിവിലൂടെ ജനങ്ങളെ സര്‍ക്കാര്‍ ചൂക്ഷണം ചെയ്യുന്നത് ശരിയല്ലെന്ന് ടി വി ഇബ്‌റാഹീം എം എല്‍ എ പ്രതികരിച്ചു.