Connect with us

Kerala

സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങള്‍ പെരുകുന്നു; ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിക്കുന്നു: വി ഡി സതീശന്‍

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങള്‍ പെരുകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം. ലഹരി മരുന്നിന്റെ വ്യാപനം തടയണം. കുറ്റകൃത്യങ്ങള്‍ കുറക്കാന്‍ ഇത് സഹായകമാകുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

മരം മുറി കേസില്‍ പ്രധാന രേഖകള്‍ പുറത്തു വന്നതിനു പിന്നാലെ വിവരാവകാശ രേഖ നല്‍കിയ അണ്ടര്‍ സെക്രട്ടറിയെ നിര്‍ബന്ധിത അവധിയെടുപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റേത് സ്റ്റാലിന്‍ ഭരണമോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. സെക്രട്ടറിയറ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിക്കുകയാണ്. നരേന്ദ്രമോദിയുടെ വഴിയേ സംസ്ഥാനഭരണവും പോകുകയാണെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

കൊവിഡ് മരണ നിരക്ക് സംബന്ധിച്ച് വ്യക്തമായ ഉത്തരം സര്‍ക്കാര്‍ നല്‍കുന്നില്ല. ഐസിഎംആര്‍ മാനദണ്ഡമനുസരിച്ച് കൊവിഡ് മരണ നിരക്ക് പുന:പരിശോധിക്കണം. ഒന്നാം തരംഗത്തിലേയും രണ്ടാം തരംഗത്തിലേയും മരണത്തിന്റെ കണക്കുകള്‍ പ്രസിദ്ധീകരിക്കണം. സംസ്ഥാന വിദഗ്ധ സമിതി നടത്തിയ പ്രവര്‍ത്തനം പരിശോധിക്കണം.

മുവാറ്റുപുഴ പോക്‌സോ കേസിലെ മാത്യു കുഴല്‍ നാടന്റെ ഇടപെടല്‍ സംബന്ധിച്ച് ആക്ഷേപം ഉന്നയിക്കുന്ന ഡി വൈ എഫ് ഐക്കാര്‍ ആദ്യം വണ്ടി പെരിയാറില്‍ പോകണം. പിന്നീട് വടകരയില്‍ പോകണം.നിയമസഭ കയ്യാങ്കളി കേസില്‍ സി പി എമ്മിന്റേത് ദുര്‍ബല വാദമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

Latest