Connect with us

Kerala

അപ്രതീക്ഷിത അതിഥിയായി മലമുഴക്കി വേഴാമ്പല്‍ വീട്ട്മുറ്റത്ത്

Published

|

Last Updated

പത്തനംതിട്ട  | മഴക്കാടുകളില്‍ മാത്രം കാണപ്പെടുന്ന മലമുഴക്കി വേഴാമ്പല്‍ വീട്ടുമുറ്റത്ത് എത്തിയത് കൗതുകക്കാഴ്ചയായി. കോന്നി വെള്ളാപാറയിലെ പൗര്‍ണമി വീട്ടിലാണ് അപ്രതീക്ഷിത അതിഥിയെത്തിയത്.

പൊതുവെ താഴ്ന്ന് പറക്കാത്ത പക്ഷിയാണിത്. വീട്ട് മുറ്റത്ത് പതിവില്ലാതെ അതിഥിയായി എത്തിയ കേരളത്തിന്റെ സംസ്ഥാന പക്ഷി വിശ്രമിക്കാനായി തിരഞ്ഞെടുത്തത് മുറ്റത്തെ മരച്ചില്ലകളല്ല, പക്ഷി സ്‌നേഹിയായ വിനോദിന്റ ഭാര്യ ലക്ഷ്മിയുടെ സ്‌കൂട്ടറാണ്.ഏറെ നേരം മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറിന് മുകളില്‍ വിശ്രമിച്ചും, വിനോദിന്റെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ നിവേദ്യയ്ക്ക് ഒരു ഫോട്ടോ എടുക്കാനവസരവും നല്‍കിയാണ് വേഴാമ്പല്‍ മടങ്ങിയത്.

കേരളത്തിന്റെയും അരുണാചല്‍ പ്രദേശിന്റെയും സംസ്ഥാന പക്ഷിയാണ് ഈ വേഴാമ്പല്‍.വംശനാശ ഭീഷണി നേരിടുന്ന വേഴാമ്പല്‍ കുടുംബത്തിലെ അംഗമാണ് മലമുഴക്കി വേഴാമ്പല്‍. കാക്ക വേഴാമ്പല്‍, കോഴി വേഴാമ്പല്‍ എന്നിവ കേരളത്തില്‍ കാണപ്പെടുന്ന വേഴാമ്പലിനങ്ങളാണ്.

മലകളില്‍ പ്രതിദ്ധ്വനിക്കുമാറുള്ള ശബ്ദവും ഹെലികോപ്റ്റര്‍ പറക്കുമ്പോഴുള്ള പോലെ ശക്തമായ ചിറകടിയൊച്ചയുമാണ് ഇവയ്ക്ക് മലമുഴക്കി എന്ന പേര് സമ്മാനിച്ചത്.

മലമുഴക്കി വേഴാമ്പലിനെ സാധാരണയായി ഇന്ത്യയിലെ മഴക്കാടുകളിലും മലായ് പെനിന്‍സുലയിലും സുമാത്ര, ഇന്തോനേഷ്യയിലുമാണ് കണ്ടുവരുന്നു. ആയുസ്സ് ഏകദേശം 50 വര്‍ഷമാണ്. നെല്ലിയാമ്പതി, അതിരപ്പിള്ളി-വാഴച്ചാല്‍, ചെന്തുരുണി കാടുകളില്‍ മലമുഴക്കി വേഴാമ്പലിനെ കാണാറുണ്ട്.ചാഞ്ഞും ചരിഞ്ഞും ഉള്ള നോട്ടവും, കഴുത്തു നീട്ടിയും കുറുക്കിയുമുള്ള നോട്ടവും ആരേയും ആകര്‍ഷിക്കും.