Kerala
പാല്‍ ഉത്പന്നങ്ങളും സ്‌കൂള്‍ കുട്ടികളുടെ കിറ്റിലേക്ക്: മന്ത്രി ജെ ചിഞ്ചു റാണി

പത്തനംതിട്ട | സംസ്ഥാനത്ത് പാല്‍ ഉത്പന്നങ്ങള്‍ അധികമായി വന്നാല്‍ അവ സ്‌കൂള്‍ കുട്ടികളുടെയും മറ്റും കിറ്റില്‍ ഉള്‍പ്പെടുത്താനുള്ള പദ്ധതി ആവിഷ്‌ക്കരിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. പത്തനംതിട്ട ജില്ലയിലെ പരിയാരം ക്ഷീരോത്പാദക സഹകരണ സംഘം ഹൈജീനിക് മില്‍ക്ക് കലക്ഷന്‍ റൂമിന്റെയും ഓഫീസ് കെട്ടിടത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാറിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ ക്ഷീരമേഖല സ്വയംപര്യാപ്തതയില്‍ എത്തിയതായും മന്ത്രി അവകാശപ്പെട്ടു.
പാലിനും പാല്‍ ഉത്പന്നങ്ങള്‍ക്കുമായി ഇതര സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്ന നാം ഇപ്പോള്‍ പുരോഗതിയിലെത്തി. നാട്ടില്‍ വരുന്ന നിരവധി പ്രവാസികള്‍ ക്ഷീരമേഖലയിലേക്കു കടന്നുവന്നു. സബ്സിഡി നിരക്കില്‍ പുല്‍കൃഷിയും നമുക്ക് ആരംഭിക്കാം. സഹകരണ സംഘം പാല്‍ കൃത്യമായി അളന്നു നല്‍കണം. കേരളത്തില്‍ ക്ഷീരമേഖല ശക്തിപ്രാപിച്ചു വരികയാണെന്നും അധികം വരുന്ന പാല്‍ പാല്‍പ്പൊടിയാക്കാനുള്ള സംരംഭം സംസ്ഥാനത്ത് ഒരു വര്‍ഷത്തിനുള്ളില്‍ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.