National
കേന്ദ്രവും ബിഹാര്‍ സര്‍ക്കാറും സമൂഹത്തിന്റെ കെട്ടുറപ്പ് തകര്‍ക്കുന്നു: ലാലു പ്രസാദ് യാദവ്

പാറ്റ്‌ന | ജയിലില്‍ നിന്ന് പുറത്തുവന്ന ശേഷം ആദ്യമായി രാഷ്ട്രീയ പൊതു പരിപാടിയില്‍ സംബന്ധിച്ച് രാഷ്ട്രീയ ജനതാദള്‍ നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. വെര്‍ച്വലായാണ് അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിലെയും നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന സംസ്ഥാനത്തെയും സര്‍ക്കാറുകളുടെ നയങ്ങളെ ലാലു രൂക്ഷമായി വിമര്‍ശിച്ചു. മകന്‍ തേജസ്വി യാദവിന് കീഴില്‍ തന്റെ പാര്‍ട്ടിയെ ശോഭനമായ ഭാവി കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
1997ല്‍ താന്‍ സ്ഥാപിച്ച ആര്‍ ജെ ഡിയുടെ 25ാം വാര്‍ഷിക പരിപാടിയുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലാണ് ലാലു പ്രത്യക്ഷപ്പെട്ടത്. ഒ ബി സി ക്വാട്ടക്കും ദുര്‍ബല വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ക്കും വേണ്ടി താന്‍ നടത്തിയ പോരാട്ടങ്ങളെ അദ്ദേഹം അനുസ്മരിച്ചു. നിരവധി അസുഖങ്ങളുടെ അസ്വസ്ഥതകളില്‍ നിന്ന് പതുക്കെ മോചനം നേടി വരുന്നതിനിടെയാണ് ലാലു പൊതു പരിപാടിയില്‍ പങ്കെടുത്തത്. മകളും എം പിയുമായ മിസ ഭാരതിയുടെ വീട്ടിലാണ് നിലവില്‍ അദ്ദേഹം കഴിയുന്നത്.
ജി എസ് ടി, നോട്ട് നിരോധനം, കൊവിഡ് തുടങ്ങിയവയെല്ലാം സാമ്പത്തിക രംഗത്ത് പ്രതിസന്ധിയുണ്ടാക്കി. ഇതിനു പുറമെ, സമൂഹത്തിന്റെ കെട്ടുറപ്പിനെ പ്രതികൂലമായി ബാധിക്കുന്ന നടപടികള്‍ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകുന്നു. അയോധ്യക്കു ശേഷം ഇപ്പോള്‍ മധുരയെ കുറിച്ചാണ് ചിലര്‍ സംസാരിക്കുന്നതെന്ന് ബി ജെ പിയെയോ മോദിയെയോ പേരെടുത്ത് പരാമര്‍ശിക്കാതെ ആര്‍ ജെ ഡി നേതാവ് പറഞ്ഞു. നിതീഷ് കുമാര്‍ സര്‍ക്കാര്‍ സംസ്ഥാനത്തു വ്യാപക അഴിമതിയാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
കൊവിഡ് 19 പ്രതിസന്ധിയെ നിയന്ത്രിക്കുന്നതിന് ഉചിതമായ നപടികള്‍ സ്വീകരിക്കുന്നതില്‍ നിതീഷിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പരാജയപ്പെട്ടു. പ്രതിദിനം നാല് കൊലപാതകങ്ങളെങ്കിലും സംസ്ഥാനത്ത് നടക്കുന്നു. തൊഴിലില്ലായ്മയെ തുടര്‍ന്ന് ലക്ഷക്കണക്കിനു പേര്‍ ഇതര സംസ്ഥാനങ്ങളിലേക്ക് തൊഴില്‍ തേടി പോകേണ്ട സ്ഥിതിയുണ്ടായി.