Connect with us

Kerala

സിറാജ് ഇരിങ്ങാലക്കുട ലേഖകൻ സലീം മൗലവി കൊവിഡ് ബാധിതനായി മരിച്ചു

Published

|

Last Updated

ഇരിങ്ങാലക്കുട | സിറാജ് ദിനപത്രം ഇരിങ്ങാലക്കുട ലേഖകൻ കടലായി തരുപീടികയിൽ സലീം മൗലവി (45) നിര്യാതനായി. കൊവിഡ് ബാധിച്ച് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

കടലായി അൻവാറുൽ ഇസ്‌ലാം മദ്‌റസ പ്രധാനാധ്യാപകനായും ചോക്കന, ചാമക്കാല, കടലായി എന്നിവിടങ്ങളിൽ മദ്‌റസാധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ പി ഡി പി സംസ്ഥാന കൗൺസിൽ അംഗമാണ്. 15 വർഷത്തോളമായി മാധ്യമ പ്രവർത്തന രംഗത്തുണ്ട്.

പി ഡി പി തൃശൂർ ജില്ലാ സെക്രട്ടറി, കടലായി ജുമുഅ മസ്ജിദ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ തൃശൂർ ജില്ലാ സെക്രട്ടറി, കേരള മഹല്ല് ജമാഅത്ത് യൂത്ത് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവൃത്തിച്ചിട്ടുണ്ട്. മികച്ച ക്ഷീര കർഷകനാണ്. സഊദിയിൽ 11 വർഷം ജോലി ചെയ്തിട്ടുണ്ട്.

ഇക്കഴിഞ്ഞ ജൂൺ 18 നാണ് സലീമിന്റെ മാതാവ് ബീവി മരിച്ചത്. പിതാവ്: പരേതനായ കുഞ്ഞുമോൻ. ഭാര്യ: റസിയ. മക്കൾ: മുഹമ്മദ് സഫ്‌വാൻ, ശിഫാനത്ത്. സഹോദരങ്ങൾ: കടലായി അശ്റഫ് മൗലവി, റംല, സുലേഖ.

Latest