Connect with us

Techno

വിവോ സ്മാര്‍ട്ട്‌ ഫോണില്‍ ഇനി ഇന്റഗ്രേറ്റഡ് ഫ്ളയിംഗ് കാമറ പ്രവര്‍ത്തിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ വിവോ അതിന്റെ സ്മാര്‍ട്ട് ഫോണ്‍ കാമറകള്‍ ഉപയോഗിച്ച് ധാരാളം പരീക്ഷണങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. സ്മാര്‍ട്ട് ഫോണില്‍ ഗിംബല്‍ സംവിധാനം ഉള്‍പ്പെടുത്തിയ ശേഷം, ഇന്റഗ്രേറ്റഡ് ഫ്ളയിംഗ് ക്യാമറയും പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയുമെന്ന വെളിപ്പെടുത്തലാണ് കമ്പനി നടത്തിയിരിക്കുന്നത്. കാമറയുടെ പ്രവര്‍ത്തനം ഡ്രോണിനു സമാനമായിരിക്കുമെന്നാണ് പറയുന്നത്. ഇതിന് സ്മാര്‍ട്ട് ഫോണില്‍ നിന്ന് വേര്‍പെട്ട് വായുവില്‍ പറന്ന് ആകാശ ചിത്രങ്ങള്‍ പകര്‍ത്താനും വീഡിയോകള്‍ ഷൂട്ട് ചെയ്യാനും കഴിയും. പറക്കുന്ന കാമറയുള്ള വിവോ ഫോണിന്റെ രേഖാചിത്രം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സ്മാര്‍ട്ട് ഫോണിന് പേറ്റന്റ് ലഭിക്കുന്നതിനുവേണ്ടി 2020 ഡിസംബറില്‍ വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓഫീസില്‍ വിവോ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഫ്ളയിംഗ് കാമറയുള്ള വിവോ ഫോണിന്റെ രേഖാചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത് ഡച്ച് പ്രസിദ്ധീകരണമായ ലെറ്റ്സ് ഗോ ഡിജിറ്റലിലാണ്.

ഫോണിന്റെ അരികില്‍ ഒരു പുള്‍- ഔട്ട് കമ്പാര്‍ട്ട്‌മെന്റ് ഉളളതായാണ് സ്‌കെച്ചില്‍ കാണിക്കുന്നത്. കാമറ കമ്പാര്‍ട്ട്‌മെന്റില്‍ വായുവില്‍ പറക്കാനായി നാല് പ്രൊപ്പല്ലറുകള്‍ ഉണ്ട്. ഇതിനൊപ്പം ഒരു ബില്‍റ്റ്-ഇന്‍ ബാറ്ററി കമ്പാര്‍ട്ട്‌മെന്റും വായുവില്‍ പറക്കുമ്പോള്‍ കൂട്ടിയിടി ഒഴിവാക്കാന്‍ ഇന്‍ഫ്രാറെഡ് സെന്‍സറുകള്‍ക്കൊപ്പം രണ്ട് കാമറകളുമുണ്ട്. ആദ്യ കാമറ ഫ്രണ്ട് ഏരിയല്‍ വ്യൂ എടുക്കുന്നതിനും മറ്റൊന്ന് ചുവടെയുള്ള ഫൂട്ടേജ് പകര്‍ത്താനുമാണ് സ്ഥാപിച്ചിരിക്കുന്നത്. കാമറ കമ്പാര്‍ട്ട്മെന്റ് സ്മാര്‍ട്ട് ഫോണില്‍ നിന്ന് പൂര്‍ണമായും പുറത്തെടുക്കാന്‍ കഴിയുമെന്ന് പേറ്റന്റില്‍ വ്യക്തമാക്കുന്നു. സ്മാര്‍ട്ട് ഫോണില്‍ രണ്ടിലധികം കാമറകള്‍ ഉണ്ടായിരിക്കും. മൂന്നാമത്തെയും നാലാമത്തെയും കാമറകള്‍ ചുറ്റുപാടുമുള്ള ചിത്രങ്ങള്‍ ഒപ്പിയെടുക്കാന്‍ പ്രാപ്തമാണ്.

സ്മാര്‍ട്ട് ഫോണില്‍ സ്ഥാപിക്കുന്നതിനാന്‍ ഫ്ളയിംഗ് കാമറ വളരെ ചെറുതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, കമ്പനി ഇത്തരത്തിലുള്ള ഫോണ്‍ വിപണിയിലെത്തിക്കുമെന്ന് ഉറപ്പില്ല എന്നും സൂചനയുണ്ട്. സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ ധാരാളം പേറ്റന്റുകള്‍ ഫയല്‍ ചെയ്യുന്നുണ്ടെങ്കിലും അവയില്‍ വളരെ കുറച്ച് മാത്രമേ വിപണിയില്‍ ഇറങ്ങുന്നുള്ളൂ.

വിവോ നേരത്തെ ഗിംബല്‍ കാമറയുള്ള എക്സ് 50 പ്രോ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കിയിരുന്നു. വിവോയുടെ എക്സ് 50 പ്രോയില്‍ 48 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍, 8 മെഗാപിക്സല്‍ അള്‍ട്രാ-വൈഡ് ലെന്‍സ്, 8 മെഗാപിക്സല്‍ ടെലിഫോട്ടോ ലെന്‍സ്, 13 മെഗാപിക്സല്‍ ഡെപ്ത് സെന്‍സര്‍, മുന്‍വശത്ത് സെല്‍ഫിക്കായി 32 മെഗാപിക്സല്‍ കാമറ, 6.56 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, ഉയര്‍ന്ന റിഫ്രഷ് റേറ്റ് 90 ഹെര്‍ട്സ് എന്നിവയുണ്ട്. സ്നാപ്ഡ്രാഗണ്‍ 765 ജി 5 ജി പ്രൊസസര്‍, 8 ജിബി റാം, 256 ജിബി എന്നിവയാണ് ഫോണിന്റെ കരുത്ത്. ഇന്ത്യയില്‍ ഈ സ്മാര്‍ട്ട് ഫോണിന്റെ വില 49,990 രൂപയാണ്.

Latest