Kerala
ബാലികാസദനത്തിൽ നിന്ന് ഒളിച്ചോടിയ നാല് പെൺകുട്ടികളെ വാൻ ഡ്രൈവർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു

പത്തനംതിട്ട | മാന്നാറിലെ ബാലികാസദനത്തിൽ നിന്ന് ഒളിച്ചോടിയ നാല് പെൺകുട്ടികളെ സമയോചിതമായ നീക്കത്തിലൂടെ പിക്കപ്പ് വാൻ ഡ്രൈവർ പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ശനിയാഴ്ച പുലർച്ചെ 12 മണിയോടെയാണ് 16, 17 വയസ്സ് വീതമുള്ള നാല് പെൺകുട്ടികൾ ബാലികാസദനത്തിലെ മതിൽ ചാടി രക്ഷപ്പെട്ടത്.
മാന്നാർ ടൗണിൽ എത്തിയ കുട്ടികൾ ഇതു വഴി വന്നപിക്കപ്പ് വാൻ ഇന്ന് കൈകാണിച്ചു. എവിടെ പോകണം എന്ന് ചോദിച്ച ഡ്രൈവറോട് കുട്ടികളിൽ ഒരാൾ കുമ്പഴയിൽ എന്നാണ് മറുപടി നൽകിയത്. അമ്പലപ്പുഴ, കുമ്പഴ, നൂറനാട്, ഹരിപ്പാട് എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളാണ് രക്ഷപ്പെട്ടത്. തന്ത്രപൂർവം വാൻ ഡ്രൈവർ കുട്ടികളെ വാഹനത്തിൽ കയറ്റി നേരെ പത്തനംതിട്ടയിൽ എത്തി. കുമ്പഴയിലേക്ക് പോകുന്നതിനു പകരം നേരെ പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
ബാലികാസദനത്തിൽ കഴിയാൻ ഇഷ്ടമില്ലാത്തതു കൊണ്ടാണ് ഒളിച്ചോടിയത് എന്ന് കുട്ടികൾ പറഞ്ഞു. സ്റ്റേഷനിലെ വനിതാ പോലീസുകാർ കുട്ടികൾക്ക് കൗൺസിലിംഗ് നൽകി. കുട്ടികളെ കാണാതായത് സംബന്ധിച്ച് മാന്നാർ പോലീസ് കേസെടുത്തിട്ടുണ്ട്. അവിടെ നിന്ന് വനിതാ പോലീസ് അടക്കം എത്തി കുട്ടികളെ ഏറ്റെടുത്തു. കുട്ടികളെ കൗൺസിലിംഗിന് വിധേയമാക്കിയ ശേഷം ഒളിച്ചോടാൻ ഉണ്ടായ കാരണം കണ്ടെത്തും.