Ongoing News
സൈബര്‍ കുറ്റകൃത്യം; ഇരകളാക്കപ്പെടുന്നവര്‍ ഇന്റര്‍നെറ്റിനെ കുറിച്ച് വേണ്ടത്ര അറിവില്ലാത്തവര്‍

കോഴിക്കോട് | കൊല്ലം കല്ലുവാതുക്കലില്‍ രണ്ടു യുവതികളുടേയും ഒരു ചോരക്കുഞ്ഞിന്റെയും ജിവനെടുത്ത സംഭവത്തിനു പിന്നിലെ ദുരൂഹത നീങ്ങുമ്പോള്‍ തെളിയുന്നത് സൈബര്‍ കുറ്റകൃത്യത്തിന്റെ മറ്റൊരു തലം. കല്ലുവാതുക്കലില്‍ ചോരക്കുഞ്ഞിനെ കൊലപ്പെടുത്തിയ മാതാവ് രേഷ്മയോട് “കാമുകന്‍” എന്ന ഭാവേന വ്യാജ ഐ ഡിയില്‍നിന്ന് ചാറ്റ് ചെയ്തിരുന്നത് ജീവനൊടുക്കിയ ആര്യയും ഗ്രീഷ്മയുമായിരുന്നു എന്ന്് അന്വേഷണത്തില്‍ കണ്ടെത്തിയതോടെ തമാശക്കായി ചെയ്തുകൂട്ടുന്ന കുറ്റകൃത്യത്തിന്റെ ആഴമാണു വെളിപ്പെടുന്നത്.
പഠനങ്ങള്‍ കാണിക്കുന്നത് ഇന്ത്യയിലെ വലിയൊരു വിഭാഗം ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കും ഇന്റര്‍നെറ്റിനെപ്പറ്റി വേണ്ടത്ര അറിവ് ഇല്ല എന്നാണ്. അതിനാല്‍ അത്തരക്കാര്‍ എളുപ്പത്തില്‍ കുറ്റവാളികളുടെ കെണിയില്‍ അകപ്പെടുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൈബര്‍ കുറ്റകൃത്യങ്ങളെപ്പറ്റി അറിവ് പകരേണ്ടതിലേക്കാണ് കല്ലുവാതുക്കല്‍ സംഭവം വിരല്‍ ചൂണ്ടുന്നത്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നിയമങ്ങള്‍ കൊണ്ടുവരുന്നതോടൊപ്പം സൈബര്‍ സംസ്‌കാരത്തെക്കുറിച്ചും കുറ്റകൃത്യങ്ങളെക്കുറിച്ചും ആളുകളെ ബോധവാന്മാരാക്കേണ്ടതുണ്ട്.
സൈബര്‍ സാങ്കേതിക വിദ്യ ജീവിതത്തില്‍ പ്രധാന പങ്ക് വഹിക്കാന്‍ തുടങ്ങിയതോടെ സൈബര്‍ ഇടങ്ങളിലെ ഭീഷണികള്‍ക്ക് കൂടുതല്‍ ഇരകളാവുന്നത് സ്ത്രീകളാണ്. ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ ഉപയോഗിച്ച് ഒരു സ്ത്രീയെ മറ്റൊരാള്‍ ഭീഷണിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ അപനിക്കുകയോ ചെയുന്നത് കുറ്റകൃത്യമാണ്.
തല്‍ക്ഷണ സന്ദേശമയയ്ക്കല്‍ പ്ലാറ്റ്ഫോമുകള്‍, വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍, ഇന്ററാക്ടീവ് ഗെയിമിംഗ് വെബ്സൈറ്റുകള്‍, കൂടാതെ ഇ-മെയില്‍ പോലുള്ള നിരവധി മാര്‍ഗങ്ങളില്‍ ഭീഷണിപ്പെടുത്തല്‍ പോലുള്ള കുറ്റകൃത്യങ്ങള്‍ നടക്കുന്നു. സൈബര്‍ സങ്കേതങ്ങളില്‍ പുതുതായി എത്തിച്ചേരുന്ന വീട്ടമ്മമാരാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാവുന്നത്.
സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഇരകളാക്കപ്പെടുന്നവര്‍ക്ക് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സമൂഹത്തിന്റെയും പിന്തുണ കൂടിയേ തീരൂ. പരാതിപ്പെടുന്നതും അന്വേഷണം നടത്തി നിയമപരമായി ശിക്ഷിക്കപ്പെടുന്നതും ഇത്തരം സാമൂഹികവിപത്തുകള്‍ തടയുവാന്‍ ഒരു പരിധിവരെയെങ്കിലും സഹായിച്ചേക്കാം. ഇരയാകുന്ന സ്ത്രീ ആദ്യം ഒരു നിയമ സഹായ സെല്ലുമായി ബന്ധപ്പെടണം. തുടര്‍നടപടികളില്‍ ഇത് വളരെയധികം സഹായകരമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ആരും ഇരകളാക്കപ്പെട്ടേക്കാം
ഡിജിറ്റല്‍ സാങ്കേതികവിദ്യ ജീവിതം അനായാസകരമാക്കുന്നതിനോടൊപ്പം കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിനും കാരണമാകുന്നു. ഭൂരിഭാഗം സൈബര്‍ കുറ്റകൃത്യങ്ങളിലും ഇരകളാവുന്നത് സ്ത്രീകളും കുട്ടികളുമാണ്.
കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിച്ചുള്ള നിയമവിരുദ്ധമായ ഏതൊരു പ്രവൃത്തിയും സൈബര്‍ കുറ്റകൃത്യമാണ്. ദ്രോഹിക്കണമെന്ന ഉദ്ദേശ്യത്തോടെ മാനഹാനി വരുത്തുന്നതിനോ മാനസികമായി പീഡിപ്പിക്കുന്നതിനോ നേരിട്ടോ അല്ലാതെയോ കമ്പ്യൂട്ടര്‍, മൊബൈല്‍ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവ ഉപയോഗിച്ച് നടത്തുന്ന കുറ്റകൃത്യങ്ങള്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരും. സ്ത്രീകള്‍, പെണ്‍കുട്ടികള്‍ തുടങ്ങി കമ്പ്യൂട്ടറും ഇന്റര്‍നെറ്റും യഥാവിധം ഉപയോഗിക്കാനറിയാത്തതും ഇന്റര്‍നെറ്റിലെ ചതികുഴികളെക്കുറിച്ചു അറിവില്ലാത്തവരുമായ ആരും ഇരകളാക്കപ്പെട്ടേക്കാം. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കുറ്റവാളികളെ ശിക്ഷിക്കുന്നതിനുമായി 2000 ഒക്ടോബര്‍ 17നു നിലവില്‍ വന്ന ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് 2000 പ്രകാരം കേരളത്തില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്.
ബൈബര്‍ ലൈംഗിക പീഡനം
ഇന്റര്‍നെറ്റ് വഴി ഒരു വ്യക്തിയെ നിരന്തരം ശല്യപെടുത്തുകയും ലൈംഗികാവശ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നത് സൈബര്‍ പീഡനമായി കണക്കാക്കുന്നു. 2013 ലെ ക്രിമിനല്‍ നിയമ ദേദഗതി പ്രകാരം ലൈംഗികപീഡനം എന്നാല്‍ കേവലം ശാരീരികമായുള്ള ലൈംഗികപീഡനം മാത്രമല്ല, ലൈംഗികത ആവശ്യപ്പെടുന്നതും അപേക്ഷിക്കുന്നതും ലൈംഗിക ചുവയോടുകൂടിയുള്ള സംസാരങ്ങളും പെരുമാറ്റങ്ങളും നിര്‍ബന്ധപൂര്‍വം അശ്ലീലചിത്രങ്ങള്‍ കാണിക്കുന്നത്, വാക്കാലുള്ളതോ അല്ലാത്തതോ ആയതും ശാരീരികമായതുമായ ലൈംഗിക കടന്നുകയറ്റങ്ങള്‍ എന്നിവയെല്ലാം ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് 2000 സെക്ഷന്‍ 67 ,67 എന്നിവ പ്രകാരം സൈബര്‍ പീഡനമാണ്.
പിന്തുടരുന്ന കുറ്റവാളി
ഒരു വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ ഭയപ്പെടുത്തുന്നതിനോ പ്രണയമാവശ്യപ്പെട്ടോ ലൈംഗികമായി ഉപയോഗിക്കുന്നതിനോ പക വീട്ടാനോ വേണ്ടി ഫോണിലോ ഇമെയില്‍ വഴിയോ നിരന്തരം സന്ദേശങ്ങളയച്ചു പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നതാണ് സൈബര്‍ പിന്തുടരല്‍. സ്ത്രീകളും കുട്ടികളുമാണ് പ്രധാനമായും ഇരകളാക്കപ്പെടുന്നത്. ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള സൈബര്‍ കുറ്റകൃത്യമാണിത്.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് 2000 സെക്ഷന്‍ 72 പ്രകാരം സ്വകാര്യതയുടെ ലംഘനത്തിന് സൈബര്‍ പിന്തുടരല്‍ നടത്തുന്ന കുറ്റവാളികളെ ശിക്ഷിക്കാം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 441 പ്രകാരം കുറ്റകരമായ കടന്നുകയറ്റത്തിനും സെക്ഷന്‍ 509 പ്രകാരം സ്ത്രീകളെ ബലാല്‍ക്കാരം ചെയ്യുന്നതിനും ഇത്തരക്കാരെ ശിക്ഷിക്കാവുന്നതാണ്.
അശ്ലീലപ്രദര്‍ശനം
ഇന്റര്‍നെറ്റ് വഴിയുള്ള അശ്ലീലചിത്രങ്ങളുടെ പ്രദര്‍ശനവും കുറ്റകൃത്യമാണ്. ഫേസ്ബുക്ക് വാട്സാപ്പ് തുടങ്ങിയവ ഉപയോഗിക്കുന്ന സ്ത്രീകളും കുട്ടികളുമാണ് കൂടുതലായും ഇതില്‍ ഇരകളാക്കപ്പെടുന്നത്. അവരറിയാതെ തന്നെ അവരുടെ ഫോട്ടോയും മറ്റും അശ്ലീല വെബ്സൈറ്റുകളില്‍ പ്രചരിപ്പിന്നതും പ്രണയബന്ധങ്ങളില്‍ പ്രണയികള്‍ കൈമാറുന്ന സ്വകാര്യചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുന്നതും ഈ കുറ്റത്തിന്റെ പരിധിയില്‍ വരുന്നതാണ്.
സൈബര്‍ അശ്ലീലസാഹിത്യം ഐടി നിയമത്തിന്റെ പരിധിയില്‍ വരുന്ന ഒരു കേസായി കണക്കാക്കപ്പെടുന്നു. ഐടി ആക്റ്റ് 2000 ലെ സെക്ഷന്‍ 67 പ്രകാരവും ഐപിസിയുടെ വിവിധ വകുപ്പുകള്‍ പ്രകാരവും കുറ്റവാളികളെ ശിക്ഷിക്കാവുന്നതാണ്.
കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിച്ച് സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നതും സൈബര്‍ മാനഹാനി എന്ന കുറ്റകൃത്യമാണ്. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ രൂപമാറ്റം വരുത്തി അവരെ മോശക്കാരായി ചിത്രീകരിക്കാനോ ഭീഷണിപ്പെടുത്താനോ ഉപയോഗിക്കുന്ന മോര്‍ഫിങ്ങും കുറ്റമാണ്്. ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുത്താണ് കൂടുതലും മോര്‍ഫിങ് നടത്തുന്നത്. ഇത്തരം കുറ്റകൃത്യങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് 2000 , സെക്ഷന്‍ 43 ,66 എന്നിവ പ്രകാരം ശിക്ഷാര്‍ഹമാണ്.
സൈബര്‍ കുറ്റവാളികള്‍ക്ക് വ്യാജ ഐഡന്റിറ്റികള്‍ സൃഷ്ടിക്കുന്നതിനും തുടര്‍ന്ന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനുമുള്ള അവസരങ്ങള്‍ ഉള്ളതിനാല്‍ ഇത്തരം കേസുകള്‍ അനേഷിക്കുന്നത് കൂടുതല്‍ വെല്ലുവിളിയാകുന്നു. ഇമെയില്‍ വിലാസം തട്ടിയെടുത്തു അതുപയോഗിച്ചു പണവും മറ്റും തട്ടിയെടുക്കുന്ന കുറ്റകൃത്യമാണിത്.
പരാതി പറയാന്‍ ലജ്ജ
സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിന് പിന്നില്‍ സാമൂഹികമായ ചില കാരണങ്ങളുണ്ടെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇരയുടെ മടിയും ലജ്ജയും കാരണം മിക്ക സൈബര്‍ കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ തുടരുന്നു. കുടുംബത്തിന്റെ പേരിനെ അപകീര്‍ത്തിപ്പെടുത്തുമെന്ന സ്ത്രീകളുടെ ഭയമാണതില്‍ പ്രധാനപ്പെട്ടത്. കുറ്റവാളിയുടെ ഐഡന്റിറ്റി അജ്ഞാതമായി തുടരുന്നതിനാല്‍ അയാള്‍ നിരന്തരം ഭീഷണിപ്പെടുത്തിയേക്കാം. വ്യത്യസ്ത പേരുകളും ഐഡന്റിറ്റികളും ഉപയോഗിച്ച് ഇരയെ ബ്ലാക്ക് മെയില്‍ ചെയ്തേക്കാം. ഇതവരുടെ കുടുംബ ജീവിതം ദുഷ്‌കരമാക്കാം. അതിനാല്‍ ഇത്തരം കുറ്റങ്ങള്‍ മറച്ചുവെക്കപ്പെടുന്നതിനു ഇടയാക്കുകയും അതിനാല്‍ത്തന്നെ കുറ്റവാളികള്‍ നിര്‍ഭയം കുറ്റകൃത്യങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുക്കുന്നതിനു ഇടയാക്കുകയും ചെയ്യുന്നു.