Kerala
കോഴിക്കോട്ട് നാലിടത്ത് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പിടികൂടി; ഇന്റലിജന്‍സ് അന്വേഷണം

കോഴിക്കോട് | ജില്ലയില്‍ നാലിടത്ത് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ പിടികൂടി. കോഴിക്കോട് നഗരം, വെള്ളിപറമ്പ്, എലത്തൂര്‍, കൊളത്തറ എന്നീ സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൊളത്തറ സ്വദേശി ജുറൈസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്റര്‍നെറ്റ് ഉപയോഗിച്ച് കോള്‍ റൂട്ട് ചെയ്ത് ചെറിയ വാടകയ്ക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കി വന്‍ ലാഭമുണ്ടാക്കുന്ന സംവിധാനമാണ് സമാന്തര എക്‌സ്‌ചേഞ്ചുകള്‍. വിവിധ സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ക്ക് ലഭിക്കേണ്ട വാടക തുക ഇതുവഴി നഷ്ടമാകും.
ഇതുവഴി സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കുണ്ടായ യഥാര്‍ത്ഥ നഷ്ടം കണക്കാക്കുന്നതേ ഉള്ളൂ. ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.
വിദേശ കമ്പനികള്‍ക്കുവേണ്ടി ജോലി ചെയ്യുന്ന കാള്‍ സെന്ററുകളും മറ്റും രാജ്യാന്തര കാളുകള്‍ ലോക്കല്‍ കാളുകളാക്കി കൈമാറ്റുന്നതിന് സമാന്തര എക്‌സ്‌ചേഞ്ചുകളുടെ സേവനം ഉപയോഗിക്കുന്നു എന്നാണു വിവരം. വിധ്വംസക പ്രവര്‍ത്തനത്തിന് ഇത്തരം സംവിധാനം ഉപയോഗിക്കുന്നുണ്ടോ എന്നും അന്വേഷിക്കുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് ബംഗളൂരുവില്‍ അനധികൃതമായി സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയിരുന്ന മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയിലായിരുന്നു. മലപ്പുറം സ്വദേശി ഇബ്രാഹിം പുല്ലാട്ടില്‍ (36), തിരുപ്പൂര്‍ സ്വദേശി വി ഗൗതം (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത ഇവരില്‍ നിന്ന് നിരവധി ഉപകരണങ്ങളം സിമ്മുകളും പിടിച്ചെടുത്തിരുന്നു. വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രൊട്ടോക്കോള്‍ (വി.ഒ.ഐ.പി) ഉപയോഗിച്ചാണ് ഇവര്‍ കോളുകള്‍ പരിവര്‍ത്തിപ്പിക്കുന്നത്. ഇതിലൂടെ ടെലികോം കമ്പനികള്‍ക്ക് ലഭിക്കേണ്ട പ്രതിഫലവും സര്‍ക്കാരിന് ലഭിക്കേണ്ട നികുതിയും നഷ്ടമാകും.
മാര്‍ച്ചില്‍ ബംഗളൂരുവില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയിരുന്ന കോഴിക്കേട് സ്വദേശി അഷ്‌റഫിനെ (33) ബംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പിടികൂടിയിരുന്നു. അഷ്‌റഫില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണത്തിനൊടുവിലാണ് മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി പിടിയിലായത്.
ഐ പി സി 420 വകുപ്പ് പ്രകാരവും ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട് ആക്ട്, ഇന്ത്യന്‍ വയര്‍ലെസ് ടെലിഗ്രാഫി ആക്ട് 1933 എന്നീ നിയമങ്ങള്‍ പ്രകാരവും ഗുരുതരമായ കുറ്റമാണിത്.