Kerala
മത പരിവര്‍ത്തനത്തിലൂടെ ഒരു മതവും നേട്ടമുണ്ടാക്കുന്നില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്

കോഴിക്കോട് | വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്യൂ റിസര്‍ച്ച് സെന്റര്‍ ഇന്ത്യയില്‍ വിവിത മതങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ട് ശ്രദ്ധേയമാവുന്നു. ഇന്ത്യയിലെ ഏതെങ്കിലും മതവിഭാഗം മതപരിവര്‍ത്തനത്തിലൂടെ വലിയ നേട്ടമുണ്ടാക്കുന്നില്ലെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍. ഇവിടെ മതപരിവര്‍ത്തനം തീരെ കുറവാണ്. ഒരു വിഭാഗത്തില്‍ നിന്ന് നഷ്ടപ്പെടുന്ന അത്ര തന്നെ ആളുകള്‍ മറ്റു മതങ്ങളില്‍ നിന്ന് എത്തുന്നുണ്ടെന്നും ഈ കണക്കുകളില്‍ നേട്ടം ക്രിസ്ത്യന്‍ വിഭാഗത്തിനു മാത്രമാണെന്നുമാണ് സര്‍വേ ഫലത്തില്‍ വ്യക്തമാക്കുന്നത്.
സര്‍വേയില്‍ പങ്കെടുത്തവരോട് കുട്ടിക്കാലത്ത് തങ്ങള്‍ ഏതു മത വിശ്വാസത്തിലായിരുന്നുവെന്നും ഇപ്പോള്‍ ഏതു മതമാണ് പിന്തുടരുന്നതെന്നുമാണ് ചോദിച്ചത്. ജനനസമയത്തുള്ള മതത്തില്‍ തന്നെയാണ് ഇപ്പോഴും തങ്ങള്‍ തുടരുന്നതെന്നാണ് 98 ശതമാനം പേരും ഉത്തരം നല്‍കിയത്. ഇന്ത്യയിലെ ഏകദേശം എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി പ്രായപൂര്‍ത്തിയായ 29,999 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. കൊവിഡ് മഹാമാരി തുടങ്ങുന്നതിനു മുന്‍പ് 2009 അവസാനമാസങ്ങളിലും 2020 ആദ്യ മാസങ്ങളിലുമായിരുന്നു ആളുകളുടെ പ്രതികരണം രേഖപ്പെടുത്തിയത്.
സര്‍വേയില്‍ പങ്കെടുത്ത 97 ശതമാനവും പറഞ്ഞത് മതവിശ്വാസം തങ്ങള്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണെന്നാണ്. 80 ശതമാനം പേരും ദൈവവിശ്വാസികളാണെന്ന് ഉറപ്പിച്ച് പറഞ്ഞു. ബുദ്ധമത വിശ്വാസികളില്‍ മാത്രമാണ് മൂന്നിലൊന്നോളം നിരീശ്വര വിശ്വാസമുള്ളവരുള്ളത്. ദിവസവും പ്രാര്‍ഥിക്കാറുണ്ടെന്നും മറ്റു മതാചാരങ്ങളില്‍ പങ്കെടുക്കാറുണ്ടെന്നും ഭൂരിപക്ഷം പേരും സര്‍വേയില്‍ പ്രതികരിച്ചു.
വിവിധ സംസ്ഥാനങ്ങളില്‍ ഹിന്ദുമതത്തിലെ താഴ്ന്ന ജാതികളില്‍ പെട്ടവര്‍ മറ്റു മതങ്ങളിലേയ്ക്ക് മാറുന്നുണ്ട്. ഈ മാറ്റം മിക്കവാറും ക്രിസ്ത്യന്‍ വിഭാഗത്തിലേക്കാണ്. എന്നാല്‍ വിവിധ മതവിഭാഗങ്ങളിലെ ആളുകളുടെ എണ്ണത്തില്‍ ഇത് വലിയ ആഘാതമൊന്നും ഏല്‍പ്പിക്കുന്നില്ല. ചില സംസ്ഥാനങ്ങളില്‍ ഇത് തടയാന്‍ നിയമങ്ങളുണ്ട്. മതം മാറിയവരുടെയും മതത്തിലേയ്ക്ക് പുതുതായി എത്തിയവരുടെയും കണക്ക് പരിശോധിച്ചാല്‍ ഭൂരിപക്ഷം മതങ്ങള്‍ക്കും വലിയ നേട്ടമോ കോട്ടമോ ഇല്ല.
ആയിരത്തില്‍ ഏട്ട് പേര്‍ ഹിന്ദുമതം വിട്ടപ്പോള്‍ ഏഴു പേര്‍ പുതുതായി പുറത്തു നിന്നെത്തി. എന്നാല്‍ സര്‍വേയില്‍ പങ്കെടുത്ത 0.4 ശതമാനം പേര്‍ പറഞ്ഞത് പണ്ട് തങ്ങള്‍ ഹിന്ദുക്കളായിരുന്നുവെന്നും ഇപ്പോള്‍ ക്രിസ്ത്യാനികളാണെന്നുമാണ്. എന്നാല്‍ ഇതിന്റെ നാലിലൊരംശം പേര്‍ മാത്രമാണ് ക്രിസ്തുമതം ഉപേക്ഷിച്ചത്.
ഇസ്‌ലാമിലേക്ക് പുതുതായി ചേര്‍ന്നതായി 0.3 ശതമാനം പേര്‍ വ്യക്തമാക്കി. ഇത്ര തന്നെ ആളുകള്‍ മറ്റു മതങ്ങളിലേക്ക് പോവുകയും ചെയ്തു. സിഖ്, ബുദ്ധ മതങ്ങളുടെയും അവസ്ഥ സമാനമാണ്. അതേസമയം, ജൈനമതത്തിന് നേരിയ തോതില്‍ നഷ്ടമുണ്ടായിട്ടുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു.